യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും വാർത്തകളിൽ ഇടം നേടി. ഇത്തവണ കാരണം അദ്ദേഹത്തിൻ്റ പുതിയ പദ്ധതിയാണ്. അതിന് “ഗോൾഡ് കാർഡ്” എന്ന് പേരിട്ടിരിക്കുന്നു. അമേരിക്കൻ പൗരത്വം എളുപ്പമാക്കുമെന്ന് ഈ പദ്ധതി അവകാശപ്പെടുന്നു. പക്ഷേ, അതിൽ ഒരു വ്യവസ്ഥയുണ്ട്.
വലിയ തുക ചെലവഴിക്കാൻ തയ്യാറുള്ളവർക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ. അഞ്ചു ദശലക്ഷം ഡോളർ (ഏകദേശം 44 കോടി രൂപ) നിക്ഷേപിക്കുന്നവർക്ക് നേരിട്ട് അമേരിക്കൻ പൗരത്വം നൽകുമെന്ന് ട്രംപ് ഭരണകൂടം പറയുന്നു. ഈ ഗോൾഡ് കാർഡ് രണ്ടാഴ്ചക്കുള്ളിൽ ആരംഭിക്കും. നിലവിലുള്ള ഇബി-5 വിസ പ്രോഗ്രാമിന് പകരമായി ഇത് ഉയർന്നുവരും.
എന്താണ് ഗോൾഡ് കാർഡ്? സവിശേഷതകൾ
അമേരിക്കയിൽ സ്ഥിര പൗരത്വത്തിനായി ഗ്രീൻ കാർഡ് ലഭിക്കുന്നത് ഒരു നീണ്ട പോരാട്ടം തന്നെയാണ്. ഇതിന് നിരവധി വർഷങ്ങൾ എടുക്കും. പ്രക്രിയ വളരെ സങ്കീർണ്ണവുമാണ്. എന്നാൽ ഗോൾഡ് കാർഡ് ഈ പ്രക്രിയ എളുപ്പമാക്കുമെന്ന് വഗ്ദാനം ചെയ്യുന്നു. 1990 ൽ ആരംഭിച്ച EB-5 വിസ പ്രോഗ്രാമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ പദ്ധതി. EB-5 പ്രകാരം, വിദേശ നിക്ഷേപകർ അമേരിക്കയിൽ പണം നിക്ഷേപിച്ച് തൊഴിൽ സൃഷ്ടിച്ചുകൊണ്ട് പൗരത്വം നേടാൻ യോഗ്യരാകുന്നു.
അഞ്ചു മില്യൺ ഡോളറിന് പകരമായി നേരിട്ട് പൗരത്വം വഗ്ദാനം ചെയ്യുന്നതിലൂടെ ഗോൾഡ് കാർഡ് ഇത് ലളിതമാക്കുന്നു. ഇത് രാജ്യത്തിന് വലിയ വരുമാനം ഉണ്ടാക്കുമെന്നും ദേശീയ കടം കുറക്കാൻ സഹായിക്കുമെന്നും ട്രംപ് അവകാശപ്പെടുന്നു (2025 ഫെബ്രുവരി 24-ലെ കണക്കനുസരിച്ച് ഇത് 36.22 ട്രില്യൺ ഡോളറായിരുന്നു).
ലോകമെമ്പാടുമുള്ള സമ്പന്നരെ ആകർഷിച്ചു കൊണ്ട് 10 ലക്ഷം ഗോൾഡ് കാർഡുകൾ വിൽക്കുക എന്നതാണ് പ്രസിഡന്റ് ലക്ഷ്യമിടുന്നത്. ഇത് അമേരിക്കൻ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുക മാത്രമല്ല, രാജ്യത്തെ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്നാൽ ചോദ്യം, ഈ പദ്ധതി സാധാരണക്കാർക്ക് ശരിക്കും പ്രയോജനകരമാകുമോ, അതോ സമ്പന്നർക്ക് മാത്രമുള്ള ഒരു സുവർണ്ണാവസരമായി ഇത് തുടരുമോ എന്നതാണ്?
അനധികൃത കുടിയേറ്റത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന് ഇടയിലാണ് പുതിയ പാതതുറക്കുന്നത്. 2025 ജനുവരി 20ന് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ഉടൻ തന്നെ ട്രംപ് അനധികൃത കുടിയേറ്റക്കാർക്ക് എതിരെ കർശന നിലപാട് സ്വീകരിച്ചു. യുഎസ് ജനസംഖ്യയുടെ 15% കുടിയേറ്റക്കാരാണ്. ഇന്ത്യ, മെക്സിക്കോ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇതിൽ മുമ്പന്തിയിൽ.
രാജ്യത്തെ ജനസംഖ്യയുടെ 3% അനധികൃത കുടിയേറ്റക്കാരാണെന്ന് കണക്കാക്കപ്പെടുന്നു. അതേസമയം, അമേരിക്കയിൽ നിയമവിരുദ്ധമായി പ്രവേശിക്കുന്നവരെ പുറത്താക്കാനുള്ള പ്രചാരണം ശക്തമായി തുടരുന്നതിനിടെയാണ് ഗോൾഡ് കാർഡ് പ്രഖ്യാപനം വന്നിരിക്കുന്നത്.
എല്ലാ വർഷവും ഇന്ത്യയിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ ‘കഴുത വഴി’ അതായത് നിയമവിരുദ്ധ മാർഗങ്ങളിലൂടെ അമേരിക്കയിലെത്താൻ ശ്രമിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഏഴ് മുതൽ എട്ട് ലക്ഷം വരെ ഇന്ത്യക്കാർ അമേരിക്കയിൽ അനധികൃതമായി താമസിക്കുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും ഏജന്റുമാർ വഴി 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ചെലവഴിക്കുന്നു. എന്നാൽ ഗോൾഡ് കാർഡ് അവർക്ക് ഒരു ആശ്വാസവും നൽകില്ല. കാരണം 44 കോടി രൂപ നിക്ഷേപിക്കുന്നത് സാധാരണക്കാരൻ്റെ പരിധിക്ക് അപ്പുറമാണ്.
സമ്പന്നർക്ക് ഗെയിം ചേഞ്ചർ, ദരിദ്രർക്ക് ഒരു സ്വപ്നം
ഇന്ത്യയിലെ സമ്പന്ന വിഭാഗത്തിന് ഈ ഗോൾഡ് കാർഡ് പദ്ധതി ഒരു വലിയ അവസരമായിരിക്കും. EB-5 വിസയിലൂടെ അമേരിക്കയിൽ നിക്ഷേപം നടത്താൻ ഇതിനകം ചിന്തിച്ചിരുന്നവർക്ക് ഇത് വേഗതയേറിയതും എളുപ്പവുമായ ഒരു മാർഗമായിരിക്കും. ഈ പദ്ധതി നടപ്പിലാക്കിയതിന് ശേഷം EB-5 പ്രോഗ്രാം അവസാനിപ്പിക്കുന്നതിനെ കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ കഠിനാധ്വാനം ചെയ്തും റിസ്ക് എടുത്തും അമേരിക്കയിലെത്താൻ സ്വപ്നം കാണുന്ന സാധാരണക്കാർക്ക് ഈ പദ്ധതി ഒരു വിദൂര സ്വപ്നമായി തുടരും.
യുഎസിൽ നിലവിലുള്ള തൊഴിൽ അധിഷ്ഠിത വിസ ഓപ്ഷനുകൾ
യുഎസ് ഇതിനകം തന്നെ നിരവധി തരം തൊഴിൽ അതിഷ്ഠിത വിസകളുണ്ട്. അവയിൽ ചിലത് ഇവയാണ്:
EB-1: ശാസ്ത്രജ്ഞർ, കലാകാരന്മാർ, കായിക താരങ്ങൾ തുടങ്ങിയ അസാധാരണ കഴിവുള്ള ആളുകൾക്ക്.
EB-2: ഉന്നത വിദ്യാഭ്യാസമോ പ്രത്യേക വൈദഗ്ധ്യമോ ഉള്ള പ്രൊഫഷണലുകൾക്ക്.
EB-3: വിദഗ്ധ തൊഴിലാളികൾക്കും പൊതുതൊഴിലാളികൾക്കും.
EB-4: മത പ്രവർത്തകർ അല്ലെങ്കിൽ മുൻ സർക്കാർ ജീവനക്കാർ പോലുള്ള പ്രത്യേക ഗ്രൂപ്പുകൾക്ക്.
2025 ൽ EB-5 പ്രകാരം ഏകദേശം 19,000 വിസകൾ നൽകാൻ പദ്ധതികളുണ്ട്. എന്നാൽ ഗോൾഡ് കാർഡിൻ്റ വരവോടെ ഈ പ്രോഗ്രാമിന് അതിൻ്റ പ്രസക്തി നഷ്ടപ്പെട്ടേക്കാം.
ഒരു പുതിയ തുടക്കമോ അതോ വിവാദങ്ങളുടെ വിത്തോ?
അമേരിക്കൻ പൗരത്വത്തെ ഒരു “ആഡംബര ഉൽപ്പന്നം” ആക്കി മാറ്റാനുള്ള ശ്രമമാണ് ട്രംപിൻ്റ ‘ഗോൾഡ് കാർഡ്’ പദ്ധതി. ലോകമെമ്പാടുമുള്ള സമ്പന്നരെ ആകർഷിക്കുന്നതിനുള്ള ഒരു മാർഗമായിരിക്കാം ഇത്. പക്ഷേ അതിൻ്റ സാമൂഹികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളും കുറവല്ല.
ഒരു വശത്ത് ഇത് അമേരിക്കൻ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുമ്പോൾ, മറുവശത്ത് സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് കൂടുതൽ വർദ്ധിപ്പിക്കും. അനധികൃത കുടിയേറ്റം തടയുന്നതിൽ ഈ പദ്ധതി ഫലപ്രദമാകുമോ, അതോ ഇത് മറ്റൊരു വിവാദപരമായ നീക്കമായി മാറുമോ? വരും ദിവസങ്ങൾ തീർച്ചയായും ഇതിന് ഉത്തരം ഉണ്ടാകും.




