...
Home News Kerala ‘ഇംഗ്ലീഷ് പഠിക്കരുതെന്ന് പറയുന്നത് വൈവിധ്യങ്ങളെ ഇല്ലാതാക്കാൻ’; അമിത് ഷാക്ക് മറുപടി

‘ഇംഗ്ലീഷ് പഠിക്കരുതെന്ന് പറയുന്നത് വൈവിധ്യങ്ങളെ ഇല്ലാതാക്കാൻ’; അമിത് ഷാക്ക് മറുപടി

വൈവിധ്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുന്നതാണ് ഭരണഘടന

323

ഇംഗ്ലീഷ് വൈദേശികം ആയത് കൊണ്ട് പാടില്ലെന്ന് പറയുന്ന സാഹചര്യമാണ് രാജ്യത്ത് ഉള്ളതെന്നും വൈദേശിക നയങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ചിരുന്നെങ്കില്‍ ഭരണഘടന തന്നെ ഉണ്ടാവില്ലായിരുന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇംഗ്ലീഷ് പറയുന്നവർ സമീപ ഭാവിയിൽ നാണക്കേട് അനുഭവിക്കേണ്ടി വരുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കുള്ള മറുപടിയായിരുന്നു ഇത്.

വൈവിധ്യങ്ങള്‍ ഇല്ലാതാക്കുക എന്നത് ആയിരുന്നില്ല ഭരണഘടനയുടെ ലക്ഷ്യം. വൈവിധ്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുന്നതാണ് ഭരണഘടന. നിര്‍ഭയമായി അഭിപ്രായം പറയാന്‍ കഴിയുന്ന സാഹചര്യം ഇന്നുണ്ടോയെന്ന് പരിശോധിക്കണം.

അഭിപ്രായത്തിന് കൂച്ചുവിലങ്ങിട്ടാല്‍ എവിടെയാണ് ഭരണഘടനക്ക് പ്രസക്തി. ഭരണഘടനാ പഠനം ഇന്നത്തെ കാലത്ത് അനിവാര്യമാണെന്നും രാജ്യത്തെ വര്‍ത്തമാന സാഹചര്യം പരിശോധിച്ചാല്‍ അത് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരള നിയമസഭ പുരോഗമനപരമായ നിരവധി നിയമങ്ങള്‍ പാസാക്കി. ഇതെല്ലാം ഉള്‍കൊളുന്നതാണ് പുസ്‌തകങ്ങള്‍. കേരള നിയമസഭയുടെ മാതൃകാപരമായ ഇടപെടല്‍ ആണ് ഭരണഘടന നിര്‍മാണ സഭാ ചര്‍ച്ചകളുടെ പുസ്‌തകം.

ഭരണഘടന രൂപപ്പെട്ടത് ആശയ സംവാദത്തിലൂടെ ആണ്. തൊട്ടുകുടായ്‌മ എന്താണെന്ന് നമുക്ക് മാത്രമേ അറിയുള്ളൂ. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ നീതി രാജ്യത്ത് ഉറപ്പാക്കുന്നുണ്ടോ? ചിലര്‍ക്ക് മാത്രം നീതി ലഭ്യമാകുന്നു.

സംസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയത്തിൻ്റെ പേരില്‍ സഹായം നിഷേധിക്കുമ്പോള്‍ രാഷ്ട്രീയ നീതി നിഷേധിക്കപ്പെടുന്നു. അഭിപ്രായം പ്രകടിപ്പിക്കുന്നവര്‍ക്ക് ജയിലില്‍ കഴിയേണ്ട സ്ഥിതിയാണ്. ചിലയിടങ്ങളില്‍ ആരാധനാ സ്വാതന്ത്ര്യം തന്നെ നിഷേധിക്കപ്പെടുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.