എത്ര മദ്യപിച്ചാലും ഒട്ടും ഫിറ്റാകാത്ത ഒരു ഇത്തിരികുഞ്ഞന്‍ ജീവിയുണ്ട്. മലേഷ്യയില്‍ കാണപ്പെടുന്ന ട്രീഷ്രൂ ആണത്. ഇവയ്ക്ക് 100 ശതമാനം ബിയറിന് തുല്യമായ അളവില്‍ മദ്യം കഴിച്ചാലും അത് ലഹരിയുണ്ടാക്കില്ല. മലേഷ്യയില്‍ കാണപ്പെടുന്ന ബെര്‍ട്ടാം ഈന്തപ്പനയിലെ പൂമൊട്ടുകളില്‍ കാണപ്പെടുന്ന പുളിച്ച തേനാണ് ഇവയുടെ പ്രധാന ആഹാരം. ഈ പൂന്തേനില്‍ 3.8 ശതമാനം വരെ മദ്യത്തിൻ്റെ അളവുണ്ട്.
പ്രകൃതിദത്തമായ ഭക്ഷണത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന അളവിൽ മദ്യ സാന്ദ്രത അടങ്ങിയതാണ് ഈ പൂന്തേന്‍. മനുഷ്യന്‍, പക്ഷികള്‍, വവ്വാലുകള്‍, തുടങ്ങിയവ മദ്യപിക്കുമെന്ന് അറിയാമെങ്കിലും ട്രീഷ്രൂവാണ് അവയേക്കാള്‍ അധികമായി മദ്യപിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
മദ്യം കുടിക്കുന്ന മറ്റ് മൃഗങ്ങള്‍ ധാരാളമുണ്ട്. പക്ഷേ, അവയൊന്നും തുടര്‍ച്ചയായി അത് കുടിക്കുന്നില്ലെന്ന് വെസ്റ്റേണ്‍ ഓൻ്റെറിയോ സര്‍വകലാശാലയിലെ മൈക്രോബയോളജിസ്റ്റും ഗവേഷകനുമായ മാര്‍ക്ക്- ആന്‍ഡ്രെ ലാച്ചന്‍സ് പറഞ്ഞു.
”വവ്വാലുകളും പക്ഷികളും മദ്യമടങ്ങിയ ഫലങ്ങള്‍ കായ്ക്കുന്ന സമയത്താണ് അവ കഴിക്കാറ്. എന്നാല്‍, ട്രീഷ്രൂകള്‍ വര്‍ഷം മുഴുവന്‍ എല്ലാ ദിവസവും മദ്യപിക്കുന്നു. ഇത് അതിശയിപ്പിക്കുന്ന കാര്യമാണ്,” -അദ്ദേഹം പറഞ്ഞു. ഇത്രയധികം മദ്യപിച്ചാലും ഒട്ടും ലഹരി ഇവര്‍ക്ക് പിടിക്കില്ലെന്നതാണ് അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം.




