Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
സജി ചെറിയാന് ഭരണഘടനയായിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കത് ഇന്ത്യ നേടിയ സ്വാതന്ത്ര്യമായിരുന്നു | Nalamidam
20 September 2026
Home News Kerala സജി ചെറിയാന് ഭരണഘടനയായിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കത് ഇന്ത്യ നേടിയ സ്വാതന്ത്ര്യമായിരുന്നു

സജി ചെറിയാന് ഭരണഘടനയായിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കത് ഇന്ത്യ നേടിയ സ്വാതന്ത്ര്യമായിരുന്നു

1956-ൽ ഏപ്രിൽ 19 മുതൽ 29 വരെ പാലക്കാട്ടു നടന്ന നാലാം പാർട്ടി കോൺഗ്രസിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്നാവശ്യപ്പെട്ട് കെ മാധവൻ അവതരിപ്പിച്ച പ്രമേയത്തെ വോട്ടിനിട്ടു തള്ളി.

191

| ഹരിമോഹൻ

1947 മുതൽ 2021 വരെയുള്ള 74 വർഷം സജി ചെറിയാനേക്കാൾ വലിയ വിവരക്കേടിൽക്കൂടിയാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി മുന്നോട്ടുപോയത്. സജി ചെറിയാനു ഭരണഘടനയായിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കത് ഇന്ത്യ നേടിയ സ്വാതന്ത്ര്യമായിരുന്നു.

1947-ൽ ഇന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി അംഗീകരിച്ചിരുന്നു. ഓഗസ്റ്റ് 15-ന് നെഹ്‌റു സർക്കാരിനെ ശക്തിപ്പെടുത്തണമെന്ന് പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറി പി.സി ജോഷിയെഴുതിയ മുഖലേഖനത്തോടെ പാർട്ടി മുഖപത്രമായ ‘പീപ്പിൾസ് ഡെമോക്രസി’ പുറത്തിറങ്ങുകയും ചെയ്തിരുന്നു. ഈ നിലപാട് ഒരുവർഷം മാത്രമേ നിലനിന്നുള്ളൂ.

1948-ൽ പുറത്തിറങ്ങിയ രണദിവെ തിസീസ് അഥവാ കൽക്കട്ട തിസീസ് വഴി ഈ നിലപാട് കമ്മ്യൂണിസ്റ്റ്‌ പാർട്ടി തിരുത്തി. സമ്പൂർണ സ്വാതന്ത്ര്യം കിട്ടിയില്ല എന്ന വാദമാണ് ഈ തീസിസിൽ അവർ മുന്നോട്ടുവെച്ചത്. ദിസ് ഫ്രീഡം ഈ ഫാൾസ് അഥവാ ഈ സ്വാതന്ത്ര്യം മിഥ്യയാണ് എന്നായിരുന്നു അന്ന് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉയർത്തിയ മുദ്രാവാക്യം. സ്വാതന്ത്ര്യത്തെ അപ്പോഴും അംഗീകരിച്ചിരുന്ന പി.സി ജോഷിയുടെ സ്ഥാനം തെറിച്ചു. പകരം സമ്പൂർണ സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന തീസിസ് അവതരിപ്പിച്ച ബി.ടി രണദിവെ പാർട്ടി ജനറൽ സെക്രട്ടറിയായി.

1956-ൽ ഏപ്രിൽ 19 മുതൽ 29 വരെ പാലക്കാട്ടു നടന്ന നാലാം പാർട്ടി കോൺഗ്രസിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്നാവശ്യപ്പെട്ട് കെ മാധവൻ അവതരിപ്പിച്ച പ്രമേയത്തെ വോട്ടിനിട്ടു തള്ളി. 1958-ലെ അമൃത്സർ പാർട്ടി കോൺഗ്രസിൽ ആ നിലപാടും പാർട്ടി തിരുത്തി. സ്വാതന്ത്ര്യത്തിന്റെ ഉള്ളടക്കത്തെ അംഗീകരിക്കാനും സ്വാതന്ത്ര്യദിനം ആഘോഷിക്കാനും പാർട്ടി തീരുമാനിച്ചു.

1964-ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു. ശേഷം സി.പി.ഐ സ്വാതന്ത്ര്യദിനം പതാക ഉയർത്തിത്തന്നെ ആഘോഷിച്ചു. പക്ഷേ, സി.പി.ഐ.എം അപ്പോഴും അതിനു തയ്യാറായില്ല. ഒടുവിൽ കഴിഞ്ഞവർഷം മുതൽ പാർട്ടി ആസ്ഥാനങ്ങളിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ സി.പി.ഐ.എം തീരുമാനിച്ചു.

ഇങ്ങനെ സി.പി.ഐക്ക്‌ 17 വർഷവും സി.പി.ഐ.എമ്മിന് 74 വർഷവും വേണ്ടിവന്നു ഇന്ത്യയുടെ സ്വാതന്ത്ര്യം ആഘോഷിക്കാനും അംഗീകരിക്കാനും. ഫാസിസം വന്നുവെന്ന് ഇപ്പോഴും അംഗീകരിക്കാൻ തയ്യാറാകാത്ത പ്രകാശ് കാരാട്ടും എം.എ ബേബിയുമുള്ള അതേ സി.പി.ഐ.എം തന്നെയാണിത്. സജി ചെറിയാൻ മന്ത്രിയായി അഞ്ചുവർഷം തികയ്ക്കും എന്ന് ഉറച്ചുവിശ്വസിക്കുന്നു.