മെഡിക്കൽ ടൂറിസത്തെ മറയാക്കി അവയവക്കടത്ത് നടത്തിയ കേസിൽ ഉൾപ്പെട്ട നാല് പ്രതികൾക്കെതിരെ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) കുറ്റപത്രം സമർപ്പിച്ചു. വലപ്പാട് സ്വദേശഷി സാബിത്ത് നാസർ, കളമശേരി സ്വദേശി സജിത്ത് ശ്യാം, വിജയവാഡ സ്വദേശി പ്രതാപൻ എന്ന ബല്ലാംകൊണ്ട രാംപ്രസാദ്, നിലവിൽ ഒളിവിൽ കഴിയുന്ന കൊച്ചി സ്വദേശി മധു ജയകുമാർ എന്നിവർക്കതിരെ കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കുന്ന പ്രതികൾക്ക് ജാമ്യം ലഭിക്കാൻ സാദ്യതയുണ്ട്. ഇതിനാലാണ് എൻ.ഐ.എ വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം നൽകിയെങ്കിലും കേസിലുൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്താൻ അന്വേഷണം തുടരുമെന്ന് എൻ.ഐ.എ അറിയിച്ചു. ഒളിവിൽ കഴിയുന്ന മധു ജയകുമാറിനെ കണ്ടെത്താൻ ഇൻ്റർപ്പോൾ ബ്ളൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.
ഉയർന്ന വരുമാനം വാഗ്‌ദാനം ചെയ്‌ത് അവയവദാനത്തിനായി നിരവധിപേരെ വിദേശത്തേക്ക് കടത്തിയതായി സംശയിക്കുന്നു. ഇരയായവരെ സാക്ഷികളാക്കാനാണ് എൻ.ഐ.എയുടെ ശ്രമം. ഇക്കഴിഞ്ഞ മെയിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ചാണ് പ്രതികളിലൊരാളായ സാബിത്ത് എമിഗ്രേഷൻ അധികൃതരുടെ വലയിലാകുന്നത്. ഇയാളിൽ നിന്നാണ് ഇതിന് പിന്നിലുള്ള വൻ റാക്കറ്റിൻ്റെ വിവരങ്ങൾ പുറത്ത് വരുന്നത്. തുടർന്ന് മറ്റ് പ്രതികളായ സജിത്തിനെയും രാം പ്രസാദിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
തെഹ്രാനിലെ സർക്കാർ പിന്തുണയുള്ള ആശുപത്രികളിൽ അവയവമാറ്റ ശസ്ത്രക്രിയ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ രാജ്യാന്തര ബന്ധങ്ങൾ ഉള്ളതിനെത്തുടർന്നാണ് കേസ് എൻ.ഐ.എ ഏറ്റെടുത്തത്.



