ആറ് മാസത്തിനുള്ളിൽ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വില പെട്രോൾ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 32-ാമത് കൺവെർജൻസ് ഇന്ത്യ എക്സ്പോയെയും 10-ാമത് സ്മാർട്ട് സിറ്റീസ് ഇന്ത്യ എക്സ്പോയെയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
212 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-ഡെറാഡൂൺ ആക്സസ്-കൺട്രോൾഡ് എക്സ്പ്രസ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും ആറ് മാസത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോൾ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇറക്കുമതിക്ക് പകരമുള്ളത്, ചെലവ് കുറഞ്ഞത്, മലിനീകരണ രഹിതം, തദ്ദേശീയ ഉൽപ്പാദനം എന്നിവയാണ് സർക്കാരിന്റെ നയമെന്നും ഇന്ത്യയെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കാൻ, രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ മേഖല മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. “നല്ല റോഡുകൾ നിർമ്മിക്കുന്നതിലൂടെ, നമുക്ക് ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കാൻ കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു.



