...
Home News International ജെയ്‌ഷെ തലവൻ മസൂദ് അസ്ഹർ പാക് അധീന കാശ്‌മീരിൽ ഉണ്ടെന്ന് റിപ്പോർട്ട്

ജെയ്‌ഷെ തലവൻ മസൂദ് അസ്ഹർ പാക് അധീന കാശ്‌മീരിൽ ഉണ്ടെന്ന് റിപ്പോർട്ട്

ബഹാവൽപൂരിലെ താവളത്തിൽ നിന്ന് 1,000 കിലോമീറ്ററിൽ അധികം അകലെയാണ് ഇപ്പോൾ ഇയാൾ

138

ഇന്ത്യ ഏറ്റവും കൂടുതൽ തിരയുന്ന ഭീകരരിൽ ഒരാളായ ജെയ്‌ഷെ മുഹമ്മദിൻ്റെ തലവൻ മസൂദ് അസ്ഹർ പാക് അധീന കാശ്‌മീരിലുള്ളതായി റിപ്പോർട്ട്. ഗിൽജിത്- ബാൾട്ടിസ്ഥാൻ മേഖലയിലാണ് ഇയാളെ കണ്ടെത്തിയതായി ഇൻ്റെലിജൻസ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ബഹാവൽപൂരിലെ താവളത്തിൽ നിന്ന് 1,000 കിലോമീറ്ററിൽ അധികം അകലെയാണ് ഇപ്പോൾ ഇയാൾ ഉള്ളത്.

പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി, അസ്ഹർ അഫ്‌ഗാനിസ്ഥാനിൽ ആയിരിക്കാമെന്ന് നേരത്തെ പറഞ്ഞിരുന്നു. “അസ്ഹർ പാകിസ്ഥാൻ മണ്ണിലുണ്ടെന്ന് ഇന്ത്യൻ സർക്കാർ ഞങ്ങൾക്ക് വിവരം തന്നാൽ അയാളെ അറസ്റ്റ് ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളു.” -ബിലാവൽ അൽജസീറയോട് പറഞ്ഞു.

പാകിസ്ഥാനിൽ അസ്ഹറിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചാൽ അദ്ദേഹത്തെ പിടികൂടുന്നതിൽ ഇന്ത്യയുമായി സഹകരിക്കാൻ പാകിസ്ഥാൻ സന്നദ്ധമാണെന്ന് ആയിരുന്നു ബിലാവൽ ഭൂട്ടോയുടെ വാക്കുകളിൽ ഉണ്ടായിരുന്നത്.

2016-ലെ പത്താൻകോട്ട് വ്യോമതാവള ആക്രമണവും 40 ലധികം സൈനികരുടെ ജീവൻ അപഹരിച്ച 2019-ലെ പുൽവാമ ആക്രമണവും ഉൾപ്പെടെ ഇന്ത്യയിലെ നിരവധി പ്രധാന ഭീകര ആക്രമണങ്ങളുടെ സൂത്രധാരൻ അസ്ഹറാണെന്ന് വ്യക്തമായിരുന്നു. ഈ ആക്രമണങ്ങളിലെ അസ്ഹറിന്‍റെ പങ്കാളിത്തം കാശ്‌മീർ അതിർത്തിയിൽ തുടരുന്ന ഭീകരവാദ പ്രവർത്തനങ്ങളിൽ ഇയാൾക്കുള്ള പങ്ക് അടിവരയിടുന്നതാണ്.

ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ അസ്ഹറിൻ്റെ സ്ഥാനം സൂക്ഷ്‌മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം, ജെയ്‌ഷെ- ഇ- മുഹമ്മദിൻ്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ അസ്ഹറിൻ്റെ പഴയ ഓഡിയോ റെക്കോർഡിംഗുകൾ പുനരുപയോഗിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഇപ്പോഴും തുടരുന്നുണ്ട്.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.