...
Home News International റോതർ ഹാമിലെ മാൻവേഴ്സ് തടാകത്തിൽ കിരീടം ലക്ഷ്യമാക്കി ‘റോയൽ ഗേൾസ് ബർമ്മിങ്ങ്ഹാം’

റോതർ ഹാമിലെ മാൻവേഴ്സ് തടാകത്തിൽ കിരീടം ലക്ഷ്യമാക്കി ‘റോയൽ ഗേൾസ് ബർമ്മിങ്ങ്ഹാം’

ആലപ്പുഴ നെഹ്‌റു ട്രോഫി ഉൾപ്പടെ കേരളത്തിലെ പ്രമുഖ മത്സരങ്ങളിൽ വിജയിച്ച ടീമുകളുടെ ഭാഗമായിരുന്ന, കുമരകത്തിന്റെ വള്ളംകളി തന്ത്രങ്ങൾ മനഃപ്പാഠമാക്കിയ ജോമോൻ കുമരകമാണ് ഈ ടീമിനെ പരിശീലിപ്പിച്ചൊരുക്കുന്നത്.

412

യുകെയിലെ റോതർ ഹാമിലെ മാൻവേഴ്സ് തടാകത്തിൽ വഞ്ചിപ്പാട്ടിന്റെ ഈരടികൾ ഉയരാനൊരുങ്ങുകയാണ് . യുക്​മ (യൂണിയന്‍ ഓഫ്‌ യു.കെ മലയാളി അസോസിയേഷന്‍സ്‌) സംഘടിപ്പിക്കുന്ന കേരളാ പൂരം 2024ലെ വള്ളംകളിയിൽ പങ്കെടുക്കാൻ നിരവധി ടീമുകൾ ഇതിനോടകം രംഗത്തുണ്ട്.

മുൻവർഷങ്ങളിൽ ഗംഭീരപ്രകടനം കാഴ്ച്ചവെച്ചിട്ടുള്ള റോയൽ 20 ബർമ്മിങ്ങ്ഹാം വള്ളംകളി ടീം ഇത്തവണ “യു കെ യുടെ പുന്നമട എന്നറിയപ്പെടുന്ന റോതർഹാമിലേക്ക് എത്തുന്നത് ‘ റോയൽ ഗേൾസ് ‘ എന്ന പേരിൽ ഒരു വനിതാ ടീമുമായിട്ടാണ്. ആലപ്പുഴ നെഹ്‌റു ട്രോഫി ഉൾപ്പടെ കേരളത്തിലെ പ്രമുഖ മത്സരങ്ങളിൽ വിജയിച്ച ടീമുകളുടെ ഭാഗമായിരുന്ന, കുമരകത്തിന്റെ വള്ളംകളി തന്ത്രങ്ങൾ മനഃപ്പാഠമാക്കിയ ജോമോൻ കുമരകമാണ് ഈ ടീമിനെ പരിശീലിപ്പിച്ചൊരുക്കുന്നത്.

അലീന സജി രാമച്ചനാട്ടിന്റെ നേതൃത്വത്തിലുള്ള റോയൽ ഗേൾസ് ബർമ്മിങ്ങ്ഹാം ടീമിന്റെ പരിശീലനത്തുഴച്ചിൽ ഓഗസ്റ്റ് 12 ന് ആവേശത്തോടെ ആരംഭിച്ചു . കുട്ടനാടൻ വള്ളംകളിപരിശീലനക്കളരികളുടെ ചിട്ടവട്ടങ്ങളോടെ ആരംഭിച്ച പരിശീലനത്തിൽ ഫാ ജസ്റ്റിൻ കാരക്കാട്ട് വള്ളം വെഞ്ചരിച്ച് പ്രാർത്ഥിക്കുകയും ടീം അംഗങ്ങൾക്ക് പ്രാർത്ഥനാമംഗളങ്ങൾ നേരുകയും ചെയ്തു. അഞ്ചു സാജൻ, ഐറിൻ നിമ്മി എന്നിവർ ആദ്യ തുഴ മേരി ചാണ്ടി കൊച്ചുപുരക്കലിൽ നിന്നും ഏറ്റുവാങ്ങി.

ടീം ക്യാപ്റ്റൻ അലീന സജിയുടെ അഭാവത്തിൽ, സിനി സജി രാമച്ചനാട്ട് വള്ളത്തിൻ്റെ താളോപകരണം (ട്രമ്പറ്റ്) ലൂസി ജോസഫ് കരികണ്ണംതറയിൽ നിന്നും ഏറ്റുവാങ്ങി. വള്ളത്തിൻ്റെ അമരം നിയന്ത്രിക്കുന്ന ഡാനിയൽ ഡങ്കൻ ഫാ ജസ്റ്റിനിൽ നിന്നും പങ്കായം സ്വീകരിച്ചു.

തുടർന്ന് നടന്ന ആദ്യ പരിശീലനത്തുഴച്ചിലിൽ ടീം അംഗങ്ങളെല്ലാവരും പങ്കെടുക്കുകയും, പ്രകടനം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. ടീം മാനേജർ ജോമോൻ കുമരകത്തിന്റെ ആതിഥേയത്തിൽ സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

ലോ & ലോയേഴ്‌സ് ലണ്ടൻ എന്ന സ്ഥാപനമാണ് ഈ ടീമിൻ്റെ മുഖ്യ സ്പോൺസർ. അടുത്ത രണ്ടാഴ്ചക്കാലം കഠിനപരിശീലനം നടത്തി , ഈ മാസം 31ന് നടക്കുന്ന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാനുള്ള ദൃഢനിശ്ചയവുമായി റോയൽ ഗേൾസ് ബർമ്മിങ്ങ്ഹാം മുന്നേറുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.