കേരളത്തിൽ ഒരുപക്ഷെ വീണ്ടും ഒരു ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത ഇപ്പോൾ തള്ളിക്കളയാൻ കഴിയുകയില്ല. ഇടതുപക്ഷത്തിൻ്റെ സിറ്റിംഗ് സീറ്റായ പീരുമേട് മണ്ഡലത്തിലാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. നിലവിലെ എം.എൽ.എയായിരുന്ന വാഴൂർ സോമൻ അന്തരിച്ച പശ്ചാത്തലത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിവരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനി ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയാണ്.
ഇനി വെറും ഒരു വർഷത്തിൽ കുറവ് കാലാവധി മാത്രം ഉള്ളതിനാൽ, ഉപതിരഞ്ഞെടുപ്പ് നടത്താതിരിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്. അതേസമയം തന്നെ, ആറ് മാസത്തിൽ കൂടുതൽ കാലാവധി ഉള്ളതിനാൽ, ഉപതിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചാൽ, അതിനെ ആർക്കും ചോദ്യം ചെയ്യാനും പറ്റുകയില്ല എന്നതാണ് വാസ്തവം .
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പീരുമേട് മണ്ഡലത്തിൽ നിന്നും, 1698 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥി സിറിയക് തോമസിനെ, സി.പി.ഐ സ്ഥാനാർത്ഥിയായിരുന്ന വാഴൂർ സോമൻ പരാജയപ്പെടുത്തിയിരുന്നത്. പീരുമേടിൽ നിന്ന് ഹാട്രിക് വിജയം നേടിയ ഇ.എസ്.ബിജിമോളുടെ പിൻഗാമിയായാണ് വാഴൂർ സോമൻ വിജയിച്ചത് . വാഴൂർ സോമന്റെ വിജയത്തിനെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന സിറിയക് തോമസ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല.
തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവച്ചു എന്നാരോപിച്ചായിരുന്നു ഹർജി നൽകിയിരുന്നത്. പീരുമേട് മണ്ഡലത്തിൽ നിന്നും വാഴൂർ സോമനെ വിജയിയായി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം നിയമവിരുദ്ധമാണ് എന്നായിരുന്നു സിറിയക് തോമസ് വാദിച്ചിരുന്നത്. സംസ്ഥാന സർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ വെയർ ഹൗസിങ് കോർപറേഷന്‍ ചെയർമാനായിരിക്കെയാണ് വാഴൂർ സോമൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് എന്നും, നാമനിർദേശ പത്രികയിൽ ഇക്കാര്യം മറച്ചുവച്ചു എന്നുമായിരുന്നു സിറിയക് തോമസിന്റെ പ്രധാന ആരോപണം.
വെയർ ഹൗസിങ് കോർപറേഷൻ ചെയർമാൻ സ്ഥാനം വഹിച്ചുകൊണ്ട് നാമനിർദേശ പത്രിക നൽകിയത് ഇരട്ട പദവിയുടെ പരിധിയിൽ വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ബാധ്യതകളും വരുമാനവും സംബന്ധിച്ച് സാക്ഷ്യപത്രം നൽകിയില്ല, ഇക്കാര്യങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവച്ചു തുടങ്ങിയ ആരോപണങ്ങളും വാഴൂർ സോമനെതിരെ എതിരാളി ഉന്നയിച്ചിരുന്നു. വാഴൂർ സോമന്റെ നാമനിർദേശ പത്രികയിലെ പല കോളങ്ങളും പൂരിപ്പിച്ചിരുന്നില്ല എന്നും അപൂർണമായ നാമനിർദേശ പത്രിക സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്നുമായിരുന്നു സിറിയക് തോമസിൻ്റെ മറ്റൊരു ആരോപണം. എന്നാൽ അന്തിമ കോടതിയുടെ അന്തിമ വിധിയിൽ ഇതെല്ലാം തള്ളി പോവുകയാണുണ്ടായത്.
1698 വോട്ടുകളുടെ വളരെ ചെറിയ ഭൂരിപക്ഷത്തിന് മാത്രമാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച വാഴൂർ സോമൻ വിജയിച്ചത് എന്നതിനാൽ, പീരുമേടിൽ ഒരു ഉപതിരഞ്ഞെടുപ്പ് വന്നാൽ, അത് ഇടതുപക്ഷത്തെ സംബന്ധിച്ച് ശരിക്കും ഒരു അഗ്നി പരീക്ഷണമാകും. നിലമ്പൂരിന് പിന്നാലെ മറ്റൊരു സിറ്റിംഗ് സീറ്റ് ഉപതിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ടാൽ, അത് 2026-ലെ പൊതു തിരഞ്ഞെടുപ്പിനെയും സാരമായി തന്നെ ബാധിക്കും. നിലമ്പൂർ നഷ്ടമായതിന് പിന്നിൽ പി.വി അൻവർ പിടിച്ച വോട്ടുകളും, പരമ്പരാഗത കോൺഗ്രസ്സ് മണ്ഡലമാണെന്നുമൊക്കെയുള്ള കാരണങ്ങൾ പറഞ്ഞ് നിൽക്കാമെങ്കിലും, ഇടതുപക്ഷം തുടർച്ചയായി വിജയിക്കുന്ന പീരുമേടിൽ പരാജയപ്പെട്ടാൽ, പിന്നെ പറഞ്ഞ് നിൽക്കാൻ കഴിയുകയില്ല.
കാരണം, പീരുമേട് ഇടതുപക്ഷത്തിൻ്റെ കുത്തക മണ്ഡലമാണ്. ഇവിടെ മുന്നണി ധാരണ പ്രകാരം സി.പി.ഐ ആണ് മത്സരിക്കുന്നതെങ്കിലും, സി.പി.എമ്മിനും വലിയ സ്വാധീനമുള്ള പ്രദേശമാണ്. അതുകൊണ്ടു തന്നെ പീരുമേട് മണ്ഡലത്തിൽ പരാജയപ്പെട്ടാൽ, അത് 2026-ലെ ഇടതുപക്ഷത്തിൻ്റെ സകല കണക്ക് കൂട്ടലുകളെയുമാണ് തെറ്റിക്കുക.
അതായത് ഇതുവരെ നടന്ന ഉപതിരഞ്ഞെടുപ്പുകൾ ഉണ്ടാക്കിയ ഇംപാക്റ്റല്ല, പീരുമേടിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ സംഭവിക്കാൻ പോകുന്നതെന്നത് , നിസംശയം പറയാൻ കഴിയും. ഈ കടുത്ത രാഷ്ട്രീയ വെല്ലുവിളികൾക്കിടയിലും പീരുമേട് നിലനിർത്താൻ കഴിഞ്ഞാൽ, മൂന്നാം പിണറായി സർക്കാരിനുള്ള സാധ്യതയാണ് വർദ്ധിപ്പിക്കുക. അതുപോലെ തന്നെ, നിലമ്പൂർ പോലെ പീരുമേടും പിടിച്ചെടുക്കാൻ യു.ഡി.എഫിന് സാധിച്ചാൽ, കേരളത്തിൽ ഭരണമാറ്റത്തിനുള്ള വ്യക്തമായ സൂചനയായാണ് അത്തരമൊരു ജനവിധി മാറുക. അതുകൊണ്ടു തന്നെ, തിരഞ്ഞെടുപ്പു കമ്മീഷൻ്റെ നിലപാട് , പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും ഏറെ നിർണ്ണായകമാകും.



