...
Home News National ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ വിരുന്നില്‍ കാട്ടുകോഴി ഇറച്ചി വിവാദം

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ വിരുന്നില്‍ കാട്ടുകോഴി ഇറച്ചി വിവാദം

കടയില്‍ നിന്ന് വാങ്ങിയ ഇറച്ചിയല്ലെന്നും തങ്ങളുടെ ഗ്രാമത്തിലെ തന്നെ നാടന്‍ കോഴിയിറച്ചി ആണെന്നും പറഞ്ഞു

156

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിംഗ് സുഖുവിനെതിരെ കാട്ടുകോഴി വിവാദം ശക്തമാകുന്നു. മുഖ്യമന്ത്രി പങ്കെടുത്ത ഒരു പൊതുപരിപാടിക്കിടെ കാട്ടുകോഴിയെ കറിവെച്ച് വിളമ്പിയെന്ന ആരോപണമാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബിജെപിയാണ് ഇത്തരം അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുഫ്രി പ്രദേശത്തെ പൊതുപരിപാടിക്കിടെ വിളമ്പിയ ഇറച്ചിക്കറിയുമായി ബന്ധപ്പെട്ടാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ ഇത് കാട്ടുകോഴി കറിയല്ലെന്നും നാടന്‍ കോഴിക്കറിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ’’ഇതുവരെ നടന്നിട്ടില്ലാത്ത കാര്യത്തില്‍ ഞാനെന്ത് വിശദീകരണം നല്‍കണം? അത് കാട്ടുകോഴിയല്ലായിരുന്നു. ഞാന്‍ മാംസാഹാരം കഴിക്കില്ലെന്ന് അവരോട് പറഞ്ഞിരുന്നു.

കടയില്‍ നിന്ന് വാങ്ങിയ ഇറച്ചിയല്ലെന്നും തങ്ങളുടെ ഗ്രാമത്തിലെ തന്നെ നാടന്‍ കോഴിയിറച്ചി ആണെന്നും അവര്‍ പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ അല്ല ഞങ്ങള്‍ അവിടെ പോയത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനാണ്. ബിജെപിക്ക് ഉയര്‍ത്തിക്കാട്ടാന്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. അതുകൊണ്ടാണ് ഇത്തരം നിസാര പ്രശ്‌നങ്ങള്‍ വിവാദമാക്കാന്‍ അവര്‍ ശ്രമിക്കുന്നത്,’’ -സുഖ്‌വിന്ദര്‍ സിംഗ് സുഖു പറഞ്ഞു.

കാട്ടുകോഴി ഇറച്ചിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ധര്‍മ്മശാലയിലെ ഒരു എന്‍ജിഒയും രംഗത്തെത്തി. സംഭവത്തില്‍ പരാതിയുമായി മൃഗക്ഷേമ എന്‍ജിഒ വന്യജീവിസംരക്ഷണ വകുപ്പിനെ സമീപിച്ചു. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ രണ്ടാം പട്ടിക പ്രകാരം സംരക്ഷിത മൃഗങ്ങളുടെ കൂട്ടത്തില്‍പ്പെടുന്ന ജീവികളാണ് കാട്ടുകോഴി. അവയെ വേട്ടയാടുന്നതും ഭക്ഷണത്തിനായി ഉപയോഗിക്കുന്നതും നിയമ വിരുദ്ധമാണെന്ന് എന്‍ജിഒ നല്‍കിയ പരാതിയില്‍ പറയുന്നു.

ഷിംലയിലെ കുഫ്രിയില്‍ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുത്തതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തുടക്കംകുറിച്ചത്. കാട്ടുകോഴിക്കറി, ചോളം, ഗോതമ്പ് എന്നിവ കൊണ്ടുള്ള വിഭവങ്ങളും വിരുന്നില്‍ വിളമ്പിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിവാദം ശക്തമായതോടെ മൃഗക്ഷേമ സംഘടനകളും ബിജെപിയും സംഭവത്തെ അപലപിച്ച് രംഗത്തെത്തി. വിഷയത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.