കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ അന്വേഷണം നടത്തണമെന്നും ഗൂഢാലോചനയുണ്ടെങ്കിൽ പുറത്തുകൊണ്ട് വരണമെന്നും ആവശ്യപ്പെട്ട് നടൻ നിവിൻ പോളി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകി. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക മന്ത്രി സജി ചെറിയാനും പരാതി നൽകിയിട്ടുണ്ട്.
പീഡനം നടന്നതായി പരാതിക്കാരി ആരോപിച്ച ദിവസങ്ങളില്‍ താന്‍ കേരളത്തില്‍ സിനിമാ ഷൂട്ടിങ്ങില്‍ പങ്കെടുക്കുകയായിരുന്നെന്ന് പരാതിയിൽ നിവിൻ പറയുന്നു. ഇതിൻ്റെ വിശദാംശങ്ങളും പരാതിയില്‍ ചേർത്തിട്ടുണ്ട്.
പീഡിപ്പിച്ചതായി പറയപ്പെടുന്ന ദിവസങ്ങളില്‍ താന്‍ വിദേശയാത്ര നടത്തിയിട്ടില്ലെന്ന് നിവിന്‍ പരാതിയില്‍ പറയുന്നു. ഇതിൻ്റെ തെളിവായി പാസ്പോര്‍ട്ടിന്‍റെ പകർപ്പും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി തന്‍റെ നിരപരാധിത്വം തെളിയിക്കണമെന്നും തന്നെ കേസില്‍ നിന്നും ഒഴിവാക്കണമെന്നും നിവിൻ പോളി ഡിജിപിയോട് ആവശ്യപ്പെട്ടു. ഏത് തരം അന്വേഷണത്തോടും താന്‍ സഹകരിക്കുമെന്നും നിവിൻ പറയുന്നു.
2023 നവംബറിനും ഡിസംബർ 15നും ഇടയിൽ നിവിൻ പോളി ഉൾപ്പെടെ ആറ് പേർ ദുബായിൽ വച്ച് പീഡിപ്പിച്ചെന്ന് ആരോപിച്ച് നേര്യമംഗലം സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. എന്നാൽ തനിക്ക് പരാതിക്കാരിയെ അറിയില്ലെന്നും യാതൊരു ബന്ധമില്ലെന്നും വ്യാജ ആരോപണമാണ് ഉന്നയിക്കുന്നതെന്നും വ്യക്തമാക്കി നിവിനും അന്നേദിവസം തന്നെ രംഗത്തെത്തിയിരുന്നു.
ഇതിനിടെ, ഡിസംബർ 14 മുതലുള്ള മൂന്ന് ദിവസങ്ങളിലാണ് താൻ പീഡിപ്പിക്കപ്പെട്ടതെന്ന് യുവതി വെളിപ്പെടുത്തൽ നടത്തി. എന്നാൽ ഈ സമയത്ത് നിവിൻ പോളി തൻ്റെ സിനിമയിൽ അഭിനയിക്കുകയായിരുന്നു എന്നും കൊച്ചിയിലായിരുന്നു ഷൂട്ടിങ് എന്നും സംവിധായകൻ വിനീത് ശ്രീനിവാസൻ വ്യക്തമാക്കുകയും ചെയ്‌തിരുന്നു.
അതിനിടെ സിനിമ മേഖലയിലെ നടന്മാർക്കെതിരെ ചില അജണ്ടയുടെ ഭാഗമായി നടിമാർ നൽകുന്ന വ്യാജ പരാതികളിൽ ഗൂഢാലോചനയ്ക്ക് കേസെടുക്കണമെന്ന ആവശ്യമാണ് ആരാധകരുടെ ആവശ്യം. ഇതിനായി നിയമ നടപടികൾ സ്വീകരിക്കാനും ഒരുങ്ങിയിട്ടുണ്ട്.



