| ഹരിമോഹൻ
ആലപ്പുഴയിൽ 10 മണിക്കൂറായിരുന്നെങ്കിൽ പാലക്കാട്ട് 24 മണിക്കൂറിനടുത്തു സമയം. പരസ്പര വൈരം തീർക്കാനായി രണ്ടു കൊലപാതകങ്ങൾ നടത്താൻ രണ്ടു രാഷ്ട്രീയ പാർട്ടികൾക്കു വേണ്ടി വന്ന സമയമാണ്. ആലപ്പുഴയിലേതു ഡിസംബറിലായിരുന്നു. രാത്രിയിൽ എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയെ ആർ.എസ്.എസുകാർ അന്നു വെട്ടിക്കൊലപ്പെടുത്തി. 10 മണിക്കൂറിനുള്ളിൽ പ്രതികാര നടപടിയെന്നോണം ആദ്യ കൊലപാതകം നടത്തിയെന്നു കരുതപ്പെടുന്ന രാഷ്ട്രീയപ്പാർട്ടിയുടെ പോഷക സംഘടനയുടെ സംസ്ഥാന സെക്രട്ടറിയെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തുന്നു. രാത്രി ഏഴര മുതൽ പുലർച്ചെ അഞ്ചുമണി വരെ നടന്ന കാര്യങ്ങളാണ്.
ഇപ്പോൾ ഊരിലും പേരിലും വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെന്നേയുള്ളൂ. പരസ്പരം ഇരയാക്കപ്പെട്ടവരും വേട്ടയാടിയവരും കൊലപാതക രീതിയും കാലയളവുമൊക്കെ ഒന്നുതന്നെയാണ്. ഇന്നലെ ഉച്ചയോടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ ആർ.എസ്.എസുകാർ വെട്ടിക്കൊലപ്പെടുത്തി. ഇന്നുച്ചയോടെ പ്രതികാരനടപടിയെന്നോണം ആർ.എസ്.എസ് പ്രവർത്തകനെ തിരിച്ചും കൊലപ്പെടുത്തി. രണ്ടും പട്ടാപ്പകൽ. ആദ്യ കൊലയിൽ പ്രതികൾ ഉപയോഗിച്ചിരുന്ന വാഹനം മുൻപു കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റേതാണെന്നു കണ്ടെത്തിയിരുന്നു. കൃത്യമായി രാഷ്ട്രീയക്കൊലപാതകമാണെന്നു വ്യക്തമാകുന്ന തെളിവ്. എന്നിട്ടും തുടർക്കൊലപാതകമുണ്ടായിരിക്കുന്നു, പകൽ നേരം തന്നെ, പോലീസിന്റെ ജാഗ്രതാ നിർദേശങ്ങൾ നിലനിൽക്കുന്ന ജില്ലയിൽ.
ആഭ്യന്തര വകുപ്പിന്റെ ഗുരുതരമായ വീഴ്ചയായിത്തന്നെയാണ് ഇതിനെ അഡ്രസ് ചെയ്യേണ്ടത്. വാഴയെന്നൊക്കെ വിളിച്ചു പോലീസിനും ആഭ്യന്തര മന്ത്രിക്കും തുടർച്ചയായി ലൈസൻസ് കൊടുക്കുന്നത് അങ്ങേയറ്റം അബദ്ധമാണ്. ഏതെങ്കിലും സംഘട്ടനത്തിനിടെ പ്രകോപനപരമായി സംഭവിച്ച കൊലപാതകങ്ങളല്ല സമീപകാലത്തു കേരളത്തിൽ നടന്നതൊന്നും, ഇപ്പോൾ പാലക്കാട്ടുണ്ടായതും. കൃത്യമായ ആസൂത്രണത്തോടെ രണ്ടു രാഷ്ട്രീയപ്പാർട്ടികൾ നടപ്പിലാക്കിയതാണിവ.
ആദ്യ കൊലപാതകം എപ്പോഴും അപ്രതീക്ഷമായിരിക്കും എന്ന പരിഗണന പോലീസിനു നൽകാം. രണ്ടാമത്തേതു പക്ഷേ അങ്ങനെയല്ല. ഒരു ദിവസം പോലും തികയും മുൻപ് എതിർപ്പാർട്ടികൾ പ്രതികാരം തീർത്തതാണവ. കേരളത്തിലെ ഇന്റലിജൻസ് സംവിധാനം അത്ര ദുർബലമൊന്നുമല്ല. ഈ വിവരങ്ങളൊക്കെയും അവർക്കു ലഭിച്ചിട്ടുണ്ട് എന്നുറപ്പാണ്. ആദ്യ കൊലപാതകം ഉണ്ടായപ്പോൾത്തന്നെ തിരിച്ചടി മുന്നിൽക്കണ്ടു വേണ്ടത്ര സുരക്ഷാ നടപടികൾ എടുത്തിരുന്നെങ്കിൽ തടയാമായിരുന്നതാണു രണ്ടാമത്തെ കൊലപാതകം. കേരളത്തിന്റെ ചരിത്രത്തിൽ ഇങ്ങനെ സർക്കാർ നേരിട്ടു ദുർബലപ്പെടുത്തിയ ഇന്റലിജൻസ് സംവിധാനവും ആഭ്യന്തര വകുപ്പും ഉണ്ടായിട്ടില്ല.
സർക്കാർ രണ്ടു രാഷ്ട്രീയപ്പാർട്ടികളെ തമ്മിൽത്തല്ലാനും കൊന്നുതള്ളാനും വിടുന്ന സാഹചര്യം കേരളത്തിന്റെ ജനാധിപത്യ സംവിധാനത്തെയൊട്ടാകെ തച്ചുടയ്ക്കും. കൊന്നവരുടെയും കൊല്ലപ്പെട്ടവരുടെയും രാഷ്ട്രീയം ചർച്ച ചെയ്യാനൊക്കെ പുറപ്പെടും മുൻപു ചർച്ച ചെയ്യേണ്ടതു കുറ്റകരമായ ഈ അനാസ്ഥയാണ്. ആവർത്തിച്ചാവർത്തിച്ച് എങ്ങനെയാണ് ഒരു പോലീസ് സംവിധാനം ഇത്ര പരാജയമാകുന്നത് എന്നു പരിശോധിക്കണം.
പേപ്പറിൽ കുറ്റവാളികളായി ഒന്നിലധികം ആളുകളുണ്ടാകും. പക്ഷേ മനഃപൂർവം തുടർച്ചയായി വീഴ്ചകൾ വരുത്തുന്ന ആഭ്യന്തര വകുപ്പും ആ വകുപ്പിനെ മൂക്കുകയറിട്ടു വെച്ച്, തങ്ങൾക്കിഷ്ടമുള്ള വണ്ണം ഉപയോഗിക്കുന്ന ആഭ്യന്തര മന്ത്രിയുമാണ് ഓരോ ജീവനിങ്ങനെ നഷ്ടപ്പെടുന്നതിന്റെയും ഉത്തരവാദികൾ.
നാടുനീളെയുള്ള മഞ്ഞകുറ്റികൾക്കു മേൽ കാക്കിയിട്ടവരെ നിരത്തിയിരുത്തി കെ-റെയിൽ കൊണ്ടുവരാൻ കാണിക്കുന്ന ജാഗ്രതയുടെ പാതിയെങ്കിലും മനുഷ്യന്റെ ജീവനോടു കാണിച്ചിരുന്നെങ്കിൽ.



