മോഷ്‌ടിക്കാൻ കയറിയ വീട്ടിൽ കിടന്ന് അറിയാതെ ഉറങ്ങിപ്പോകുന്ന കള്ളൻമാരുടെ കഥകളുൾപ്പെടെ വാർത്തയാകാറുണ്ട്. അത്തരത്തിൽ വ്യത്യസ്തനായൊരു കള്ളൻ്റെ വാർത്തയാണ് യുകെയിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാവ് വെറുതെയങ്ങ് മുങ്ങുകയല്ല ചെയ്‌തത്.
വീട്ടിലെ ജോലികളെല്ലാം ചെയ്‌തു തീർത്താണ് കള്ളൻ സ്ഥലംവിട്ടത്. യുവതിക്കായി പാചകം ചെയ്യാനും വീട്ടിലെ മറ്റ് ജോലികൾ ചെയ്യാനും കള്ളൻ മറന്നില്ല. ഒടുവിൽ ‘വിഷമിക്കേണ്ട, സന്തോഷവതിയായിരിക്കൂ’ എന്ന കുറിപ്പും ഇയാൾ എഴുതിവെച്ചു.
ഇത്രയും ‘നന്മ’ ചെയ്‌തിട്ടും സംഭവത്തിൽ അറസ്റ്റിലായ 36-വയസുകാരൻ ഡാമിയൻ വോജ്‌നിലോവിക്‌സിനെ കാർഡിഫ് ക്രൗൺ കോടതി വെറുതേവിട്ടില്ല. 22 മാസത്തെ തടവിനാണ് പ്രതിയെ ശിക്ഷിച്ചത്. ജൂലൈ 16ന് മോൺമൗത്ത്ഷെയറിലാണ് അസാധാരണമായ സംഭവം അരങ്ങേറിയത്. യുവതി ജോലിക്കുപോയ തക്കം നോക്കി മോഷ്‌ടാവ് വീട്ടിൽ കയറി.
വീട്ടിൽ കയറിയ യുവാവ് ആദ്യം കാണ്ടത് തുറക്കാതെ വെച്ച പുതിയ ഷൂവിൻ്റെ പെട്ടിയാണ്. പെട്ടി തുറന്ന മോഷ്ടാവ് ഷൂവെടുത്ത് പുറത്തുവയ്ക്കുകയും പെട്ടിയും പ്ലാസ്റ്റികും ചവറ്റുകൊട്ടയിൽ ഉപേക്ഷിക്കുകയും ചെയ്‌തു. അടുക്കളയിലെത്തിയ മോഷ്ടാവ് കവറുകളിൽ നിന്നും പലചരക്ക് സാധനങ്ങളെടുത്ത് ഫ്രിഡ്ജിൽ വച്ചു. വളർത്തുപക്ഷികൾക്ക് തീറ്റ നൽകുകയും വീട്ടിലെ ചെടിച്ചട്ടികൾ വൃത്തിയാക്കുകയും ചെയ്‌തു.























