...
Home News Kerala ‘ഗോസായിക്കുന്നിലെ സ്‌മാരക ശിലകൾ’; വിഖ്യാത നോവലിന് ചിത്രപരമ്പര

‘ഗോസായിക്കുന്നിലെ സ്‌മാരക ശിലകൾ’; വിഖ്യാത നോവലിന് ചിത്രപരമ്പര

എഴുത്തുകാരൻ്റെ അക്ഷര ഓർമകളെ ചിത്രങ്ങളിലൂടെ വീണ്ടെടുപ്പ് നടത്തുകയാണ് ഈ കലാകാരൻ

275

മലയാളത്തിലെ വിഖ്യാത നോവലുകൾക്ക് ചിത്രപരമ്പരയൊരുക്കിയ വൈക്കം ഡി മനോജ് പുനത്തിൽ കുഞ്ഞബ്‌ദുള്ളയുടെ സ്മാരക ശിലകൾ നോവലിനും ഫോട്ടോഗ്രാഫിയുടെ മാസ്‌മരികത. വടകരയിൽ തിങ്കൾ (നവംബർ 18) വൈകിട്ട് അഞ്ചിന്‌ പുനത്തിൽ സ്‌മൃതി ദിനത്തിൽ ചിന്ത പബ്ലിഷേഴ്‌സ്‌ പുറത്തിറക്കുന്ന പുതിയ പുസ്‌തക പ്രകാശനം എഴുത്തുകാരായ ടി.പത്മനാഭനും എം.മുകുന്ദനും. എഴുത്തുകാരൻ ജീവിച്ച ദേശത്തിൻ്റെ കാഴ്‌ചകളെയും നോവലുകളിലെ മുഹൂർത്തങ്ങളെയും സ്ഥലകാലങ്ങളെയും ഫോട്ടോഗ്രാഫിയിലൂടെ പകർത്തിവയ്‌ക്കുന്ന രീതിയാണിത്.

നോവലുകളിലെ പുഴയും മലയും കെട്ടിടങ്ങളും ആരാധനാലയങ്ങളുമെല്ലാം വായനാ ക്രമത്തിലൂടെ ഫോട്ടോ പ്രേക്ഷകർക്ക് അനുഭവമാകും. സാഹിത്യ ഫോട്ടോഗ്രാഫി എന്ന നൂതന സങ്കേതത്തിലൂടെ നിരവധി പുസ്‌തകങ്ങൾ ഇതിനകം പുറത്തിറങ്ങി. എം.ടിയുടെ നാലുകെട്ട്, ഒ.വി വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസം, എം.മുകുന്ദൻ്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ തുടങ്ങിയ നോവലുകളുടെ ചിത്രഭാഷ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പുനത്തിൽ കുഞ്ഞബ്‌ദുള്ളയുടെ സ്‌മാരക ശിലകളിലെ വേറിട്ട ഭൂമികയായ ഗോസായിക്കുന്നിൻ്റെ അവിസ്‌മരണീയത ഉൾപ്പെടെ ചിത്രപരമ്പരയിൽ തിളങ്ങി നിൽക്കുന്നു. രണ്ടുവർഷത്തിൽ ഏറെയുള്ള അന്വേഷണത്തിലൂടെ ആണ് ചിത്രപരമ്പര ഒരുക്കിയത്. എഴുത്തുകാരൻ്റെ അക്ഷര ഓർമകളെ ചിത്രങ്ങളിലൂടെ വീണ്ടെടുപ്പ് നടത്തുകയാണ് ഈ കലാകാരൻ ചെയ്‌തത്‌. ‘ഗോസായിക്കുന്നിലെ സ്‌മാരക ശിലകൾ’ എന്ന പുസ്‌തകത്തിന് പി.കെ രാജശേഖരൻ ആണ് അവതാരിക എഴുതിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.