...
Home News National അന്യായമായി പ്രശസ്‌ത നടിയെ തടങ്കലില്‍ വെച്ച മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

അന്യായമായി പ്രശസ്‌ത നടിയെ തടങ്കലില്‍ വെച്ച മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് കാട്ടി ഓഗസ്റ്റില്‍ കാദംബരി എന്‍ടിആര്‍ പോലീസ് കമ്മിഷണര്‍ എസ്‌.വി രാജശേഖര്‍ ബാബുവിന് പരാതി നല്‍കിയിരുന്നു

203

പ്രശസ്‌ത നടിയും മോഡലുമായ കാദംബരി ജേത്വാനിയെ അന്യായമായി തടങ്കലില്‍ പാർപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തുവെന്ന സംഭവത്തില്‍ മുതിര്‍ന്ന മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്‌തു. കൃത്യമായ അന്വേഷണം നടത്താതെയാണ് മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാദംബരിയെ കേസിലുള്‍പ്പെടുത്തി അറസ്റ്റ് ചെയ്‌തതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നടിയെ അറസ്റ്റ് ചെയ്‌ത സംഭവം പൊതുജന ശ്രദ്ധ നേടിയിരുന്നു.

മുന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി പി.സീതാരാാമ ആഞ്‌നേയുലു (ഡിജി റാങ്ക്), മുന്‍ വിജയവാഡ പോലീസ് കമ്മിഷണര്‍ ക്രാന്തി റാണ ടാറ്റ (ഇന്‍സ്‌പെക്ടര്‍ ജനറല്‍ റാങ്ക്), മുന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫ് പോലീസ് വിശാല്‍ ഗണ്ണി (സൂപ്രണ്ട് റാങ്ക്) എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. കേസില്‍ മൂന്നുപേര്‍ക്കുമുള്ള പങ്കിനെക്കുറിച്ച് അന്വേഷണം നടത്തും.

വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും സിനിമാ നിര്‍മാതാവുമായ കെവിആര്‍ വിദ്യാസാഗറുമായി ചേര്‍ന്ന് മൂന്ന് ഉദ്യോഗസ്ഥരും തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് കാട്ടി ഓഗസ്റ്റില്‍ കാദംബരി എന്‍ടിആര്‍ പോലീസ് കമ്മിഷണര്‍ എസ്‌.വി രാജശേഖര്‍ ബാബുവിന് പരാതി നല്‍കിയിരുന്നു. വ്യാജരേഖ ചമച്ചു പണം തട്ടിയെടുത്തു എന്നുള്ള വിദ്യാസാഗറിൻ്റെ പരാതിയിൽ ഫെബ്രുവരിയില്‍ കാദംബരിയ്‌ക്കെതിരേ കേസെടുത്തിരുന്നു.

തന്നെയും മാതാപിതാക്കളെയും പീഡിപ്പിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിദ്യാസാഗറുമായി ഒത്തുകളിച്ചുവെന്നും മുന്‍കൂട്ടിയുള്ള അറിയിപ്പൊന്നും കൂടാതെ തങ്ങളെ അറസ്റ്റ് ചെയ്‌ത്‌ മുംബൈയില്‍ നിന്ന് വിജയവാഡയിലേക്ക് കൊണ്ടുപോയന്നും അവര്‍ പരാതിയില്‍ ആരോപിച്ചിരുന്നു. തൻ്റെ കുടുംബം 40 ദിവസത്തിലധികം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞുവെന്നും തന്നെയും തൻ്റെ പ്രായമായ മാതാപിതാക്കളെയും പോലീസ് അപമാനിച്ചതായും അനധികൃതമായി തടങ്കലില്‍ പാര്‍പ്പിച്ചതായും കാദംബരി പറഞ്ഞു.

കാദംബരിയെയും കുടുംബത്തെയും കുടുക്കാന്‍ വിദ്യാസാഗര്‍ ഭൂമിയുടെ രേഖകള്‍ കെട്ടിച്ചമച്ചെന്നും ജാമ്യാപേക്ഷ നല്‍കാന്‍ ദിവസങ്ങളോളം പോലീസ് അവരെ അനുവദിച്ചില്ലെന്നും നടിയുടെ അഭിഭാഷകര്‍ എന്‍.ശ്രീനിവാസ് ആരോപിച്ചു. ഗുരുതരമായ പെരുമാറ്റദൂഷ്യവും കര്‍ത്തവ്യ നിര്‍വഹണത്തിലുണ്ടായ വീഴ്‌ചയും പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനാലാണ് അച്ചടക്ക നടപടികള്‍ സ്വീകരിച്ചതെന്ന് ആഞ്ജനേയുലുവിനെ സസ്‌പെന്‍ഡ് ചെയ്‌തുകൊണ്ടുള്ള ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് തന്നെ നടിയെ അറസ്റ്റ് ചെയ്യാന്‍ ആഞ്ജനേയുലു മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഫെബ്രുവരി രണ്ടിനാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്. എന്നാല്‍ ജനുവരി 31ന് തന്നെ അവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.