...
Home News Kerala കേരളത്തിൽ 13 ജില്ലകളിലെ 49 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; ജനവിധി തേടുന്നത് 169 സ്ഥാനാര്‍ത്ഥികള്‍

കേരളത്തിൽ 13 ജില്ലകളിലെ 49 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; ജനവിധി തേടുന്നത് 169 സ്ഥാനാര്‍ത്ഥികള്‍

ഇപ്രാവശ്യം വോട്ടു ചെയ്യുന്നവരുടെ ഇടതുകൈയ്യിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മായാത്ത മഷി പുരട്ടുക

192

കേരളത്തിലെ 49 തദ്ദേശ വാര്‍ഡുകളിൽ ചൊവാഴ്‌ച (ജൂലൈ 30) ഉപതിരഞ്ഞെടുപ്പ്. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്‌ച രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്.

സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍ക്കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസക്കാലയളവിന് മുമ്പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ രേഖ എന്നിവ ഉപയോഗിക്കാം.

ഇപ്രാവശ്യം വോട്ടു ചെയ്യുന്നവരുടെ ഇടതുകൈയ്യിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മായാത്ത മഷി പുരട്ടുക. 2024 ഏപ്രിലില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌തിട്ടുള്ള വോട്ടര്‍മാരുടെ ചൂണ്ടുവിരലില്‍ പുരട്ടിയ മഷിയടയാളം പൂര്‍ണമായും മാഞ്ഞ് പോയിട്ടില്ലാത്തത് കൊണ്ടാണ് ഈ മാറ്റം.

വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, നാല് ബ്ലോക്ക് പഞ്ചായത്ത്, ആറ് മുനിസിപ്പാലിറ്റി, 38 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 169 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 76 പേര്‍ സ്ത്രീകളാണ്. വോട്ടെടുപ്പിന് 211 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. ബാലറ്റ് പേപ്പറുകള്‍ അച്ചടിച്ച് വരണാധികാരികള്‍ക്ക് കൈമാറി. വോട്ടിംഗ് മെഷീനുകളും സജ്ജമാക്കി കഴിഞ്ഞു. സംക്ഷിപ്‌ത പുതുക്കലിനെ തുടര്‍ന്ന് 2024 ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. 49 വാര്‍ഡുകളിലെ അന്തിമവോട്ടർ പട്ടികയിൽ 163639 വോട്ടര്‍മാരാണുള്ളത്. 77409 പുരുഷന്‍മാരും 86228 സ്ത്രീകളും രണ്ട് ട്രാൻസ്‌ജെന്‍ഡര്‍മാരും. വോട്ടര്‍പട്ടിക www.sec.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പോളിംഗ് സാധനങ്ങള്‍ തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് സെക്ടറല്‍ ഓഫീസര്‍മാർ അതാത് പോളിംഗ് സ്‌റ്റേഷനുകളിൽ എത്തിച്ചു. പോളിംഗ് ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തില്‍ ഹാജരായി അവ കൈപ്പറ്റണം. വോട്ടെടുപ്പ് ദിവസം രാവിലെ ആറ് മണിക്ക് മോക്ക് പോള്‍ നടത്തും.

ക്രമസമാധാന പാലനത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളില്‍ പ്രത്യേക പോലീസ് സുരക്ഷ ഏര്‍പ്പെടുത്തും. വോട്ടെണ്ണല്‍ ജൂലൈ 31ന് രാവിലെ 10ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. വോട്ടെണ്ണല്‍ ഫലം www.sec.kerala.gov.in സൈറ്റിലെ TREND ല്‍ ലഭ്യമാകും.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളുടെ പട്ടിക ജില്ലാ അടിസ്ഥാനത്തിൽ

തിരുവനന്തപുരം എട്ട് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം ജില്ല പഞ്ചായത്തിലെ ഒമ്പതാം വാർഡ് വെള്ളനാട്, ആറ്റിങ്ങൽ മുനിസിപ്പൽ കൗണ്‍സിൽ 22-ാം വാർഡ് ചെറുവള്ളിമുക്ക്, ആറ്റിങ്ങൽ മുനിസിപ്പൽ കൗണ്‍സിൽ 28-ാം വാർഡ് തോട്ടവാരം, പെരിങ്ങമല ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് കരിമൻകോട്, പെരിങ്ങമല ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് മടത്തറ, പെരിങ്ങമല ഗ്രാമപഞ്ചായത്ത് 18-ാം വാർഡ് കൊല്ലായിൽ, കരവാരം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് പട്ടള, കരവാരം ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് ചാത്തമ്പാറ

കൊല്ലം ജില്ലയിൽ‌ നാല് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തൊടിയൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് പുലിയൂര്‍‌ വഞ്ചിവെസ്റ്റ്, ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് കുമരംചിറ, കരുവാളൂർ ഗ്രാമപഞ്ചായത്ത് പത്താംവാർഡ് കരുവാളൂർ ടൗണ്‍. പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് കാഞ്ഞിരംപാറ.

പത്തനംതിട്ട ജില്ലയില്‍ രണ്ട് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ചിറ്റാർ ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡ് പന്നിയാർ, ഏഴാംകുളം ഗ്രാമപഞ്ചായത്ത് നാലാംവാര്‍ഡ് ഏഴംകുളം.

ആലപ്പുഴ ജില്ലയിൽ മൂന്ന് വാര്‍ഡുകളിലായാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാമങ്കരി ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് വേഴ പ്രപടിഞ്ഞാറ്, ചെറിയനാട് ഗ്രാമപഞ്ചായത്ത് നാലാം വാര്‍‌ഡ് അരിയന്നൂർശ്ശേരി, മാന്നാർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് കൂട്ടംപേരൂർ എ,

കോട്ടയം ജില്ലയിൽ മൂന്ന് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ചെമ്പ് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കാട്ടിക്കുന്ന, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് 20-ാം വാർഡ് പൂവൻതുരുത്ത്, വാകത്താനം ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് പൊങ്ങന്താനം.

ഇടുക്കി ജില്ലയിൽ നാല് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തൊടുപുഴ മുനിസിപ്പൽ കൗൺസിൽ 9-ാം വാര്‍ഡ് പെട്ടേനാട്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ആറാംവാർഡ് തോപ്രാംകുടി, ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് എട്ടാംവാര്‍ഡ് പാറത്തോട്, അറക്കുളം ഗ്രാമപഞ്ചായത്ത് ആറാംവാർഡ് ജലന്ധർ.

എറണാകുളം ജില്ലയിൽ മൂന്ന് വാർഡുകളിലാണ് ഉപതിര‍ഞ്ഞെടുപ്പ് നടക്കുന്നത്. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് എട്ടാംവാർഡ് തോപ്പ്, വാഴരക്കുളം ഗ്രാമപഞ്ചായത്ത് എട്ടാംവാർഡ് മുടിക്കല്‍, ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് കൊടികുത്തുമല.

തൃശൂർ ജില്ലയിൽ മൂന്ന് ജില്ലകളിലാണ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എഴാംവാർഡ് കൊമ്പത്തുകടവ്, മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് വണ്ടിപ്പറമ്പ്, പാവറട്ടി ഗ്രാമപഞ്ചായത്ത് ഒന്നാംവാർഡ് കാളാനി.

പാലക്കാട് അഞ്ച് വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ പാലത്തുള്ളി ഡിവിഷൻ, തച്ചമ്പാറ പഞ്ചായത്തിലെ അഞ്ചാംവാർഡ് മുണ്ടമ്പലം, പുതുനഗരം പഞ്ചായത്തിലെ രണ്ടാംവാർഡ് തെക്കത്തിവട്ടാരം, മങ്കര പഞ്ചായത്തിലെ നാലാംവാർഡ് കൂരത്ത്, ഷോളയൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് കോട്ടത്തറ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.

മലപ്പുറം നഗരസഭയിലെ പൊടിയാട് വാർഡ് 45, കൂട്ടിലങ്ങാടി വാർഡ് 17, മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ വെള്ളായിപ്പാടം വാർഡ് 2, വട്ടംകുളം ഗ്രാമപഞ്ചായത്തിലെ എടപ്പാൾ ചുങ്കം വാർഡ് 14 എന്നിവിടങ്ങളിൽ ആണ് ഉപതെരഞ്ഞെടുപ്പ്. നിലവിലെ അംഗങ്ങൾ മരിച്ചതിനെ തുടർന്നാണ് നാലിടത്തും ഉപ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് ഫലം എവിടെയും ഭരണമാറ്റം ഉണ്ടാക്കില്ല.

കോഴിക്കോട് ജില്ലയിൽ നാല് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. തൂണേരി ബ്ലോക്ക് പഞ്ചായത്ത് രണ്ടാം വാർഡ് പാറക്കടവ്, ഉള്ള്യോരി ഗ്രാമപ‍ഞ്ചായത്ത് മൂന്നാംവാർഡ് തെരുവത്ത് കടവ്, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് മങ്ങാട് ഈസ്റ്റ്, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മൂന്നാംവാര്‍ഡ് മാട്ടുമുറി.

കണ്ണൂർ ജില്ലയിൽ മൂന്ന് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തലശ്ശേരി മുനിസിപ്പൽ കൗണ്‍സിൽ 18-ാം വാർഡ് പെരിങ്കളം, കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് ഏഴാംവാർഡ് ആലക്കാട്, പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത് ഒന്നാംവാർഡ് മണ്ണേരി.

കാസർഗോ‍ഡ് ജില്ലകളിൽ മൂന്ന് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കാസർഗോഡ് മുനിസിപ്പൽ കൗൺസില്‍ 24-ാം വാര്‍ഡ് ഖാസിലേൻ, മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡ് കോട്ടക്കുന്ന്. മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് കല്ലങ്കൈ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.