രാജ്യത്തെ ഗ്രാമീണ മേഖലയില്‍ പാവപ്പെട്ട ജനങ്ങൾക്ക് കൃത്യമായ ഉപജീവനമാര്‍ഗം തുറന്നുകൊടുത്ത മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഇപ്പോൾ കടന്നുപോകുന്നത് അത്യാസന്നനിലയിലെന്ന് ഗവേഷകരുടെ പഠനം. എന്‍ജിനിയറിങ് വിദഗ്ധരും ഗവേഷകരും അടങ്ങിയ ലിബ്‌ടെക് ഇന്ത്യ പഠനത്തിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം പദ്ധതിയിലെ സജീവ തൊഴിലാളികളുടെ എണ്ണത്തില്‍ എട്ട് ശതമാനം ഇടിവുണ്ടായതായി കണ്ടെത്തി.
കേരളത്തില്‍ മാത്രം ഈ വര്‍ഷം 1,93,947 തൊഴിലാളികള്‍ പദ്ധതിക്ക് പുറത്തായപ്പോള്‍ 67,629 തൊഴിലാളികള്‍ പുതുതായെത്തി. അതായത് കേരളത്തില്‍ ഈ വര്‍ഷമുണ്ടായ തൊഴിലാളികളുടെ കുറവ് 1,26,318. അതേസമയം, തുടര്‍ച്ചയായി മൂന്ന് വര്‍ഷമെങ്കിലും സ്ഥിരമായി പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് നേടിയ തൊഴിലാളികളെയാണ് സജീവ തൊഴിലാളികളായി കണക്കാക്കുക.
കോൺഗ്രസ് നേതൃത്വത്തിലെ ആദ്യ യു.പി.എ ഭരണകാലത്ത് ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ഈ പദ്ധതിയോടുള്ള അധികൃതരുടെ താത്പര്യക്കുറവും താഴെത്തട്ടിലെ തൊഴിലാളികളായ ഗുണഭോക്താക്കള്‍ക്ക് അപ്രാപ്യമായ വിധത്തില്‍ ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ നിബന്ധനകളും പദ്ധതിയുടെ താളം തെറ്റിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍.
ആധാര്‍ കാർഡ് അധിഷ്ഠിത വേതനവിതരണ സംവിധാനം (എ.ബി.പി.എസ്.) കര്‍ക്കശമാക്കിയതാണ് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെല്ലാം തൊഴിലാളികള്‍ക്ക് തിരിച്ചടിയായത് . 2024 ജനുവരി മുതല്‍ സംവിധാനം നിര്‍ബന്ധമാക്കിയതോടെ 6.73 കോടി തൊഴിലാളികളാണ് പദ്ധതിക്ക് പുറത്തായത്.
ആകെ തൊഴിലാളികളുടെ 27.4 ശതമാനം വരും ഇത്. മറ്റ് മാനദണ്ഡങ്ങളാല്‍ പുറത്താക്കപ്പെടുന്നവരുമുണ്ട്. സജീവ തൊഴിലാളികളല്ലാതാവുക പോലുള്ള കാരണങ്ങളുമുണ്ട്. ആധാര്‍ തൊഴില്‍ക്കാര്‍ഡുമായി ബന്ധിപ്പിക്കല്‍, തൊഴില്‍ക്കാര്‍ഡിലെയും ആധാര്‍ കാര്‍ഡിലെയും പേരിലെ അക്ഷരങ്ങളടക്കം ഒന്നുതന്നെയെന്ന് ഉറപ്പാക്കല്‍, ബാങ്ക് അക്കൗണ്ടിനെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കല്‍, അക്കൗണ്ടിനെ നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ രേഖപ്പെടുത്തല്‍ എന്നീ കടമ്പകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ എ.ബി.പി.എസ് പരിധിയില്‍ ഉള്‍പ്പെടുകയുള്ളൂ.
ഉത്തരേന്ത്യയിൽ ഉൾപ്പെടെ പാവപ്പെട്ട ജനതയ്ക്ക് ഇത് അപ്രാപ്യമാകുന്നത് ഇക്കാരണത്താലാണ്. കേരളമാണ് ഏറക്കുറെ എ.ബി.പി.എസ് പൂര്‍ത്തീകരണത്തില്‍ മുന്നില്‍. അതേസമയം കേരളത്തില്‍ പലരും സജീവ തൊഴിലാളികള്‍ ആവുന്നില്ലെന്നതാണ് ശരിയായ പ്രശ്‌നം.



