...
Home News National ‘നുകത്തിൽ കെട്ടി വയൽ ഉഴുതുമറിപ്പിച്ചു, ചാട്ടവാറിനടിച്ചു നാടുകടത്തി’; പ്രണയ വിവാഹം നടത്തിയവരെ പ്രാകൃത ശിക്ഷക്ക് വിധേയരാക്കി

‘നുകത്തിൽ കെട്ടി വയൽ ഉഴുതുമറിപ്പിച്ചു, ചാട്ടവാറിനടിച്ചു നാടുകടത്തി’; പ്രണയ വിവാഹം നടത്തിയവരെ പ്രാകൃത ശിക്ഷക്ക് വിധേയരാക്കി

ബിജെപി ഭരിക്കുന്ന ഒഡിഷയിലെ കാഞ്ചമഞ്ചിര എന്ന ഗ്രാമത്തിലാണ് പ്രാകൃത സംഭവം അരങ്ങേറിയത്

192

ഒഡിഷയിലെ റായഗഡ ജില്ലയിൽ പ്രണയ വിവാഹം ചെയ്‌ത നവദമ്പതികളെ മനുഷ്യത്വ രഹിതമായ ശിക്ഷക്ക് വിധേയരാക്കി ഗ്രാമവാസികൾ. യുവാവിനെയും യുവതിയെയും കാളകളെ പോലെ നുകത്തിൽ കെട്ടി വയലിൽ ഉഴുതുമറിക്കാൻ നിർബന്ധിക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിലം ഉഴുതതിന് ശേഷം ചാട്ടവാറിന് അടിച്ച് നാടുകടത്തുകയും ചെയ്‌തു. ബിജെപി ഭരിക്കുന്ന ഒഡിഷയിലെ കാഞ്ചമഞ്ചിര എന്ന ഗ്രാമത്തിലാണ് പ്രാകൃത സംഭവം അരങ്ങേറിയത്.

ഗ്രാമത്തില്‍ നിന്നുളള യുവതി പിതൃസഹോദരിയുടെ മകനായ യുവാവുമായി പ്രണയത്തിലായിരുന്നു. തുടർന്ന് ഇരുവരും വിവാഹിതരാവുകയും ചെയ്‌തു. എന്നാൽ ബന്ധുക്കൾ കല്യാണം കഴിക്കുന്നത് സാമൂഹിക വിരുദ്ധമായാണ് ഇവിടെ കാണുന്നത് എന്നതിനാൽ ഗ്രാമീണർ എതിർത്തിരുന്നു. ഇതാണ്, വിവാഹം കഴിച്ചതോടെ ജനക്കൂട്ടം ഇവർക്ക് പ്രാകൃതമായ ശിക്ഷ നടപ്പിലാക്കിയത്.

കാളകളെ ഉപയോഗിച്ച് ഉഴുതുമറിക്കാൻ ഉപയോഗിക്കുന്ന നുകത്തിൽ ഗ്രാമവാസികൾ ദമ്പതികളെ കെട്ടിയിട്ട്, കലപ്പ വലിക്കാൻ നിർബന്ധിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. നില ഉഴുവുമ്പോൾ തന്നെ മർദ്ദിക്കുകയും ചെയ്യുന്നുണ്ട്. പൊതുജനങ്ങൾക്ക് മുന്നിൽ വച്ചാണ് ശിക്ഷ നടപ്പിലാക്കിയത്. പലരും ഇത് ഫോണിൽ പകർത്തുന്നതും വീഡിയോയിൽ കാണാം.

ഇതിന് ശേഷം ഗ്രാമവാസികൾ ഇരുവരെയും ഗ്രാമത്തിലെ ക്ഷേത്രത്തിൽ കൊണ്ടുപോയി, “ശുദ്ധീകരണ ചടങ്ങുകൾക്ക്” വിധേയരാക്കിയ ശേഷമാണ് നാടുകടത്തിയത്. സംഭവത്തെ ക്രൂരവും വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ കടുത്ത ലംഘനവുമെന്ന് അപലപിച്ച് മനുഷ്യാവകാശ പ്രവർത്തകരും സാമൂഹിക സംഘടനകളും രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിലും കടുത്ത വിമർശനമാണ് ഉയരുന്നത്.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.