...
Home News National ജോലി കഴിഞ്ഞു മടങ്ങിയ നഴ്‌സിനെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ; ഐഎംഎ പണിമുടക്കിന് ആഹ്വാനം...

ജോലി കഴിഞ്ഞു മടങ്ങിയ നഴ്‌സിനെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ; ഐഎംഎ പണിമുടക്കിന് ആഹ്വാനം ചെയ്‌തു

ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ കൊൽക്കത്തയിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് ഉത്തരാഖണ്ഡിൽ നഴ്‌സിനെ ബലാൽസംഗം ചെയ്‌തു കൊലപ്പെടുത്തിയതും

218

ഉത്തരാഖണ്ഡിൽ ജോലി കഴിഞ്ഞു മടങ്ങിയ നഴ്‌സിനെ ബലാൽസംഗം ചെയ്‌തു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ ധർമേന്ദ്രയെ രാജസ്ഥാനിൽ നിന്നാണ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ മാസം 30ന് കാണാതായ യുവതിയുടെ മൃതദേഹം ഉത്തർപ്രദേശിലെ ദിബ്ദിബ ഗ്രാമത്തിൽ നിന്ന് ഈ മാസം എട്ടിനാണ് കണ്ടെടുത്തത്. ഉത്തരാഖണ്ഡിലെ രുദ്രാപുരിലുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു യുവതി.

മോഡേൺ മെഡിസിൻ ഡോക്ടർമാർ രാജ്യവ്യാപകമായി ആഗസ്റ്റ് 17 ശനിയാഴ്‌ച രാവിലെ ആറ് മുതൽ ഓഗസ്റ്റ് 18 ഞായറാഴ്‌ച രാവിലെ ആറ് മണിവരെ സേവനങ്ങൾ പിൻവലിക്കുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) വ്യാഴാഴ്‌ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയിൽ പ്രഖ്യാപിച്ചു.
ആർജി കാർ മെഡിക്കൽ കോളേജിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ കൊൽക്കത്തയിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് ഉത്തരാഖണ്ഡിൽ നഴ്‌സിനെ ബലാൽസംഗം ചെയ്‌തു കൊലപ്പെടുത്തിയതും ഐഎംഎ പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.

ആ 24 മണിക്കൂറിനുള്ളിൽ സാധാരണ ഒപിഡികളും ചില ശസ്ത്രക്രിയകളും നടക്കില്ലെന്ന് ഐഎംഎ അതിൻ്റെ ഔദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞു. എന്നിരുന്നാലും മറ്റ് അവശ്യ സേവനങ്ങൾ നിലനിർത്തുമെന്നും അറിയിച്ചു.

വൈകുന്നേരം ജോലി കഴിഞ്ഞ് ആശുപത്രി വിട്ട നഴ്‌സ് രുദ്രാപൂരിലെ ഇന്ദ്ര ചൗക്കിൽ നിന്ന് ഇ -റിക്ഷയിൽ കയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയെങ്കിലും ഉത്തർപ്രദേശിലെ ബിലാസ്‌പൂരിലെ കാശിപൂർ റോഡിലെ തൻ്റെ വീട്ടിൽ എത്തിയിരുന്നില്ല. തൊട്ടടുത്ത ദിവസം തന്നെ നഴ്‌സിനെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരി പരാതി നൽകി. ഒമ്പത് ദിവസത്തിന് ശേഷം ഓഗസ്റ്റ് എട്ടിന് ഉത്തർപ്രദേശ് പൊലീസ് ദിബ്ദിബ ഗ്രാമത്തിലെ വീട്ടിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തി.

അന്വേഷണത്തിൽ ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നുള്ള ദിവസ വേതന തൊഴിലാളിയായ ധർമ്മേന്ദ്ര എന്നൊരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. മദ്യലഹരിയിൽ ആയിരുന്ന ധർമ്മേന്ദ്ര നഴ്‌സിനെ ലൈംഗികാതിക്രമം നടത്തി കൊലപ്പെടുത്തുകയും അടുത്തുള്ള കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഉധം സിംഗ് നഗർ സീനിയർ പൊലീസ് സൂപ്രണ്ട് മഞ്ജുനാഥ് ടിസി പറഞ്ഞു. നഴ്‌സിൻ്റെ ഫോണും പഴ്‌സിലുണ്ടായിരുന്ന 3000 രൂപയുമായി പ്രതി രാജസ്ഥാനിലേക്ക് മുങ്ങി. മോഷ്‌ടിച്ച ഫോൺ ഉപയോഗിച്ചതാണ് എളുപ്പത്തിൽ പിടികൂടാൻ സഹായിച്ചത്.

യുവതി ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് പുറപ്പെട്ടത് മുതൽ ധർമേന്ദ്ര പിന്തുടർന്നിരുന്നെന്നും ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് പീ‍ഡിപ്പിക്കുകയും ഷാൾ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തുകയും ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിൽ ആയിരുന്ന ഇയാൾ യുവതിയുടെ മൊബൈൽ ഫോണും പഴ്‌സിൽ നിന്ന് 3,000 രൂപയും മോഷ്‌ടിച്ചതായും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. കൊൽക്കത്തയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്തെ നടുക്കി മറ്റൊരു ആരോഗ്യ പ്രവർത്തകയുടെ കൂടി കൊലപാതക വാർത്ത പുറത്ത് വന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.