Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
ക്വാഡ് സഖ്യം ആർക്കും എതിരല്ല; പ്രശ്‌നങ്ങൾക്ക് സമാധാനപരമായ പരിഹാരം വേണം: നരേന്ദ്ര മോദി | Nalamidam
20 September 2026
Home News International ക്വാഡ് സഖ്യം ആർക്കും എതിരല്ല; പ്രശ്‌നങ്ങൾക്ക് സമാധാനപരമായ പരിഹാരം വേണം: നരേന്ദ്ര മോദി

ക്വാഡ് സഖ്യം ആർക്കും എതിരല്ല; പ്രശ്‌നങ്ങൾക്ക് സമാധാനപരമായ പരിഹാരം വേണം: നരേന്ദ്ര മോദി

ഇന്തോ- പസഫിക് മേഖലകളിലെ തുറന്ന ചര്‍ച്ചകള്‍ നടത്തേണ്ടത് ഞങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമാണ്

216

ആ​ഗോള തലത്തിൽ അസ്ഥിരത വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ക്വാഡ് നേതാക്കൾ അ​ഗാതമായ ഉത്കണ്ഠ പ്രകടിപ്പിച്ചു. ലോകത്ത് പലരീതിയിലുള്ള സംഘർഷങ്ങളും പിരിമുറുക്കവും നിറഞ്ഞ സമയത്താണ് ക്വാഡ് ഉച്ചകോടി നടക്കുന്നതെന്ന് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ സമയത്ത് ക്വാഡ് അംഗങ്ങൾ ജനാധിപത്യ മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ട് മുന്നോട്ട് പോകേണ്ടത് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്.

ക്വാഡ് സഖ്യം ആർക്കും എതിരല്ല. പ്രാദേശിക അഖണ്ഡത, പരമാധികാരം, അന്താരാഷ്‌ട്ര നിയമങ്ങൾ എന്നിവയെ എല്ലാം വളരെ ബഹുമാനത്തോടെ ആണ് കാണുന്നത്. എല്ലാ തർക്കങ്ങൾക്കും സമാധാനപരമായ പരിഹാരം കണ്ടെത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

ഗാസ സംഘർഷത്തെ കുറിച്ചും ഉച്ചക്കോടിയിൽ മോദി സംസാരിച്ചു. ഒക്ടോബർ 7ന് നടന്ന ഇസ്രയേലിനെതിരായ ഭീകരാക്രമണത്തെ അപലപിക്കുകയും യുദ്ധത്തിൽ തകർന്ന ഫലസ്തീൻ മേഖലയ്ക്ക് മാനുഷിക സഹായത്തിൻ്റെ അടിയന്തര പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്‌തു. അന്താരാഷ്‌ട്ര മാനുഷിക നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും ഉടൻ മോചിപ്പിക്കണമെന്നും അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും പറഞ്ഞു.

ഇസ്രയേലിൻ്റെ നിയമാനുസൃതമായ സുരക്ഷാ ആശങ്കകളെ അഭിസംബോധന ചെയ്യുമ്പോൾ പരമാധികാര ഫലസ്തീൻ രാഷ്ട്രത്തിനുള്ള പിന്തുണ ആവർത്തിച്ച് ദ്വിരാഷ്ട്ര പരിഹാരത്തിൻ്റെ പ്രാധാന്യവും പ്രസ്താവന എടുത്തുകാട്ടി. ചെങ്കടലിലെയും ഏദൻ ഉൾക്കടലിലെയും വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങളെ ക്വാഡ് നേതാക്കൾ അപലപിച്ചു. ഈ പ്രവർത്തനങ്ങൾ മേഖലയെ അസ്ഥിരപ്പെടുത്തുകയും സമുദ്ര സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഊന്നിപ്പറഞ്ഞു.

ഇന്തോ- പസഫിക് മേഖലകളിലെ തുറന്ന ചര്‍ച്ചകള്‍ നടത്തേണ്ടത് ഞങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമാണ്. ആരോഗ്യ സുരക്ഷ, നിര്‍ണായകമായ സാങ്കേതിക വിദ്യകള്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളില്‍ ഞങ്ങള്‍ നിരവധി നിര്‍ണായകമായ ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞിട്ടുണ്ട്,’ -മോദി കൂട്ടിച്ചേര്‍ത്തു.

യുക്രൈൻ സംഘർഷം, ​ഗാസയിൽ നടന്നു കൊണ്ടിരിക്കുന്ന യുദ്ധം, യുഎൻ സുരക്ഷയിൽ ദീർഘകാലമായി കാത്തിരിക്കുന്ന പരിഷ്‌കാരങ്ങൾ ഉൾപ്പെടെയുള്ള നിർണായക ആ​ഗോള പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്‌ത്‌ യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ എന്നിവ ഉൾപ്പെടുന്ന ക്വാഡ് ഗ്രൂപ്പിൻ്റെ നേതാക്കൾ ശനിയാഴ്‌ച സംയുക്ത പ്രസ്‌താവനയും പുറത്തിറക്കി.

യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ ജന്മനാടായ വിൽമിംഗ്ടണിൽ നടന്ന സുപ്രധാന ഉച്ചകോടിക്ക് ശേഷം, ക്വാഡ് നേതാക്കൾ യുഎൻഎസ്‌സിയെ കൂടുതൽ പ്രാതിനിധ്യവും ഉത്തരവാദിത്തവും ഉള്ളതാക്കുന്നതിന് അടിയന്തര പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ടു. ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക, കരീബിയൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം ഉൾപ്പെടുത്തി സ്ഥിരാംഗത്വം വിപുലീകരിക്കണമെന്നും ക്വാഡ് നേതാക്കൾ പറഞ്ഞു.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റെണി അൽബാനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരും വിൽമിംഗ്ടണിൽ നടന്ന യോഗത്തിലും പങ്കെടുത്തിരുന്നു. ക്വാഡ് ഉച്ചകോടി ഇത്തവണ ഇന്ത്യയിലാണ് നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ്റെ അഭ്യർഥനപ്രകാരമാണ് അദ്ദേഹത്തിൻ്റെ നാടായ വിൽ‌മിങ്ടനിലേക്ക് മാറ്റിയത്. ഇന്ത്യ, യു.എസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ക്വാഡിൻ്റെ പൂര്‍ണരൂപം ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് എന്നാണ്.