...
Home News National ‘ബലാത്സംഗം ഒഴിവാക്കാൻ വീട്ടിൽ ഇരിക്കുക’; ഗുജറാത്ത് ട്രാഫിക് പോലീസിൻ്റെ പോസ്റ്ററുകൾക്ക് പ്രതിഷേധം

‘ബലാത്സംഗം ഒഴിവാക്കാൻ വീട്ടിൽ ഇരിക്കുക’; ഗുജറാത്ത് ട്രാഫിക് പോലീസിൻ്റെ പോസ്റ്ററുകൾക്ക് പ്രതിഷേധം

പോസ്റ്ററുകൾ സോള, ചാന്ദ്‌ലോഡിയ പ്രദേശങ്ങളിലെ റോഡ് ഡിവൈഡറുകളിൽ ഒട്ടിച്ചിരുന്നു, അതിനുശേഷം അവ നീക്കം ചെയ്‌തു

346

അഹമ്മദാബാദ് ട്രാഫിക് പോലീസ് സുരക്ഷാ പ്രചാരണത്തിനായി സ്പോൺസർ ചെയ്‌തതായി ആരോപിക്കപ്പെടുന്ന പോസ്റ്ററുകൾ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ബലാത്സംഗം ഒഴിവാക്കാൻ സ്ത്രീകൾ വീട്ടിൽ തന്നെ തുടരണമെന്ന് അവയിൽ ചിലത് ആഹ്വാനം ചെയ്യുന്നു.

നഗരത്തിലെ ഏതാനും പ്രദേശങ്ങളിൽ ഒട്ടിച്ച പോസ്റ്ററുകൾ വിമർശനത്തിന് ഇടയാക്കി. ഇത് ഗുജറാത്തിലെ സ്ത്രീ സുരക്ഷയെ കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു.

“രാത്രിയിലെ പാർട്ടികളിൽ പങ്കെടുക്കരുത്, നിങ്ങളെ ബലാത്സംഗം ചെയ്യുകയോ കൂട്ടബലാത്സംഗം ചെയ്യുകയോ ചെയ്യാം”. “നിങ്ങളുടെ സുഹൃത്തിനൊപ്പം ഇരുണ്ടതും ഒറ്റപ്പെട്ടതുമായ പ്രദേശങ്ങളിലേക്ക് പോകരുത്. അവളെ ബലാത്സംഗം ചെയ്യുകയോ കൂട്ടബലാത്സംഗം ചെയ്യുകയോ ചെയ്‌താൽ എന്ത് സംഭവിക്കും?” എന്നീ പ്രസ്‌താവനകളുള്ള പോസ്റ്ററുകൾ സോള, ചാന്ദ്‌ലോഡിയ പ്രദേശങ്ങളിലെ റോഡ് ഡിവൈഡറുകളിൽ ഒട്ടിച്ചിരുന്നു, അതിനുശേഷം അവ നീക്കം ചെയ്‌തു.

സ്ത്രീ സുരക്ഷയെ കുറിച്ചല്ല, റോഡ് സുരക്ഷയെ കുറിച്ചാണ് സിറ്റി ട്രാഫിക് പോലീസ് പോസ്റ്ററുകൾ സ്പോൺസർ ചെയ്‌തതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാഫിക് വെസ്റ്റ്) നീത ദേശായി വ്യക്തമാക്കി.

ട്രാഫിക് പോലീസിൻ്റെ അനുമതി ഇല്ലാതെയാണ് സതർക്ത ഗ്രൂപ്പ് എന്ന എൻ‌ജി‌ഒ വിവാദ പോസ്റ്ററുകൾ സൃഷ്‌ടിച്ചതെന്ന് അവർ അവകാശപ്പെട്ടു.

“സ്‌കൂളുകളിലും കോളേജുകളിലും ഗതാഗത ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഞങ്ങളുടെ ജീവനക്കാരെ അവരോടൊപ്പം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് എൻജിഒ ഞങ്ങളെ സമീപിച്ചിരുന്നു. ഗതാഗത ബോധവൽക്കരണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ ഞങ്ങൾക്ക് കാണിച്ചുതന്നു. എന്നാൽ അത്തരം വിവാദ പോസ്റ്ററുകൾ ഞങ്ങളെ കാണിച്ചില്ല. ഞങ്ങളുടെ സമ്മതമില്ലാതെ ആണ് ഒട്ടിച്ചത്,” -ദേശായി പറഞ്ഞു.

വിഷയം ശ്രദ്ധയിൽ പെടുത്തിയപ്പോൾ തന്നെ പോസ്റ്ററുകൾ നീക്കം ചെയ്‌തതായും അവർ കൂട്ടിച്ചേർത്തു. സ്ത്രീ സുരക്ഷയുടെ അവസ്ഥ തുറന്നു കാട്ടുന്നതാണ് പോസ്റ്ററുകളെന്ന് ആരോപിച്ച് ഗുജറാത്ത് ആം ആദ്‌മി പാർട്ടി ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.

“ഗുജറാത്തിലെ ബിജെപി സർക്കാർ സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സംസാരിക്കുന്നു. എന്നാൽ അടിസ്ഥാന യാഥാർത്ഥ്യം തികച്ചും വ്യത്യസ്തമാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 6,500-ലധികം ബലാത്സംഗ സംഭവങ്ങളും 36-ലധികം കൂട്ടബലാത്സംഗങ്ങളും ഗുജറാത്തിൽ നടന്നിട്ടുണ്ട്. ഒരു ദിവസം അഞ്ചിലധികം ബലാത്സംഗങ്ങൾ എന്ന കണക്കിൽ,” -എഎപി പ്രസ്‌താവനയിൽ പറഞ്ഞു.

“മുഖ്യമന്ത്രിയും ബിജെപി നേതാക്കളും സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നു. എന്നാൽ ഇന്ന് അഹമ്മദാബാദ് പോലുള്ള ഒരു വലിയ നഗരത്തിൽ ഈ പോസ്റ്ററുകൾ ഗുജറാത്തിൻ്റെ യാഥാർത്ഥ്യം പ്രകടിപ്പിക്കുന്നു. ഗുജറാത്തിലെ സ്ത്രീകൾ രാത്രിയിൽ വീടിന് പുറത്തിറങ്ങണോ വേണ്ടയോ എന്നതാണ് മുഖ്യമന്ത്രിയോടുള്ള ഞങ്ങളുടെ ചോദ്യം?” -അതിൽ പറയുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.