യുഎസ് സി-17 സൈനിക വിമാനത്തിൽ അമൃത്സറിൽ എത്തിയ ഇന്ത്യൻ കുടിയേറ്റക്കാർ, ‘കഴുത വഴിയിലൂടെ’ യുഎസിൽ എങ്ങനെ പ്രവേശിച്ചു എന്നതിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ചു.
നാടുകടത്തപ്പെട്ട 104 ഇന്ത്യൻ പൗരന്മാരിൽ ഒരാൾ പഞ്ചാബിൽ നിന്നുള്ളയാളാണ്. തന്നെ ആദ്യം ഇറ്റലിയിലേക്കും പിന്നീട് ലാറ്റിൻ അമേരിക്കയിലേക്കും കൊണ്ടുപോയതായി അവകാശപ്പെട്ടു. “വഴിയിൽ വെച്ച് 30,000- 35,000 രൂപ വിലവരുന്ന ഞങ്ങളുടെ വസ്ത്രങ്ങൾ മോഷ്‌ടിക്കപ്പെട്ടു,” -അദ്ദേഹം പിടിഐയോട് പറഞ്ഞു.
“ഞങ്ങളെ 15 മണിക്കൂർ നീണ്ട ബോട്ട് സവാരി നടത്തി. 40-45 കിലോമീറ്റർ നടക്കാൻ നിർബന്ധിച്ചു.” നാടുകടത്തപ്പെട്ടയാൾ പറഞ്ഞു. “ഞങ്ങൾ 17-18 കുന്നുകൾ കടന്നു. ഒരാൾ വഴുതി വീണാൽ അയാൾ രക്ഷപ്പെടാൻ ഒരു സാധ്യതയുമില്ല… നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. ആർക്കെങ്കിലും പരിക്കേറ്റാൽ അയാളെ മരിക്കാൻ വിടുമായിരുന്നു. ഞങ്ങൾ പലേടത്തും മൃതദേഹങ്ങൾ കണ്ടു,” -അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 104 അനധികൃത കുടിയേറ്റക്കാരുമായി യുഎസ് സി-17 സൈനിക വിമാനം ബുധനാഴ്‌ച അമൃത്സറിൽ വന്നിറങ്ങി. അവരിൽ 33 പേർ ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരും 30 പേർ പഞ്ചാബിൽ നിന്നുള്ളവരും മൂന്ന് പേർ മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരും രണ്ട് പേർ ചണ്ഡീഗഡിൽ നിന്നുള്ളവരുമാണ്.
നാടുകടത്തപ്പെട്ട മറ്റൊരു ഇന്ത്യക്കാരനായ ജസ്‌പാൽ സിംഗ്, ഒരു ട്രാവൽ ഏജന്റ് തന്നെ വഞ്ചിച്ചുവെന്നും നിയമപരമായി യുഎസിലേക്ക് കൊണ്ടുപോകാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്‌തതായും അവകാശപ്പെട്ടു.
“ശരിയായ വിസ ഉപയോഗിച്ച് എന്നെ അയയ്ക്കാൻ ഞാൻ ഏജന്റിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അയാൾ എന്നെ വഞ്ചിച്ചു,” -30 ലക്ഷം രൂപയ്ക്കാണ് ഇടപാട് നടന്നതെന്ന് സിംഗ് പിടിഐയോട് പറഞ്ഞു.
കഴിഞ്ഞ വർഷം ജൂലൈയിൽ താൻ വിമാനമാർഗം ബ്രസീലിൽ എത്തിയതായി സിംഗ് അവകാശപ്പെട്ടു. യുഎസിലേക്കുള്ള അടുത്ത യാത്രയും വിമാന മാർഗമാണെന്ന് തനിക്ക് വാഗ്ദാനം ലഭിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, തൻ്റെ ഏജന്റ് തന്നെ “വഞ്ചിച്ചു”, നിയമവിരുദ്ധമായി അതിർത്തി കടക്കാൻ നിർബന്ധിച്ചു.
ബ്രസീലിൽ ആറുമാസം താമസിച്ച ശേഷം അദ്ദേഹം അതിർത്തി കടന്ന് യുഎസിലെത്തി. പക്ഷേ യുഎസ് ബോർഡർ പട്രോളിൻ്റെ പിടിയിലായി.
പഞ്ചാബ് പോലീസ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ ഏജൻസികളും വിവിധ സംസ്ഥാന, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും വിമാനത്താവള ടെർമിനൽ കെട്ടിടത്തിനുള്ളിൽ നാടുകടത്തപ്പെട്ടവരെ ചോദ്യം ചെയ്‌തു. അവർക്ക് എന്തെങ്കിലും ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നും പരിശോധിക്കുന്നു.


