...
Home News International യുകെയിലെ ചെറുപ്പക്കാർക്ക് സന്തോഷമാന്ദ്യം; ജീവിത സംതൃപ്തി കുറവെന്ന് പഠനം

യുകെയിലെ ചെറുപ്പക്കാർക്ക് സന്തോഷമാന്ദ്യം; ജീവിത സംതൃപ്തി കുറവെന്ന് പഠനം

15 വയസ്സുള്ള 30% ബ്രിട്ടീഷ് പെൺകുട്ടികളും ജീവിതത്തിൽ സംതൃപ്തരല്ല. ഇത് 21 ശതമാനമെന്ന യൂറോപ്യൻ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. സാമൂഹ്യ- സാമ്പത്തിക അസമത്വങ്ങളാണ് പ്രധാനമായും ഈ അസംതൃപ്തിക്ക് പിന്നിലെന്ന് പഠനം വ്യക്തമാക്കുന്നു.

193

യുകെയിലെ ചെറുപ്പക്കാർ ‘സന്തോഷമാന്ദ്യം’ നേരിടുന്നതായി പഠനം. യൂറോപ്പിലെ മറ്റു സമപ്രായക്കാരെ അപേക്ഷിച്ച് രാജ്യത്തെ കുട്ടികളും കൗമാരക്കാരും അങ്ങേയറ്റം അസന്തുഷ്ടരാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. യുകെയിലെ 15 വയസുള്ള കുട്ടികൾക്ക് ജീവിത സംതൃപ്തി വളരെ കുറവാണെന്നും പഠനത്തിൽ പറയുന്നു.

ബ്രിട്ടീഷ് ചാരിറ്റിയായ ദി ചിൽഡ്രൻസ് സൊസൈറ്റിയാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. സമീപ വർഷങ്ങളിൽ ശേഖരിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ചാരിറ്റി ‘ദ ഗുഡ് ചൈൽഡ്ഹുഡ് റിപ്പോർട്ട്’ 2024 റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ 10 നും 17 നും ഇടയിൽ പ്രായമുള്ളവരിൽ 11 ശതമാനവും അസുഖകരമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്. രാജ്യത്തെ അധിക ജീവിതച്ചെലവ് നേരിട്ട് ബാധിക്കുന്ന വീടുകളിൽ താമസിക്കുന്ന ചെറുപ്പക്കാരിൽ ആറിലൊരാൾക്ക് ജീവിതസംതൃപ്തി കുറവാണ്.

ഫിൻലാൻഡ്, ഡെൻമാർക്ക്, റൊമാനിയ, പോർച്ചുഗൽ, ക്രൊയേഷ്യ, ഹംഗറി എന്നിവയുൾപ്പെടെ യൂറോപ്പിലെ 27 രാജ്യങ്ങളിൽ 15 വയസ്സുള്ളവരിൽ 2022-ൽ ഏറ്റവും കുറഞ്ഞ ജീവിത സംതൃപ്തി യുകെയിലാണെന്ന് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. ഈ പ്രായക്കാരിൽ നാലിലൊന്നു പേരും അസന്തുഷ്ടരാണ്. പെൺകുട്ടികളാണ് ഇതിൽ ഏറ്റവും മോശം അവസ്ഥയിൽ ഉള്ളത്.

15 വയസ്സുള്ള 30% ബ്രിട്ടീഷ് പെൺകുട്ടികളും ജീവിതത്തിൽ സംതൃപ്തരല്ല. ഇത് 21 ശതമാനമെന്ന യൂറോപ്യൻ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. സാമൂഹ്യ- സാമ്പത്തിക അസമത്വങ്ങളാണ് പ്രധാനമായും ഈ അസംതൃപ്തിക്ക് പിന്നിലെന്ന് പഠനം വ്യക്തമാക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുകയും ബുദ്ധിമുട്ടുകയും ചെയ്യുന്ന ചെറുപ്പക്കാരാണ് അസന്തുഷ്ടരായി ജീവിക്കുന്നതിൽ ഏറ്റവും കൂടുതൽ.

ദാരിദ്ര്യവും മറ്റു പ്രശ്‍നങ്ങളും കുട്ടികളുടെ മാനസികനില കൂടുതൽ വഷളാക്കുന്നു. രാജ്യത്തെ വിലക്കയറ്റം സംബന്ധിച്ച പ്രശ്നങ്ങളിൽ യുകെയിലെ അഞ്ചിൽ രണ്ട് കുട്ടികളും യുവാക്കളും ആശങ്കാകുലരാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 2009 ൽ പുറത്തുവിട്ട സമാനമായ റിപ്പോർട്ടനുസരിച്ച് കുട്ടികളുടെ സന്തോഷം ഏറ്റവും കുറഞ്ഞിരുന്നത് പൊതുവായുള്ള ജീവിത സാഹചര്യങ്ങൾ, സുഹൃത്തുക്കൾ, സൗന്ദര്യസങ്കല്പങ്ങൾ, സ്കൂൾ, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ജോലികൾ എന്നീ മേഖലകളിലായിരുന്നു.

കുടുംബവുമായി ബന്ധപ്പെട്ട വരുമ്പോൾ മിക്ക കുട്ടികളും സന്തുഷ്ടരാണെന്നാണ് പറഞ്ഞിരുന്നത്. സർവേയിൽ പങ്കെടുത്ത മാതാപിതാക്കളിൽ പലർക്കും കുട്ടികൾ ആവശ്യപ്പെടുന്ന വിനോദയാത്രകളും മറ്റും താങ്ങാനുള്ള കഴിവില്ല. സ്കൂളിനു പുറത്ത് കുട്ടികൾക്കുവേണ്ട ഇത്തരം വിനോദപരിപാടികളെ അനുവദിക്കാൻ മാതാപിതാക്കൾക്ക് കഴിയാത്തതും കുട്ടികളെ അസംതൃപ്തരാക്കുന്നുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.