മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ രാജ്യത്തെ ഭീകരവിരുദ്ധ നിയമപ്രകാരം ഔദ്യോഗികമായി നിരോധിച്ചു. നിരോധനം സംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം അടുത്ത പ്രവൃത്തി ദിവസം പുറപ്പെടുവിക്കും.
ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിൽ (ഐസിടി) അവാമി ലീഗിൻ്റെ വിചാരണ പൂർത്തിയാകുന്നതുവരെ നിരോധനം പ്രാബല്യത്തിൽ തുടരും. രാജ്യത്തിൻ്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടക്കാല സർക്കാരിൻ്റെ നിരോധന നീക്കം.
അവാമി ലീഗ് ഭരണകൂടത്തിൻ്റെ പതനത്തിലേക്ക് നയിച്ച 2024 ജൂലൈയിലെ പ്രക്ഷോഭത്തിൻ്റെ സാക്ഷികൾ, പരാതിക്കാർ, പിന്തുണക്കാർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകതയും സർക്കാർ ചൂണ്ടിക്കാട്ടി.
യൂനസിൻ്റെ അധ്യക്ഷതയിൽ ചേർന്ന അതേ യോഗത്തിൽ രാഷ്ട്രീയ പാർട്ടികളെയും അവയുടെ മുന്നണി സംഘടനകളെയും അനുബന്ധ സ്ഥാപനങ്ങളെയും പ്രോസിക്യൂട്ട് ചെയ്യാൻ ട്രൈബ്യൂണലിന് അധികാരം നൽകുന്ന ഐസിടി നിയമത്തിൽ ഭേദഗതികൾ വരുത്തി.



