...
Home News Kerala “ആ തെറ്റ് ചെയ്‌തിട്ടില്ല, ഉപജീവന മാർഗം തകർത്തു”; പരാതിൽ ഉറച്ചു നിന്ന് ബിന്ദു

“ആ തെറ്റ് ചെയ്‌തിട്ടില്ല, ഉപജീവന മാർഗം തകർത്തു”; പരാതിൽ ഉറച്ചു നിന്ന് ബിന്ദു

പരാതിയിൽ നടപടിയെടുക്കാൻ വൈകിയെന്ന് തോന്നുന്നില്ല. എല്ലാവരും പിന്തുണ നൽകുന്നുണ്ട്

405

വ്യാജ മോഷണ പരാതിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ദളിതയായ ബിന്ദു. തന്നെ മാനസികമായി തകർത്ത ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ കൂടിയുണ്ടെന്നും മൂന്ന് പൊലീസുകാരാണ് ആത്മഹത്യയുടെ വക്കിൽ എത്തിച്ചതെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. ഏറ്റവും കൂടുതൽ തന്നെ വേദനിപ്പിച്ചത് എഎസ്ഐ പ്രസന്നൻ ആണെന്ന് ബിന്ദു പറഞ്ഞു. ഒരാൾക്കും കൂടി നടപടിയെടുക്കണം എന്നാലേ തനിക്ക് തൃപ്‌തി ഉണ്ടാകൂ എന്നും ബിന്ദു വ്യക്തമാക്കി.

എസ്.ഐ പ്രസാദിനെയും എഎസ്ഐ പ്രസന്നനെയും സസ്പെൻഡ് ചെയ്‌തിരുന്നു. മൂന്നാമതൊരു പൊലീസ് ഉദ്യോ​ഗസ്ഥൻ ഉണ്ട്. പേരറിയില്ലെന്നും കണ്ടാൽ അറിയാമെന്നും ബിന്ദു പറയുന്നു. ഇയാളാണ് കസ്റ്റഡിയിൽ എടുത്ത് കൊണ്ടുപോകുന്ന സമയം കാറിലിരുന്ന് തന്നെ അസഭ്യം പറഞ്ഞതെന്ന് ബിന്ദു പറയുന്നു. ഇയാൾക്കെതിരെയും നടപടി വേണമെന്നാണ് ബിന്ദുവിൻ്റെ ആവശ്യം.

അതേസമയം സ്വർണം മോഷ്‌ടിച്ചെന്ന് പരാതി നൽകിയ ഓമനക്കെതിരെയും പരാതിയുമായി മുന്നോട്ട് പോകുമെന്ന് ബിന്ദു വ്യക്തമാക്കി. മാനനഷ്‌ടക്കേസ് കൊടുക്കും. തൻ്റെ ഉപജീവന മാർ​ഗമാണ് അവർ തകർത്തു കളഞ്ഞതെന്ന് ബിന്ദു. ഭയങ്കര ജോലിയുണ്ടായിരുന്നു ആ വീട്ടിൽ. പെട്ടെന്ന് ജോലി തീർത്ത് വീട്ടിൽ വരികയാണ് ചെയ്‌തതെന്ന് ബിന്ദു പറഞ്ഞു.

“പരാതിയിൽ നടപടിയെടുക്കാൻ വൈകിയെന്ന് തോന്നുന്നില്ല. എല്ലാവരും പിന്തുണ നൽകുന്നുണ്ട്. ആ തെറ്റ് താൻ ചെയ്‌തിട്ടില്ല. ഇനി ചെയ്യുകയുമില്ല. അന്തസായി ജീവിക്കണം. മക്കളെ വളർത്തണം. ആ ഒരു ആഗ്രഹം മാത്രമാണ് ഉള്ളത്”, -ബിന്ദു പറഞ്ഞു. കൃത്യനിർവഹണത്തിൽ വീഴ്‌ച വരുത്തിയെന്ന് കണ്ടെതിയതിന് പിന്നാലെയാണ് എ.എസ്.ഐ പ്രസന്നനെ സസ്പെൻഡ് ചെയ്‌തത്.

ചുള്ളിമാനൂർ സ്വദേശി ബിന്ദുവിനെ കസ്റ്റഡിയിൽ എടുക്കുന്ന ദിവസം ജിഡി ഇൻചാർജ് ആയിരുന്നു പ്രസന്നൻ. ഉദ്യോഗസ്ഥൻ അമിതാധികാര പ്രയോഗം നടത്തി. മോശം വാക്കുകൾ ഉപയോഗിച്ചു എന്നിവ കണ്ടെത്തിയിരുന്നു.

തിരുവനന്തപുരത്ത് സ്വർണമാല മോഷ്‌ടിച്ചെന്നാരോപിച്ച് വീട്ടുടമ നൽകിയ പരാതിയിലാണ് പൊലീസ് ദളിത് യുവതിയെ കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ചത്. 20 മണിക്കൂർ പൊലീസ് സ്റ്റേഷനിൽ നിർത്തിയെന്നും കുടിവെള്ളം പോലും നൽകിയില്ലെന്നുമാണ് യുവതിയുടെ ആരോപണം.

കുറ്റം സമ്മതിച്ചില്ലെങ്കിൽ കുടുംബം മുഴുവൻ അകത്താകും എന്ന് ഉൾപ്പെടെ ഭീഷണി ഉണ്ടായിരുന്നു. പെൺമക്കളെ രണ്ട് പേരെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും പലപ്രാവശ്യം തല്ലാൻ കൈ ഓങ്ങിയിരുന്നുവെന്ന് ബിന്ദു പറഞ്ഞിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.