...
Home News Kerala പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്ത വനിതാ ഡോക്ടർ അറസ്റ്റിൽ; പ്രണയത്തിന് കാമുകൻ്റെ ഭാര്യ തടസമായ വൈരാഗ്യം

പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്ത വനിതാ ഡോക്ടർ അറസ്റ്റിൽ; പ്രണയത്തിന് കാമുകൻ്റെ ഭാര്യ തടസമായ വൈരാഗ്യം

യുട്യൂബ് വിഡിയോകളും സിനിമകളും കണ്ടാണ് ഇവർ ആക്രമണത്തിന് പദ്ധതി തയാറാക്കിയത്

284

തിരുവനന്തപുരം: കൊറിയർ നൽകാനെന്ന വ്യാജേന മുഖം മറച്ചെത്തി വഞ്ചിയൂരിലെ നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ച് പരുക്കേൽപിച്ച കേസിലെ പ്രതി അറസ്റ്റിലായി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പൾമനോളജിസ്റ്റായ ഡോ. ദീപ്‌തി മോൾ ജോസ് (37)നെ ഇവർ ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്നാണ് ചൊവാഴ്‌ച പൊലീസ് പിടികൂടിയത്. ഇവരുടെ ഭർത്താവും ഡോക്ടറാണ്.

ആക്രമണം നടത്തിയ ശേഷം ദീപ്‌തി രക്ഷപ്പെട്ട വ്യാജനമ്പര്‍ പ്ലേറ്റ് പതിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ദീപ്‌തിയെ വൈകിട്ട് ആറ് മണിയോടെ കമ്മീഷണർ ഓഫിസിൽ എത്തിക്കുകയും രാത്രി വൈകിയും ചോദ്യം ചെയ്യുകയും ചെയ്‌തു.

വെടിയേറ്റ ഷിനിയുടെ ഭർത്താവ് സുജിത്തിൻ്റെ അടുത്ത സുഹൃത്തായിരുന്നു ദീപ്‌തിയെന്നാണ് പൊലീസ് പറയുന്നത്. അടുത്തിടെ ദീപ്‌തിയും സുജിത്തും തമ്മിൽ അകന്നു. സുജിത്തുമായുള്ള സൗഹൃദത്തിന് ഷിനി തടസമാണെന്ന് കണ്ടാണ് ഇവരെ വകവരുത്താൻ ശ്രമിച്ചതെന്നാണ് ദീപ്‌തി ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്.

യുട്യൂബ് വിഡിയോകളും സിനിമകളും കണ്ടാണ് ഇവർ ആക്രമണത്തിന് പദ്ധതി തയാറാക്കിയത്. ഓൺലൈൻ വിൽപന സൈറ്റിൽ കണ്ട കാറിൻ്റെ നമ്പരിൽ വ്യാജ നമ്പർ തരപ്പെടുത്തി. ഓൺലൈൻ വഴി എയർ പിസ്റ്റൾ വാങ്ങി. യുട്യൂബ് നോക്കി പിസ്റ്റൾ ഉപയോഗിക്കാൻ പരിശീലിച്ചു. തൊട്ടടുത്ത് നിന്ന് വെടിയുതിർത്താൽ കൊലപ്പെടുത്താമെന്ന ധാരണയിലാണ് ഷിനിക്ക് കൊറിയർ നൽകാനെന്ന വ്യാജേന വഞ്ചിയൂരിലെ സുജിത്തിൻ്റെ വീട്ടിലെത്തിയത്. വീട് ദീപ്‌തിക്ക് നേരത്തേ അറിയാമായിരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്‌ച രാവിലെ ഒറ്റയ്ക്ക് കാർ ഓടിച്ച് ചാക്ക, പാൽക്കുളങ്ങര റൂട്ട് വഴി ചെമ്പകശേരി ലെയ്‌നിൽ എത്തി കൃത്യം നിർവഹിച്ച് അതേ കാറിൽ ബൈപാസ് വഴി കടന്നു കളയുകയായിരുന്നു. സംഭവത്തിന് ശേഷം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായി വരുത്തിത്തീർക്കാൻ ജോലി ചെയ്യുന്ന ആശുപത്രിയിലേക്കാണ് നേരെ പോയത്.

പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് മാധ്യമങ്ങളിലൂടെ മനസിലാക്കിയ ദീപ്‌തി പിടിയിലാകില്ലെന്ന് കരുതി വീട്ടിലേക്ക് പോയി. പിന്നീട് കാറിൻ്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തായതോടെ കാർ ഉപേക്ഷിക്കാനും ശ്രമം നടത്തി. ഇതിനിടെയാണ് ഇവർ പിടിയിലാകുന്നത്.

പൾമനോളജിയിൽ എം.ഡി എടുത്ത ശേഷം ക്രിട്ടിക്കൽ കെയർ സ്പെഷ്യാൽറ്റിയിൽ ഫെലോഷിപ്പും നേടിയിട്ടുണ്ട്. അഞ്ചു മാസത്തിലേറെ മുമ്പാണ് ആശുപത്രിയിൽ ചേർന്നതെന്നും ക്രിട്ടിക്കൽ കെയർ സ്പെഷലിസ്റ്റ് ആയി സേവനാം അനുഷ്ഠിക്കുകയായിരുന്നു എന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.