ഗ്രേറ്റർ നോയിഡയിലെ സ്ത്രീധന മരണ കേസിൽ പുതിയ വഴിത്തിരിവ്. സ്ത്രീധനം ആവശ്യപ്പെട്ട് നിക്കിയുടെ കുടുംബാംഗങ്ങൾ തന്നെ ശാരീരികമായി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് നിക്കി ഭാട്ടിയുടെ സഹോദര ഭാര്യ മീനാക്ഷി ആരോപിച്ചു. 2016ൽ നിക്കിയുടെ മൂത്ത സഹോദരൻ രോഹിതിനെ വിവാഹം കഴിച്ചുവെന്നും ആദ്യദിവസം മുതൽ അപമാനം നേരിടേണ്ടി വന്നതായും മീനാക്ഷി പറഞ്ഞു.
ഭർത്താവ് രോഹിതും അമ്മായി അമ്മയും നിക്കി, കാഞ്ചൻ എന്നിവരും തന്നെ ശാരീരികമായി ഉപദ്രവിക്കുമായിരുന്നു എന്നും ഫോൺ സൂക്ഷിക്കാനോ ആരോടും സംസാരിക്കാനോ അനുവാദമില്ലെന്നും അവർ അവകാശപ്പെട്ടു.
സ്ത്രീധന മരണങ്ങൾ, പീഡനം, സ്ത്രീകൾക്ക് എതിരായ ക്രൂരത എന്നിവക്ക് എതിരെ വൻ പ്രതിഷേധം ആളിക്കത്തിച്ച നിക്കി ഭാട്ടിയുടെ സംശയ ആസ്പദമായ മരണത്തിൽ നടന്നു കൊണ്ടിരിക്കുന്ന അന്വേഷണത്തിന് ഈ പ്രസ്താവന പുതിയ മാനം നൽകിയിട്ടുണ്ട്.
ദാദ്രിയിലെ പല്ല ഗ്രാമത്തിലുള്ള തൻ്റെ മാതാപിതാക്കളുടെ വീട്ടിൽ നിന്ന് മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ, 31 വയസുകാരിയായ മീനാക്ഷി തൻ്റെ ഭർതൃവീട്ടിൽ “ഒരു ദിവസം പോലും സമാധാനപരമായി ജീവിക്കാൻ കഴിഞ്ഞില്ല” -എന്ന് ആരോപിച്ചു.
“ഞാൻ എൻ്റെ അമ്മായി അമ്മയുടെ വീട്ടിൽ ആറ് മാസം മാത്രമേ താമസിച്ചുള്ളൂ, പിന്നീട് അച്ഛൻ്റെ വീട്ടിലേക്ക് മടങ്ങി. അന്നുമുതൽ ഞാൻ ഇവിടെയാണ് താമസിക്കുന്നത്,” -അവർ പറഞ്ഞു.
“അവർ എന്നെ അടിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. നല്ലൊരു വിവാഹത്തിന് എൻ്റെ അച്ഛൻ അവർക്ക് ഒരു സിയാസ് കാറും സ്വർണവും നൽകി. പക്ഷേ, അവർ അത് സ്വീകരിച്ചില്ല. ഒരാഴ്ചക്കുള്ളിൽ ഒരു പുതിയ സ്കോർപിയോയും അധിക പണവും അവർ ആവശ്യപ്പെട്ടു,” -അവർ ആരോപിച്ചു.
“ഭർത്താവ് രോഹിതിന് എന്നെ ഇഷ്ടമല്ലെന്നും അവനെ പുനർവിവാഹം ചെയ്യിക്കുമെന്നും പറഞ്ഞു രണ്ട് സഹോദരിമാരും എന്നെ കളിയാക്കാറുണ്ടായിരുന്നു,” -അവർ പറഞ്ഞു.
2020ൽ, ഒരു ആക്രമണത്തിന് ശേഷം, രോഹിത്തിനും കുടുംബത്തിനും എതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
മീനാക്ഷിയുടെ കുടുംബം വിവാഹത്തിനായി ചെലവഴിച്ചതായി അവകാശപ്പെട്ട 35 ലക്ഷം രൂപ, പുനർവിവാഹം സാധ്യമാക്കുന്നതിനോ അല്ലെങ്കിൽ അവളെ മരുമകളായി സ്വീകരിക്കുന്നതിനോ വേണ്ടി തിരികെ നൽകാൻ ഒരു ഗ്രാമപഞ്ചായത്ത് നിർദ്ദേശിച്ചതായി റിപ്പോർട്ടുണ്ട്.
നിക്കിയുടെ ഭാര്യാപിതാവ് സത്വീർ സിംഗിൻ്റെ ഇടപെടൽ മൂലം ആ സമയത്ത് സംഘർഷം രൂക്ഷമാകുന്നത് തടയാൻ കഴിഞ്ഞതായി റിപ്പോർട്ടുണ്ട്. നിക്കിയുടെ പിതാവ് ഭിഖാരി സിംഗ് പൈലയുമായുള്ള വ്യക്തിപരമായ ബന്ധം ഉപയോഗിച്ച് തർക്കം പരിഹരിക്കുമെന്ന് സിംഗ് മീനാക്ഷിയുടെ കുടുംബത്തിന് ഉറപ്പ് നൽകിയതായി പറയപ്പെടുന്നു.
ഓഗസ്റ്റ് 21ന് സിർസയിലെ ഗ്രാമത്തിലെ വീട്ടിൽ ഗുരുതരമായ പൊള്ളലേറ്റ നിലയിൽ 26 വയസുകാരിയായ നിക്കിയെ കണ്ടെത്തി. പിന്നീട് ഡൽഹിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അവർ മരിച്ചത്.
സ്ത്രീധന പീഡനം ആരോപിച്ച് ഭർത്താവ് വിപിൻ ഭാട്ടി, മാതാപിതാക്കളായ സത്വീർ, ദയ, സഹോദരൻ രോഹിത് എന്നിവരെ അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 24ന് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെന്ന് ആരോപിച്ച് വിപിൻ്റെ കാലിൽ പോലീസ് വെടിവച്ചു.
നിക്കിയുടെ സഹോദരി കാഞ്ചൻ ഭാട്ടിയുടെ പരാതിയിൽ ഫയൽ ചെയ്ത കേസിലെ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ), സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃവീട്ടുകാർ നിക്കിയെ മർദ്ദിക്കുകയും, കത്തുന്ന ദ്രാവകം ഒഴിക്കുകയും, തീകൊളുത്തുകയും ചെയ്തുവെന്ന് ആരോപിക്കുന്നു.
2016ൽ നിക്കിയുടെ വിവാഹ സമയത്ത് കുടുംബം ഒരു സ്കോർപിയോ എസ്യുവി, ഒരു മോട്ടോർ സൈക്കിൾ, ആഭരണങ്ങൾ എന്നിവ നൽകിയിരുന്നുവെന്നും എന്നാൽ 36 ലക്ഷം രൂപയും ഒരു ആഡംബര കാറും ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തുക ആയിരുന്നുവെന്നും കാഞ്ചൻ ഭാട്ടി അവകാശപ്പെട്ടു.
നിക്കിയുടെ മുറിയിൽ നിന്ന് തീപിടിക്കുന്ന ഒരു വസ്തു കണ്ടെടുത്തതിന് പിന്നാലെയും, പുതിയ വീഡിയോ ക്ലിപ്പുകളും പോലീസ് അന്വേഷണത്തിൽ പുതിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. അതിൽ ദയ നിക്കിയെയും വിപിനെയും തമ്മിൽ വഴക്കിനിടെ വേർപെടുത്താൻ ശ്രമിക്കുന്നതായി കാണാം.
കാഞ്ചൻ ചിത്രീകരിച്ചതായി പറയപ്പെടുന്ന ഒരു വീഡിയോയിൽ, ‘ യേ ക്യാ കർ ലിയ (നീ എന്താണ് ചെയ്തത്)’ എന്ന് പറയുന്ന ഒരു ശബ്ദം കാണിക്കുന്നുണ്ട്. ഇത് സംഭവങ്ങളുടെ ആഴത്തെ കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു.
നിക്കിയെ ആദ്യം പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള ഒരു കുറിപ്പിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അവൾക്ക് പൊള്ളലേറ്റതായി പറയുന്നു. അതേസമയം വിപിനെ ആശുപത്രിയിൽ എത്തിച്ച വിപിൻ്റെ കസിൻ ദേവേന്ദ്ര പറഞ്ഞത് യുവതി പലതവണ വെള്ളം ആവശ്യപ്പെട്ടതായും ശ്വാസംമുട്ടൽ അനുഭവപ്പെട്ടതായും ആണ്.
അതേസമയം, വിപിന് ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്ന് നിക്കിയുടെയും കാഞ്ചൻ്റെയും പിതാവ് ഭിഖാരി സിംഗ് ആവശ്യപ്പെടുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും ഇടപെടണമെന്ന് അഭ്യർത്ഥിക്കുകയും ചെചെയ്തിരുന്നു.
തൻ്റെ പെൺമക്കളുടെ സോഷ്യൽ മീഡിയ പ്രവർത്തനമാണ് സംഭവത്തിന് കാരണമായതെന്ന വാദങ്ങൾ അദ്ദേഹം നിഷേധിച്ചു. സ്വയം പോറ്റാൻ ഒരു ബ്യൂട്ടി പാർലർ തുറക്കാൻ അവരെ സഹായിച്ചതായി അദ്ദേഹം പറഞ്ഞു.
ഇരുകുടുംബങ്ങളിൽ നിന്നും ഒരു ഡസനോളം മൊഴികൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ആനന്ദ്പൂർ ഗ്രാമത്തിൽ നിന്നുള്ള 21 വയസുള്ള ഒരു സ്ത്രീ വിപിനെതിരെ നൽകിയ മറ്റൊരു ആക്രമണ കേസും അവർ അന്വേഷിക്കുന്നുണ്ട്.
ഭാരതീയ ന്യായ സംഹിതയിലെ 103(1) (കൊലപാതകം), 115(2) (സ്വമേധയാ പരിക്കേൽപ്പിക്കൽ), 61(2) (ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ ചെയ്യാൻ ശ്രമിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് നിക്കിയുടെ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.



