...
Home News National മുസ്ലിം പുരുഷൻമാർക്ക് ഒന്നിലേറെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി

മുസ്ലിം പുരുഷൻമാർക്ക് ഒന്നിലേറെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി

മുസ്ലിം വ്യക്തിനിയമ പ്രകാരം ഒന്നിൽ കൂടുതൽ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് മുസ്ലിം പുരുഷന്മാരെ നിയമം വിലക്കിയിട്ടില്ലെന്ന് ജസ്റ്റിസ് ബി.പി കൊളബാവല്ലയും ജസ്റ്റിസ് സോമശേഖർ സുന്ദരേശനും അടങ്ങുന്ന ബെഞ്ച്

181

മുംബൈ: മുസ്ലിം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി. മുസ്ലിം വ്യക്തിനിയമം ഒന്നിലേറെ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. തൻ്റെ മൂന്നാം ഭാര്യയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി താനെ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

മുസ്ലിം വ്യക്തിനിയമ പ്രകാരം ഒന്നിൽ കൂടുതൽ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് മുസ്ലിം പുരുഷന്മാരെ നിയമം വിലക്കിയിട്ടില്ലെന്ന് ജസ്റ്റിസ് ബി.പി കൊളബാവല്ലയും ജസ്റ്റിസ് സോമശേഖർ സുന്ദരേശനും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. അള്‍ജീരിയന്‍ സ്വദേശിയുമായിട്ടുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടിയാണ് ഹര്‍ജിക്കാരന്‍ താനെ മുനിസിപ്പല്‍ കോർപറേഷന്‍ അധികൃതരെ സമീപിച്ചത്.

മൂന്നാം വിവാഹമാണെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ അപേക്ഷ തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികൃര്‍ക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരൻ്റെ ആവശ്യം.

മഹാരാഷ്ട്ര വിവാഹ രജിസ്‌ട്രേഷന്‍ നിയമം അനുസരിച്ച് ഒരു വിവാഹം മാത്രമേ രജിസ്ടര്‍ ചെയ്യാനാവുകയുള്ളു എന്ന് ചൂണ്ടിക്കാട്ടിയാണ് കോർപറേഷന്‍ അധികൃതര്‍ അപേക്ഷ തള്ളിയത്. എന്നാല്‍ മുസ്ലിം വ്യക്തി നിയമം അനുസരിച്ച് ഒന്നിലേറെ വിവാഹങ്ങള്‍ ആവാമെന്നും വിവാഹ രജിസ്‌ട്രേഷന്‍ നിയമത്തില്‍ ഇത് പരിഗണിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. ഇതേ അധികൃതര്‍ തന്നെ ഹര്‍ജിക്കാരൻ്റെ രണ്ടാം വിവാഹം രജിസ്ടര്‍ ചെയ്‌ത് നല്‍കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

അപേക്ഷകര്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കിയിട്ടില്ല എന്നായിരുന്നു കോർപറേഷൻ്റെ മറ്റൊരു വാദം. ഈ രേഖകള്‍ എത്രയും പെട്ടന്ന് ഹാജരാക്കാന്‍ കോടതി ഹര്‍ജിക്കാരനോട് നിര്‍ദേശിച്ചു. രേഖകള്‍ കിട്ടിയാല്‍ ഇവ പരിശോധിച്ച് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും കോടതി താനേ കോർപറേഷന് നിര്‍ദേശം നല്‍കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.