നിക്കരാഗ്വാ എന്ന മധ്യഅമേരിക്കന്‍ രാജ്യം ഗൗരവതരമായ പ്രശ്‌നങ്ങളാല്‍, പ്രതിഷേധ സമരത്തിൽ പുകയുകയാണ്. മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ജനങ്ങള്‍ തെരുവിലിറങ്ങുന്ന സാഹചര്യമാണ് രാജ്യത്ത്. പൗരസമൂഹത്തെ ഒന്നാകെ അടിച്ചമര്‍ത്തുന്ന കിരാത നടപടികളാണ് പ്രസിഡന്റ് ഡാനിയേല്‍ ഒട്ടെര്‍ഗ കഴിഞ്ഞ ആറ് വര്‍ഷങ്ങളായി സ്വീകരിച്ചു പോരുന്നത്.
1500 സര്‍ക്കാര്‍ ഇതര സംഘടനകളുടെ നിയപപരമായ പദവി റദ്ദാക്കുക എന്ന അസാധാരണ നടപടി ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയയാണ്. നിക്കരാഗ്വന്‍ റെഡ്‌ക്രോസ്, ചില ക്രിസ്ത്യന്‍ ചാരിറ്റി സംഘടനകള്‍, ചെസ് ക്ലബ്ബുകള്‍ ഉള്‍പ്പടെയുള്ള സ്‌പോര്‍ട്‌സ് അസോസിയേഷനുകള്‍, സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവയെല്ലാം നിയമസാധുത നിഷേധിക്കപ്പെട്ട സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുന്നു. ഡൊണേഷനുകള്‍ ഉള്‍പ്പടെയുള്ള സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ ഈ സ്ഥാപനങ്ങള്‍ പരാജയമാണെന്നതാണ് നിക്കരാഗ്വന്‍ ഇന്റീരിയര്‍ മന്ത്രാലയം നടപടിക്ക് നല്‍കുന്ന വിശദീകരണം.
എഴുപത്തിയെട്ടുകാരനായ പ്രസിഡന്റിൻ്റെ നേതൃത്വത്തില്‍ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളെ ആക്രമിക്കുന്നത് ഇത് ആദ്യമല്ല. 5000ത്തില്‍ അധികം സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും, മീഡിയ ഔട്ട്‌ലറ്റുകളും സാമൂഹിക കായിക ക്ലബ്ബുകളും സ്വകാര്യ സര്‍വകലാ ശാലകളുമെല്ലാം ഒര്‍ട്ടെഗയുടെ ഉരുക്കുമുഷ്‌ടിയില്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നിട്ടുണ്ട്. 300 രാഷ്ട്രീയക്കാരെയും, മാധ്യമപ്രവര്‍ത്തകരെയും രാജ്യദ്രോഹക്കുറ്റം ആരോപിച്ച് നാടുകടത്തി. നിക്കരാഗ്വായിലെ എല്ലാ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലോ സഖ്യത്തിലോ മാത്രം പ്രവര്‍ത്തിക്കണമെന്ന നിയമം കൂടി പാസായതോടെ ഞെരുക്കം അതിൻ്റെ പാരമ്യതയിലെത്തി.
നിക്കരാഗ്വായിലെ ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ക്ക് സാമ്പത്തികമായ കാരണങ്ങളും ഒട്ടേറെയുണ്ട്. പെന്‍ഷന്‍ വെട്ടിക്കുറയ്ക്കുകയും തൊഴിലാളികളുടെയും തൊഴില്‍ ദാതാക്കളുടെയും വിഹിതം വര്‍ധിപ്പിക്കുകയും ചെയ്‌ത സാമൂഹിക പരിഷ്‌കരണമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നടപടിയാണ് പ്രതിഷേധങ്ങള്‍ക്ക് പെട്ടന്നുള്ള ഉത്തേജകമായി വര്‍ത്തിച്ചത്.
ജനങ്ങള്‍ സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി. സര്‍ക്കാരും പോലീസും അക്രമോത്സുകമായി പ്രതിഷേധക്കാരെ നേരിട്ടു. ജനങ്ങളുടെ പോരാട്ടത്തെ അതിക്രൂരമായി സര്‍ക്കാര്‍ അടിച്ചമര്‍ത്തി കൊണ്ടിരിക്കുന്നു. സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങളുടെയും സാമൂഹ്യ മാധ്യമങ്ങളുടെയും പ്രവര്‍ത്തനം തടസപ്പെട്ടു. സ്വതന്ത്രമായി റിപ്പോര്‍ട്ടിങ്ങ് നടത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഭീഷണിയും അവഹേളനവും അക്രമവും അഭിമുഖീകരിച്ചു. ഐക്യരാഷ്ട്രസഭ ഈ നടപടികളെ തുടര്‍ച്ചയായി അപലപിക്കുന്നുണ്ടെങ്കിലും പ്രസിഡന്റ് ഒര്‍ട്ടെഗ ഇതൊന്നും മുഖവിലയ്‌ക്കെടുക്കുന്നില്ല. കണ്ടറിയണം, ഈ മധ്യഅമേരിക്കന്‍ രാജ്യത്ത് ഇനി എന്തൊക്കെ സംഭവിക്കുമെന്നത്.
ഒർട്ടെഗ 2016 നവംബറിൽ മൂന്നാംതവണയും 2021ൽ നാലാമതായും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വലിയ തോതിലുള്ള വഞ്ചന, വോട്ടർമാരെ ഭീഷണിപ്പെടുത്തൽ, പ്രതിപക്ഷ പാർട്ടി നേതാക്കളെ രാഷ്ട്രീയ പ്രേരിത അറസ്റ്റുകൾ എന്നിവയുടെ വിശ്വസനീയമായ റിപ്പോർട്ടുകളാൽ രണ്ട് തെരഞ്ഞെടുപ്പുകളും കളങ്കപ്പെട്ടതായി പരാതിയുയർന്നു. സ്വതന്ത്ര നിരീക്ഷകരെ വോട്ടെടുപ്പിൽ നിന്ന് വിലക്കി. OAS, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യൻ യൂണിയൻ എന്നിവയെല്ലാം ഈ പ്രശ്‌നങ്ങൾ കാരണം 2021ലെ തിരഞ്ഞെടുപ്പിനെ ഒരു “കപട”മെന്നാണ് വിശേഷിപ്പിച്ചത്.
നിക്കരാഗ്വ
ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് നിക്കരാഗ്വ ആണ്. മധ്യ അമേരിക്കയിലെ ഭൂമിശാസ്ത്രപരമായി ഏറ്റവും വലിയ രാജ്യമാണ്. ഇത് ഗ്വാട്ടിമാലയ്ക്കും ഹോണ്ടുറാസിനും ശേഷം മധ്യ അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യമാണ്. നിക്കരാഗ്വയുടെ വടക്ക് ഹോണ്ടുറാസ്, കിഴക്ക് കരീബിയൻ കടൽ, തെക്ക് കോസ്റ്റാറിക്ക, പസഫിക് സമുദ്രം, പടിഞ്ഞാറ് എൽ സാൽവഡോർ, കിഴക്ക് കൊളംബിയ എന്നിവയുമായി സമുദ്ര അതിർത്തി പങ്കിടുന്നു. രാജ്യത്തിൻ്റെ ഏറ്റവും വലിയ നഗരവും ദേശീയ തലസ്ഥാനവും മനാഗ്വയാണ്.



