...
Home News Kerala ‘ഭാരതാംബക്ക് രണ്ട് കൊടി’; സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപിയുടെ ബോർഡിൽ കാവിക്കൊടി

‘ഭാരതാംബക്ക് രണ്ട് കൊടി’; സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപിയുടെ ബോർഡിൽ കാവിക്കൊടി

ഭാരതാംബയുടെ കൊടിയുടെ നിറം ഇടക്കിടക്ക് മാറുന്നുണ്ടോ എന്നും ചിലര്‍

318

തിരുവനന്തപുരം: ഭാരതാംബയുടെ (ഭാരത് മാത) കയ്യിലെ കൊടിയുടെ കാര്യത്തില്‍ തീര്‍പ്പില്ലാതെ ബിജെപി. പ്രതിഷേധത്തിൻ്റെ ഭാഗമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സ്ഥാപിച്ച ഫ്‌ളക്‌സില്‍ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം തിരിച്ചെത്തി.

നേരത്തെ പ്രതിഷേധത്തിൻ്റെ വിവരം പങ്കുവെച്ച് ബിജെപി കേരളം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്റില്‍ ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്.

നേരത്തെ ബിജെപി പങ്കുവെച്ച ഫേസ്ബുക്കിലെ പോസ്റ്ററില്‍ നിന്നും ആര്‍എസ്എസ് ഉപയോഗിക്കുന്ന ‘അഖണ്ഡ ഭാരത ഭൂപട’വും അപ്രത്യക്ഷമായിരുന്നു. ഭാരത മാതാവിനോടും ഭരണഘടനാ സംവിധാനങ്ങളോടുമുള്ള പിണറായി സര്‍ക്കാരിൻ്റെ അവഹേളനത്തില്‍ പ്രതിഷേധിച്ചാണ് പരിപാടി എന്നാണ് ബിജെപി ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരനാണ് പരിപാടിയുടെ ഉദ്ഘാടകന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിൻ്റെയും ചിത്രവും പോസ്റ്ററിൽ ഉണ്ടായിരുന്നു. പോസ്റ്റര്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന് താഴെ നിരവധി പേര്‍ ഭാരതാംബയുടെ കൈയ്യിലെ കൊടിയുടെ മാറ്റം ചൂണ്ടികാണിച്ചിരുന്നു.

ഭാരതാംബയുടെ കൊടിയുടെ നിറം ഇടക്കിടക്ക് മാറുന്നുണ്ടോ എന്നും ചിലര്‍ പരിഹസിച്ചിരുന്നു. ഈ ചിത്രമല്ലല്ലോ രാജ്ഭവനില്‍ സ്ഥാപിച്ചിരിക്കുന്നതെന്നും ബിജെപി നന്നാവാന്‍ തീരുമാനിച്ചോയെന്നും ചിലര്‍ ട്രോളുകയും ചെയ്‌തു.

രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ പുഷ്‌പാര്‍ച്ചന നടത്തിയതുമായി ബന്ധപ്പെട്ട തുടര്‍ച്ചയായി വിവാദങ്ങള്‍ ഉടലെടുക്കുകയാണ്. ഒടുവില്‍ രാജ്ഭവനും സംസ്ഥാന സര്‍ക്കാരും സംയുക്തമായി സംഘടിപ്പിച്ച സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാര വിതരണ പരിപാടിയില്‍ കാവിക്കൊടി പിടിച്ചുനില്‍ക്കുന്ന ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്‌പവൃഷ്‌ടി നടത്തുകയും മന്ത്രി വി.ശിവന്‍കുട്ടി രൂക്ഷമായി വിമര്‍ശിച്ച് പരിപാടിയില്‍ നിന്നും ഇറങ്ങികുകയും ചെയ്‌തതാണ് ഒടുവില്‍ വിവാദമായത്.

പരിസ്ഥിതി ദിനാചരണത്തില്‍ ഇതേ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് കൃഷിമന്ത്രി പി. പ്രസാദ് രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ചിരുന്നു. ഇതിനിടെ ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ എന്തൊക്കെ എന്നത് പാഠപുസ്‌തകത്തില്‍ ഉള്‍പ്പെടുത്താനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.