അമേരിക്കയുടെ തെക്കൻ അതിർത്തി വഴിയുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്നുകളുടെ ഒഴുക്കും തടയാൻ മെക്സിക്കോയുടെ പുതിയ പ്രസിഡൻ്റ് ക്ലോഡിയ ഷെയ്ൻബോം പാർഡോ സമ്മതിച്ചതായി അമേരിക്കയുടെ മുൻ പ്രസിഡൻ്റും നിലവിൽ അമേരിക്കയുടെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഡോണൾഡ് ട്രംപ്. ട്രംപ് തന്റെ Truth Social പേജിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
“മെക്സിക്കോയുടെ പുതിയ പ്രസിഡൻ്റ് ക്ലോഡിയ ഷെയ്ൻബോമുമായി ഒരു അത്ഭുതകരമായ സംഭാഷണം നടന്നു. അതിർത്തി അടച്ചുകൊണ്ട് മെക്സിക്കോയിലൂടെ വരുന്ന കുടിയേറ്റം തടയാൻ അവർ സമ്മതിച്ചു. അമേരിക്കയിലേക്കുള്ള മയക്കുമരുന്നുകളുടെ ഒഴുക്കും ഈ മരുന്നുകളുടെ ഉപയോഗവും കുറയ്ക്കുന്നതിനുള്ള നടപടികൾക്കായുള്ള ചർച്ച ഫലപ്രദമായിരുന്നു,” എന്നാണ് ട്രംപ് Truth Social-ൽ കുറിച്ചത്.
ഷെയ്ൻബോവും താൻ ട്രംപുമായി ഫോണിൽ സംസാരിച്ച കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. “സുരക്ഷാ പ്രശ്‌നങ്ങളിൽ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തുവെന്നും സംഭാഷണം മികച്ചതായിരുന്നു” എന്നും ഷെയ്ൻബോം പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്നുകളുടെ ഒഴുക്കും തടയുന്നതിൽ പരാജയമാകുന്ന പക്ഷം മെക്സിക്കോയിലും കാനഡയിലും 25% അധിക തീരുവ ചുമത്തുമെന്നു നേരത്തെ ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ, മെക്സിക്കോയിൽ നിന്നുള്ള വസ്തുക്കൾക്കും, വൻതോതിൽ രാജ്യത്തേക്ക് എത്തുന്ന ഫെൻ്റനൈലിനും 10% തീരുവ ചുമത്തുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
മെക്സിക്കോയിൽ നിന്ന് ചൈനീസ് അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് അനധികൃത ഫെൻ്റനൈൽ നിർമ്മിച്ച് മയക്കുമരുന്ന് മാഫിയകൾ അത് അമേരിക്കയിലേക്ക് കടത്തുന്നതായി അമേരിക്കൻ ഉദ്യോഗസ്ഥർ നേരത്തേ ആരോപിച്ചിരുന്നു. ഹെറോയിനിനെക്കാൾ 50 മടങ്ങ് കൂടുതൽ ശക്തിയുള്ള ഫെൻ്റനൈൽ ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ മരണത്തിന് കാരണമായിട്ടുണ്ട്.
ട്രംപിൻ്റെ ഭാഗത്ത് നിന്നുള്ള തിരിച്ചടിയിൽ മെക്സിക്കോയും അതേ നിലപാടാണ് സ്വീകരിച്ചത്. ട്രംപ് താരിഫ് ഉയർത്തിയാൽ തങ്ങളും താരിഫ് ഉയർത്തുമെന്നും ഷെയ്ൻബോം വ്യക്തമാക്കി. ഇതോടെ, അടുത്തിടെ ക്ലോഡിയ ഷെയ്ൻബോവുമായി നടന്ന സംഭാഷണത്തിലൂടെ രണ്ട് രാജ്യങ്ങളും തമ്മിൽ പുതിയ മുന്നേറ്റത്തിനുള്ള സാധ്യതകൾ ഉടലെടുത്തേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.



