കാസർകോട്: ജില്ലയിൽ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയിൽ ഒന്നായ കാസർകോട് ഉപ്പളയിൽ കേരള-കർണാടക അതിർത്തിയിലുള്ള ഒരു വീട്ടിൽ നിന്ന് കൊക്കെയ്നും കഞ്ചാവും കൂടാതെ മൂന്ന് കിലോയിലധികം എംഡിഎംഎയും പിടികൂടി ഒരാളെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം, മേൽപറമ്പ് പോലീസ് വെള്ളിയാഴ്ച രഹസ്യമായി നടത്തിയ സംയുക്ത ഓപ്പറേഷനിൽ ആണ് പ്രതിയെ കുരുക്കിയത്.
ഉപ്പള മുളഞ്ഞ ഗ്രാമത്തിലെ പത്വാടിക്ക് സമീപം അസ്കർ അലി (26)യുടെ വീട്ടിൽ നിന്ന് 3.4 കിലോ എംഡിഎംഎ, 96.96 ഗ്രാം കൊക്കെയ്ൻ, 640 ഗ്രാം കഞ്ചാവ്, 30 ലഹരി ഗുളികകൾ എന്നിവ പിടികൂടിയതായി ജില്ലാ പോലീസ് മേധാവി ശിൽപ ദ്യാവയ്യ ഐഎഎസ് പറഞ്ഞു. പിടികൂടിയ മയക്കുമരുന്നിന് ഏകദേശം ഒരു കോടി രൂപ വിലമതിക്കുമെന്നും പോലീസ് പറഞ്ഞു.
വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. കാപ്സ്യൂളുകൾ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഞങ്ങൾ വിതരണ ശൃംഖല തകർക്കുകയും സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുകയും ചെയ്യും,” -കാസർകോട് ജില്ലാ പോലീസ് മേധാവി ശിൽപ ദ്യാവയ്യ ഐഎഎസ് ശനിയാഴ്ച മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

അന്വേഷണത്തെ ബാധിക്കാതിരിക്കാൻ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആകില്ലെന്നും അവർ പറഞ്ഞു. മേൽപറമ്പ് എസ്എച്ച്ഒ സന്തോഷ് കുമാറിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം എസ്ഐ നിഖിൽ കെകെയെ ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. അസ്കറിൻ്റെ കിടപ്പുമുറിയിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
1895ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരമാണ് മഞ്ചേശ്വരം പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ബിരുദം നേടിയെങ്കിലും തൊഴിൽ രഹിതനായ അസ്കർ മുമ്പ് എൻഡിപിഎസ് കേസിൽ ഉൾപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. കുടുംബത്തോടൊപ്പം വീട്ടിൽ തന്നെയായിരുന്നു താമസം. സമൂഹത്തിൽ ‘നല്ല പെരുമാറ്റമുള്ള’ യുവാവിൻ്റെ അറസ്റ്റ് മുളഞ്ച ഗ്രാമവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.

“അസ്കർ ഒരു നല്ല കുടുംബത്തിൽ നിന്നുള്ളയാളാണ്. മണിചെയിൻ പദ്ധതിയിൽ ഏർപ്പെട്ട് പണം നഷ്ടപ്പെട്ടു. നല്ല പെരുമാറ്റവും നല്ല മനുഷ്യനുമായിരുന്നു അദ്ദേഹം ഇത്തരമൊരു അവസ്ഥയിൽ എത്തുമെന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല,” -തിരച്ചിലിനിടെ സ്ഥലത്തുണ്ടായിരുന്ന മംഗൽപാടി ഗ്രാമപഞ്ചായത്ത് അംഗം അബ്ദുൾ റഹിമാൻ ടി.എം പറഞ്ഞു.
ഇക്കഴിഞ്ഞ ആഗസ്റ്റ് 23ന് ശിൽപ ദ്യാവയ്യ ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റ ശേഷം കാസർകോട് ജില്ലയിൽ 136 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.



