...
Home News Kerala മലയാള സിനിമയിലെ ലിംഗ – ലൈംഗിക അനീതികൾ; ‘സോറി മാർച്ച്’ നടത്താൻ ഊരാളി മ്യൂസിക് ബാൻഡ്

മലയാള സിനിമയിലെ ലിംഗ – ലൈംഗിക അനീതികൾ; ‘സോറി മാർച്ച്’ നടത്താൻ ഊരാളി മ്യൂസിക് ബാൻഡ്

ഒരു സോറി പറഞ്ഞാൽ തീരുന്നതല്ല പല പ്രശ്നങ്ങളും. അനീതികൾ സംഭവിക്കുമ്പോൾ അതിനെതിരെ ശബ്ദമുയർത്തുക തന്നെ വേണം. കാലാകാലങ്ങളായി മോശം അനുഭവങ്ങൾക്കിരയായവരോടും അതിജീവതകളോടും മാപ്പ് പറഞ്ഞുകൊണ്ട് മാറ്റത്തിന് തുടക്കം ഇടാൻ ശ്രമിക്കുകയാണ്

246

മലയാള സിനിമയിലെ ലിംഗ ലൈംഗിക അനീതികളും പീഡനങ്ങളും വെളിപ്പെടുത്തി നിരവധി പൊയ് മുഖങ്ങളെ അഴിക്കുകയും ചെയ്ത ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ ഭാഗമായി കലാരംഗത്ത് സജീവ സാന്നിധ്യമായ ഊരാളി മ്യൂസിക് ബാൻഡ് സംഘടിപ്പിക്കുന്ന സോറി മാർച്ച് സെപ്റ്റംബർ ആറിന് തൃശ്ശൂരിൽ നിന്ന് തുടങ്ങി പന്ത്രണ്ടിന് തിരുവനന്തപുരത്ത് തീരുന്ന രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നിട്ടും കുറ്റാരോപിതർക്കും പ്രതികൾക്കും എതിരെ നടപടിയെടുക്കാൻ വൈകുന്നതിലും തൊഴിലിടങ്ങളിലും പൊതുവായി ലഭിക്കേണ്ട തുല്യനീതിയെ കുറിച്ചും പറയുകയാണ് സോറി മാർച്ച്.

” ഒരു സോറി പറഞ്ഞാൽ തീരുന്നതല്ല പല പ്രശ്നങ്ങളും. അനീതികൾ സംഭവിക്കുമ്പോൾ അതിനെതിരെ ശബ്ദമുയർത്തുക തന്നെ വേണം. കാലാകാലങ്ങളായി മോശം അനുഭവങ്ങൾക്കിരയായവരോടും അതിജീവതകളോടും മാപ്പ് പറഞ്ഞുകൊണ്ട് മാറ്റത്തിന് തുടക്കം ഇടാൻ ശ്രമിക്കുകയാണ്, ശബ്ദമുയർത്തുകയാണ് ” – ഊരാളി പറയുന്നു .

കുറ്റാരോപിതരെ അധികാര സ്ഥാനങ്ങളിൽ നിന്നു മാറ്റി നിർത്തി അന്വേഷണം നടത്തുക., പോക്സോ കേസിൽ ഉൾപ്പെട്ടിട്ടുള്ളവരെ ഉടൻ അറസ്റ്റു ചെയ്യുക, കുറ്റവാളികളെ അനധികൃതമായി സംരക്ഷിക്കാൻ അധികാരദുരുപയോഗം നടത്തിയവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുക, തുറന്നു പറഞ്ഞ അതിജീവിതർക്ക് നിയമ സഹായവും പരിരക്ഷയും ഉറപ്പു വരുത്തുക, തൊഴിലിടങ്ങളിൽ തുല്യ നീതിയും വേതനവും സംരക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പു വരുത്തുക, തങ്ങൾക്കു നേരിട്ട അക്രമങ്ങൾ തുറന്നു പറയുന്നവരെ ആക്ഷേപിച്ചും ആക്രമിച്ചും നിശബ്ദരാക്കാൻ തുനിയുന്നവർക്കെതിരെ നടപടിയെടുക്കുക, കേരളത്തിന്റെ കലാസാംസ്‌കാരിക നയം, പൊതുജനപങ്കാളിത്തത്തോടെ ജനാധിപത്യ മൂല്യങ്ങൾക്കനുസൃതമായി കാലാകാലങ്ങളിൽ പരിഷ്‌കരിക്കാൻ കഴിയുംവിധം രൂപപ്പെടുത്തുക. എന്നീ ആവശ്യങ്ങളും പൊതുജനങ്ങളുടെ അഭിപ്രായവും ചേർത്ത് മെമ്മോറാണ്ടം മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയുണ്ടായി.

വാർത്തകൾക്കുമേൽ വാർത്തകൾ വന്നു നിറയുമ്പോൾ മറന്നു പോകേണ്ട ഒന്നല്ല ഹേമ കമ്മിറ്റി റിപ്പോർട്ട് എന്നും റിപ്പോർട്ടുകൾ മാത്രം വന്നാൽ പോരാ കലാരംഗത്ത് തുല്യ നീതിയുറപ്പാക്കണം എന്നും സോറി മാർച്ചിലൂടെ ഓർമിപ്പിക്കുകയാണ് ഊരാളികൾ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.