...
Home News Kerala പ്രകോപനമായി ഫേസ്ബുക്കിൽ പോസ്റ്റുകളിട്ട ആസാം സ്വദേശിയെ അറസ്റ്റ് ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കി

പ്രകോപനമായി ഫേസ്ബുക്കിൽ പോസ്റ്റുകളിട്ട ആസാം സ്വദേശിയെ അറസ്റ്റ് ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കി

പ്രധാനമന്ത്രിയെയും മറ്റ് നേതാക്കളെയും അപഹസിക്കുന്ന രീതിയിലുള്ളതുമായ പോസ്റ്റുകൾ ഫേസ്ബുക്കിൽ ഇട്ടതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്

151

രാജ്യവിരുദ്ധ പ്രചാരണം നടത്തി ജനങ്ങൾക്കിടയിൽ പ്രകോപനമുണ്ടാക്കി ചേരിതിരിഞ്ഞ് പ്രക്ഷോഭം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ഫേസ്ബുക്കിലൂടെ, പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ മോശമായി ചിത്രീകരിച്ച പോസ്റ്റുകളിടുകയും ഷെയർ ചെയ്യുകയും ചെയ്‌തതിന് അറസ്റ്റിലായ ആസാം സ്വദേശിയെ കോടതിയിൽ ഹാജരാക്കി.

ആസാം ദിബ്രൂഗഡ് സോണിട്ട്പുർ, ബോകജൻ, ജാഗ്ലോവനി,ബിലാൽ അലിയുടെ മകൻ ഇദ്രിഷ് അലി(23)യാണ് പിടിയിലായത്. ഇയാൾക്കെതിരെ ബിഎൻഎസിലെ വകുപ്പ് 196 പ്രകാരമാണ് കേസെടുത്തത്.

ആറന്മുള നാൽക്കാലിക്കൽ പാലത്തിന് സമീപം മത്സ്യകച്ചവടം നടത്തുകയാണ് ഇയാൾ. പ്രധാനമന്ത്രിയെയും മറ്റ് നേതാക്കളെയും അപഹസിക്കുന്ന രീതിയിലുള്ളതുമായ പോസ്റ്റുകൾ ഫേസ്ബുക്കിൽ ഇട്ടതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

ഞായറാഴ്‌ച വൈകുന്നേരം അഞ്ചു മണിയോടെ ഇയാളെ ആറന്മുള പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രാഥമിക നടപടികൾക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്‌തു അറസ്റ്റ് രേഖപ്പെടുത്തി.

കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. കൂടുതൽ ചോദ്യം ചെയ്യലിൽ ഇയാൾക്ക് ഒന്നിലധികം മൊബൈൽ ഫോണുകൾ ഉള്ളതായി വ്യക്തമായി. വാടകക്ക് താമസിക്കുന്ന കിടങ്ങന്നൂർ വല്ലനലയിലുള്ള വീട്ടിൽ പരിശോധന നടത്തി മറ്റൊരു ഫോൺ കണ്ടെത്തി കസ്റ്റഡിയിൽ എടുത്തു.

ആറന്മുള പൊലീസ് ഇൻസ്‌പെക്ടർ വിഎസ് പ്രവീണിൻ്റെ നേതൃത്വത്തിൽ ആയിരുന്നു നടപടി. പ്രതിയെ കോടതിയിൽ ഹാജരാക്കി. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.