| ജ്വാല
മെഡിക്കൽ യുജി വിദ്യാർത്ഥികളുടെ ഫോറൻസിക് മെഡിക്കൽ പാഠ്യ പദ്ധതിയിൽ സ്വവർഗ അനുരാഗം ക്രിമിനൽ കുറ്റകൃത്യമായി ഉൾപ്പെടുത്തിയിരുന്നു. നാഷണൽ മെഡിക്കൽ കമ്മീഷൻ്റെ ഭാഗത്തുനിന്നും വിമർശനങ്ങൾ ഉയർന്നതിനെ തുടർന്നാണ് വിഭാഗങ്ങൾ പിന്നീട് ഒഴിവാക്കിയത്. പതിനെട്ട്- പത്തൊമ്പത് നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ സ്വവർഗ അനുരാഗം ഒരു കുറ്റകൃത്യമായിരുന്നു. ആ കാലഘട്ടത്തിൽ കവിയായ ഓസ്കാർ വൈൽഡ്, ബോസി ഡഗ്ലസ് എന്ന കവിയെ പ്രണയിച്ചതിന് ഗ്രോസ് ഇൻഡീസൻസിയുടെ ഭാഗമായി തടവിലാക്കപ്പെട്ടിരുന്നു. ഇവിടെ തുടങ്ങുന്നതാണ് ചരിത്രത്തിൽ എഴുതപ്പെട്ട ഹോമോഫോബിയെ പിന്തുണച്ചു കൊണ്ടുള്ള നിയമങ്ങളും ചിന്തകളും. ഈ കാലങ്ങളിൽ ക്വീർ മനുഷ്യർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവകാശം ഉണ്ടായിരുന്നില്ല, ആ സമയത്താണ് ഷേക്സ്പിയറിൻ്റെ നാടകങ്ങളിൽ സ്ത്രീകൾക്ക് പകരം ചെറുപ്പക്കാരായ ആൺകുട്ടികൾ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ അവർക്കൊരു സേഫ് സ്പേസ് ആയിരുന്നു.
1969ൽ ആണ് ക്വീർ മനുഷ്യർ പരസ്യമായി ഹോമോഫോബിയക്കെതിരെ പ്രതികരിച്ച സ്റ്റോൺ വാൾ മൂവ്മെൻ്റ് ഉണ്ടാകുന്നത്. 1974ൽ ആണ് ആദ്യമായി തോമസ് കാനോൻ എന്ന വ്യക്തി സ്വവർഗരതിയെ പ്രതിരോധിച്ചുകൊണ്ട് എഴുതിയത്. 2018 വരെ സ്വവർഗരതി സെക്ഷൻ 377 പ്രകാരം ക്രിമിനൽ കുറ്റമായിരുന്നു.
ലൈംഗിക വിദ്യാഭ്യാസം തുടങ്ങുന്നത് വീടുകളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഹോമോഫോബിക്ക് ലൈംഗിക വിദ്യാഭ്യാസമാണ് ലഭിക്കുന്നതെങ്കിൽ വരും തലമുറകൾ അധികം ടോക്സിക്കും ഹോമോഫോബിക്കുമായി മാറും. പഠിച്ചിറങ്ങുന്നത് ഹോമോഫോബിക്കായ ഒരു തലമുറ ആണെങ്കിൽ ഇനിയും ഏറെ മനുഷ്യർ കൺവേർഷൻ തെറാപ്പിക്ക് വിധേയരാകേണ്ടിവരും.
ഒരു മനുഷ്യൻ്റെ വ്യക്തിത്വം ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് കൺവേർഷൻ തെറാപ്പികൾ. ക്വീർ മനുഷ്യർ സെഫ് സ്പേസുകൾ ഉണ്ടാക്കിയെടുക്കുമ്പോൾ ഇവിടുത്തെ സർക്കാരും വിദ്യാഭ്യാസ സമ്പ്രദായവും അത്തരം സ്പേസുകൾ നശിപ്പിക്കുകയാണ്. ഫ്രീ ലൗവ് മൂവ്മെൻ്റ്, ഹിപ്പി കൾച്ചർ, ഹോമോഫൈൽ മൂവ്മെൻ്റ് അങ്ങനെ ഒരുപാട് പോരാട്ടങ്ങൾക്ക് ശേഷമാണ് ഇന്ന് LGBTIQ+ മനുഷ്യർക്ക് വിദ്യാഭ്യാസം നേടാൻ പോലും അവകാശം ലഭിച്ചത്. ഒരു വശത്തുനിന്ന് ഒരു കൂട്ടം മനുഷ്യർ ക്വീർ അഫിർമെറ്റീവ് ലോകം പടുത്തുയർക്കാൻ ശ്രമിക്കുമ്പോൾ മറ്റൊരു വശത്തു നിന്നും അവരെ ഹോമോഫോബിയയുടെ ഭാഗമായും കച്ചവടവൽകരണം ചെയ്തും ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്.



