...
Home News Kerala സംസ്ഥാന നിയമസഭയെ പരിഹസിച്ചു കൊണ്ട് തീരുമാനങ്ങളെടുക്കുന്ന ഗവർണർ

സംസ്ഥാന നിയമസഭയെ പരിഹസിച്ചു കൊണ്ട് തീരുമാനങ്ങളെടുക്കുന്ന ഗവർണർ

പല ബിജെപി ഇതര സംസ്ഥാനങ്ങളിലും ഇത്തരം രാഷ്ട്രീയ കളികൾ കളിക്കുന്ന ഗവർണ്ണർമാരോട് അമർഷം പുകയുന്നുണ്ട്. പശ്ചിമ ബംഗാളും തമിഴ് നാടും ഗവർണ്ണറുടെ അധികാരം വെട്ടി ചുരുക്കാനുള്ള പല രാഷ്ട്രീയ വഴികളും നോക്കുന്നുണ്ട്.

273

| ശ്രീകാന്ത് പികെ

ഗവർണ്ണർ എന്നത് സംസ്ഥാനങ്ങളിലെ രാഷ്‌ട്രപതിയുടെ ഒരു നോമിനിയാണെന്നൊക്കെ പറയാം. ഫെഡറൽ ഡെമോക്രസിയിൽ ഇന്ത്യൻ യൂണിയനിൽപ്പെട്ട സംസ്ഥാനങ്ങളിൽ യൂണിയന്റെ തലവനായി രാഷ്‌ട്രപതി ഇരിക്കുമ്പോൾ ഫെഡറൽ സ്റ്റേറ്റുകളിൽ ആ രാഷ്‌ട്രപതിയുടെ പ്രതിനിധിയായി ഗവർണ്ണർ നിയമിക്കപ്പെടുന്നു. കേന്ദ്ര മന്ത്രി സഭയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് രാഷ്‌ട്രപതി ഗവർണ്ണറെ നിയമിക്കുന്നത്, ആ ഗവർണ്ണർ ആകട്ടെ സംസ്ഥാന മന്ത്രി സഭയുടെ ഉപദേശമനുസരിച്ചു പ്രവർത്തിക്കുന്നു.

ഇന്ത്യയിലെ രണ്ട് പാർലിമെന്റുകളും പാസാക്കിയ ബില്ല് രാഷ്‌ട്രപതി ഒപ്പു വച്ചാലെ നിയമമായി മാറുകയുള്ളൂ. രാഷ്ട്രപതിക്ക് ബില്ലിൽ എതിർപ്പുണ്ടെങ്കിൽ ഒപ്പ് വെക്കാതെ മടക്കി അയക്കാം. എന്നിട്ടും പാർലിമെന്റ് അതേ ബില്ല് രാഷ്ട്രപതിക്ക് വീണ്ടുമയച്ചാൽ ഒപ്പ് വെച്ച് നിയമമാക്കുക എന്നത് മാത്രമാണ് രാഷ്‌ട്രപതിക്ക് മുന്നിലുള്ള കടമ. കാരണം ജനാധിപത്യ സംവിധാനത്തിൽ ജനപ്രതിനിധികൾ പാസാക്കിയ സഭയ്ക്ക് മുകളിൽ ഒരേയൊരു വ്യക്തിയുടെ തീരുമാനം നിലകൊള്ളരുത്.

കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്റെ മേശപ്പുറത്ത് ഒരു വർഷമായി ഇരിക്കുന്ന രണ്ട് ഓർഡിനൻസുകൾ അടക്കം 11 ഓർഡിനൻസുകൾ ഇന്ന് മുതൽ അസാധുവായി. നിയമ സഭ പാസാക്കിയ ഓർഡിനൻസുകൾ ഗവർണ്ണർ ഒപ്പിടാത്തത് കൊണ്ടാണ് അസാധുവായത്. സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങൾക്ക് സഹായകരമാകുന്ന നിയമ ഭേദഗതി അടക്കമുള്ള ബില്ലുകളാണ്.

പഠിക്കാൻ സമയം വേണമെന്നാണ് ഗവർണ്ണറുടെ വാദം. ഒരുവർഷമായിട്ടും പഠിച്ചു തീരാതിരിക്കാൻ രാജ് ഭവനിൽ അലക്കും ഭക്ഷണവും അസംഖ്യം പരിചാരകരുമായി സംസ്ഥാന സർക്കാരിന്റെ ചെലവിൽ ലക്ഷ്വറിയായി കഴിയുന്ന ഗവർണ്ണർക്ക് എന്താണിത്ര ജോലിയെന്ന് മാത്രം മനസിലാകുന്നില്ല.

ജനങ്ങളുടെ പൊതു ജനാരോഗ്യം ഉറപ്പാക്കാൻ പബ്ലിക് ഹെൽത്ത് അതോറിറ്റി നിലവിൽ വരുന്ന ബില്ലുകൾ അടക്കമാണ് ഗവർണർ ഒപ്പിടാത്ത മൂലം അസാധുവായി മാറിയത്. ഇന്നലെ പാതി രാത്രിയിലും ഗവർണർ ഒപ്പിട്ടാൽ ബില്ല് നിയമമാക്കാനുള്ള സാഹചര്യങ്ങൾ സർക്കാർ ഒരുക്കിയിരുന്നു.

പല ബിജെപി ഇതര സംസ്ഥാനങ്ങളിലും ഇത്തരം രാഷ്ട്രീയ കളികൾ കളിക്കുന്ന ഗവർണ്ണർമാരോട് അമർഷം പുകയുന്നുണ്ട്. പശ്ചിമ ബംഗാളും തമിഴ് നാടും ഗവർണ്ണറുടെ അധികാരം വെട്ടി ചുരുക്കാനുള്ള പല രാഷ്ട്രീയ വഴികളും നോക്കുന്നുണ്ട്. ഒരു ഫെഡറൽ റിപ്പബ്ലിക്കിൽ ആ സംസ്ഥാനത്തെ ജനങ്ങൾ തെരഞ്ഞെടുത്ത ഭരണാധികാരികൾക്ക് മുകളിൽ ഒരു ഗവർണ്ണറുടെ ആവശ്യം പോലുമില്ലെന്നാണ് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന് പറഞ്ഞത്.

രാഷ്‌ട്രപതി തെരഞ്ഞെടുക്കപ്പെടുന്നതാണ്. ആ രാഷ്‌ട്രപതിയെ പോലും ഇമ്പീച്ച് ചെയ്യാൻ ഭരണ ഘടന അനുവദിക്കുന്നുണ്ട്. അപ്പോഴാണ് രാഷ്‌ട്രപതിയുടെ പ്രതിനിധിയായി സംസ്ഥാനങ്ങളിലേക്ക് നിയമിക്കപ്പെടുന്ന ഒരാൾ സംസ്ഥാന നിയമ സഭയെ പരിഹസിച്ചു കൊണ്ട് തീരുമാനങ്ങളെടുക്കുന്നത്. സംസ്ഥാന സർക്കാർ എന്നിട്ടും വളരെ അവധാനതയോടെയും നയതന്ത്ര വൈദഗ്ദ്യത്തോടും കൂടെ ഗവർണ്ണറെ കൂടെ വിശ്വാസത്തിലെടുത്തു മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്.

സ്വപ്ന സുരേഷിന്റെ വീടിന്റെ ഗെയ്റ്റിന് പുറത്തു ടെന്റടിച്ചു താമസിക്കുന്ന മാദ്ധ്യമ സംഘങ്ങൾ രാജ് ഭവനിൽ ഗവർണ്ണറുടെ മുന്നിലേക്കാണ് പോകേണ്ടത്. നിയമ സഭ പാസാക്കിയ ബില്ലിൽ ഒപ്പിടാതെ ഫെഡറൽ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണോ താങ്കൾ ചെയ്യുന്നത് എന്ന് ചോദിക്കുകയാണ് വേണ്ടത്. അപ്പോൾ പക്ഷേ കുപ്പിയും കോഴിക്കാലും കിട്ടില്ലെന്നൊരു പ്രശ്നമുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.