...
Home News International ഇസ്രയേലിന് എതിരെ ഇറാനെ പിന്തുണക്കാൻ തയ്യാറാണ്; പരസ്യ പ്രസ്‌താവനയുമായി ഹൂതികൾ

ഇസ്രയേലിന് എതിരെ ഇറാനെ പിന്തുണക്കാൻ തയ്യാറാണ്; പരസ്യ പ്രസ്‌താവനയുമായി ഹൂതികൾ

ഇസ്രയേലുമായുള്ള സൈനിക ആക്രമണം തുടരവെ ഹൂതികൾ ഇറാനെ പിന്തുണക്കുന്നു എന്നായിരുന്നു മുഹമ്മദ് അൽ ബുഖൈത്തിയുടെ പ്രതികരണം

166

കെയ്റോ: ഇസ്രയേലിന് എതിരെയുളള ആക്രമണത്തിൽ ഇറാനെ പിന്തുണക്കുമെന്ന് ഹൂതികൾ. മധ്യേഷ്യയിലെ മാധ്യമ സ്ഥാപനമായ അൽ ജസീറ മുബാഷർ ടിവിയോടാണ് ഹൂതി അംഗം ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്.

ഹൂതി പൊളിറ്റിക്കൽ ബ്യൂറോ അംഗമായ മുഹമ്മദ് അൽ ബുഖൈത്തിയും പിന്തുണ പ്രസ്‌താവന സ്ഥിരീകരിച്ചു കൊണ്ട് രം​ഗത്ത് എത്തിയിരുന്നു. ഇസ്രയേലുമായുള്ള സൈനിക ആക്രമണം തുടരവെ ഹൂതികൾ ഇറാനെ പിന്തുണക്കുന്നു എന്നായിരുന്നു മുഹമ്മദ് അൽ ബുഖൈത്തിയുടെ പ്രതികരണം.

ഗാസയിലെ ഇസ്രയേൽ അധിനിവേശത്തെ തുടർന്ന് ടെൽ അവീവ് ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണം നടത്തിയിരുന്നു. ​ഗാസക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു ഹൂതികളുടെ ഈ നീക്കം. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇറാന് പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേലിന് എതിരെയുളള ആക്രമണത്തിൽ പങ്ക് ചേരുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇറാൻ- ഇസ്രയേൽ ആക്രമണം തുടരവെ ആദ്യമായാണ് ഒരു സംഘം തെഹ്റാന് പരസ്യ പിന്തുണ അറിയിച്ച് രം​ഗത്തെത്തുന്നത്. അമേരിക്ക ഇസ്രയേലിന് പൂർണ പിന്തുണയാണ് നൽകി കൊണ്ടിരിക്കുന്നത്.

കാനഡ, ഫ്രാൻസ് എന്നീ ലോകരാജ്യങ്ങളും, ജി -7 ഉച്ചക്കോടിക്കായി കാനഡയിൽ ഒത്തു ചേർന്ന ലോക നേതാക്കളും ഇസ്രയേലിനെ അനുകൂലിച്ചിരുന്നു. ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ജി -7 നേതാക്കളും യൂറോപ്യൻ യൂണിയനുമാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.

നേരത്തെ ഇറാനെതിരായ ആക്രമണത്തിൽ ഇസ്രയേലിനെ പരോക്ഷമായി വിമർശിച്ച് കൊണ്ട് ചൈന രംഗത്തെത്തിയിരുന്നു. ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തിൽ അതീവ ഉത്കണ്ഠയുണ്ടെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

ഇറാൻ്റെ പരമാധികാരം, സുരക്ഷ, പ്രദേശിക സമഗ്രത എന്നിവക്ക് മേലുള്ള ഏതൊരു കടന്നു കയറ്റത്തെയും ചൈന എതിർക്കുന്നു. സംഘർഷ സാഹചര്യം തണുപ്പിക്കാൻ ക്രിയാത്മക പങ്ക് വഹിക്കാൻ തയ്യാറാണ്‌ എന്നുമായിരുന്നു ചൈനയുടെ പ്രതികരണം.

ഇസ്രയേലിന് എതിരായ ആക്രമണത്തിൽ മുതിർന്ന ഹമാസ് നേതാവ് ഇസാത്ത് അൽ- റിഷെഖ് ഇറാനെ പ്രശംസിച്ചിരുന്നു. ഇസ്രയേലിന്റെ അത്യാധുനിക പ്രതിരോധം പരാജയപ്പെട്ടിരിക്കുന്നു. കാലങ്ങളായി പശ്ചിമേഷ്യയിലെ ജനങ്ങൾക്കിടയിൽ ജ്വലിപ്പിച്ച കഷ്‌ടപ്പാടിൻ്റെ തീയിൽ ഇസ്രായേൽ കഷ്‌ടപ്പെടുമെന്നും അൽ- റിഷെഖ് പറഞ്ഞു.

ഒരു ധാർഷ്ട്യവും ചോദ്യം ചെയ്യപ്പെടാതെ പോകില്ലെന്നും ശിക്ഷയില്ലാതെ ഒരു ആക്രമണവും ഉണ്ടാകില്ലെന്നും ഇറാൻ നൽകിയ തിരിച്ചടിയെ സൂചിപ്പിച്ച് ഹമാസ് നേതാവ് വ്യക്തമാക്കിയിരുന്നു.

തുർക്കി പ്രസിഡൻ്റ് റജബ് തയ്യിപ് എർദൊഗാനും ഇസ്രയേലിന് എതിരായ പ്രതികരണമാണ് നടത്തിയത്. ഇസ്രയേലിന്റെ ആക്രമണം ലജ്ജാകരമായ പ്രകോപനമാണെന്നും അന്താരാഷ്ട്ര നിയമത്തിൻ്റെ വ്യക്തമായ ലംഘനമാണെന്നും എർദൊഗാൻ പ്രതികരിച്ചിരുന്നു. പ്രാദേശികവും ആഗോളവുമായ സ്ഥിരതയെ ഭീഷണിപ്പെടുത്തുന്ന നയമാണ് ഇസ്രയേലിൻ്റെത്.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തിൻ്റെ സർക്കാരും നിയമവിരുദ്ധവും വിനാശകരവുമായ നടപടികളാണ് സ്വീകരിക്കുന്നത്. ഇസ്രയേൽ നടപടികൾ മിഡിൽ ഈസ്റ്റിനെയും ലോകത്തെയും ദുരന്തത്തിലേക്ക് തള്ളിവിടും. സംഘർഷ മേഖലയിൽ രക്തച്ചൊരിച്ചിലോ നാശമോ കാണാൻ തുർക്കി ആഗ്രഹിക്കുന്നില്ലെന്നും എർദൊഗാൻ വ്യക്തമാക്കിയിരുന്നു.

അതേ സമയം, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിൻ്റെ പ്രസ്‌താവനക്ക് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി രം​ഗത്തെത്തയിരുന്നു. ഇസ്രയേലിനോട് കരുണയുണ്ടാകില്ലെന്നും ഒന്നിനും വഴങ്ങില്ലെന്നും ഖമേനി പറഞ്ഞു. തൻ്റെ ഔദ്യോ​ഗിക എക്‌സ് പോസ്റ്റിലൂടെ ഹീബ്രു ഭാഷയിൽ ആയിരുന്നു ഖമേനിയുടെ പ്രതികരണം.

ഇറാൻ്റെ ആകാശം തങ്ങളുടെ നിയന്ത്രണത്തിൽ ആണെന്നാണ് നിലവിൽ ട്രംപ് അവകാശപ്പെടുന്നത്. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കും ട്രംപ് ചൊവാഴ്‌ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

‘പരമോന്നത നേതാവ് എവിടെയാണെന്ന് ഞങ്ങള്‍ക്ക് അറിയാം. അദ്ദേഹം എളുപ്പത്തിലുള്ള ലക്ഷ്യമാണ്. പക്ഷേ, സുരക്ഷിതനാണ്. ഇപ്പോൾ എന്തായാലും അദ്ദേഹത്തെ വധിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല’, ട്രംപ് പറഞ്ഞിരുന്നു.

അമേരിക്കന്‍ സൈനികര്‍ക്കും ഇറാനിലെ സാധാരണക്കാര്‍ക്കും മേലെ മിസൈൽ പതിക്കാൻ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. തങ്ങളുടെ ക്ഷമ നശിച്ചെന്നും ട്രംപ് വ്യക്തമാക്കി. ഇസ്രയേൽ- ഇറാൻ സംഘർഷം തീർക്കാൻ വെടിനിർത്തലല്ല പരിഹാരമെന്നും ട്രംപ് പറഞ്ഞിരുന്നു. പൂർണമായും സംഘർഷം അവസാനിപ്പിക്കാനാണ് തൻ്റെ ശ്രമമെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.

വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.