...
Home News ഇന്ത്യ- പാകിസ്ഥാൻ മത്സരം തുടരണം; ഹർജി സുപ്രീം കോടതി തള്ളി

ഇന്ത്യ- പാകിസ്ഥാൻ മത്സരം തുടരണം; ഹർജി സുപ്രീം കോടതി തള്ളി

ഈ ഞായറാഴ്‌ചയാണ് മത്സരം, എന്തുചെയ്യാൻ കഴിയും?" ബെഞ്ച് നിരീക്ഷിച്ചു

337

വരാനിരിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി അടിയന്തരമായി ലിസ്റ്റ് ചെയ്യാൻ സുപ്രീം കോടതി വ്യാഴാഴ്‌ച വിസമ്മതിച്ചു.

ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ അടിയന്തരമായി ലിസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകൻ വിഷയം പരാമർശിച്ചു.

“എന്താണ് ഇത്ര അടിയന്തരാവസ്ഥ? ഇതൊരു മത്സരമാണ്, അങ്ങനെയിരിക്കട്ടെ. ഈ ഞായറാഴ്‌ചയാണ് മത്സരം, എന്തുചെയ്യാൻ കഴിയും?” ബെഞ്ച് നിരീക്ഷിച്ചു.

ക്രിക്കറ്റ് മത്സരം ഞായറാഴ്‌ച നടക്കുമെന്നും വെള്ളിയാഴ്‌ച കേസ് ലിസ്റ്റ് ചെയ്‌തില്ലെങ്കിൽ ഹർജി ഫലശൂന്യമാകുമെന്നും അഭിഭാഷകൻ വാദിച്ചപ്പോൾ, “ഈ ഞായറാഴ്‌ചയാണ് മത്സരം? അതിനെ കുറിച്ച് നമുക്ക് എന്തുചെയ്യാൻ കഴിയും? അത് അങ്ങനെയാകട്ടെ. മത്സരം തുടരണം” -എന്ന് ബെഞ്ച് പറഞ്ഞു.

പഹൽഗാം ഭീകര ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷം പാകിസ്ഥാനുമായി ഒരു ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത് ദേശീയ അന്തസിനും പൊതുവികാരത്തിനും വിരുദ്ധമായ സന്ദേശം നൽകുന്നുണ്ടെന്ന് ഉർവശി ജെയിനിൻ്റെ നേതൃത്വത്തിലുള്ള നാല് നിയമ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

2025 ഏഷ്യാ കപ്പിനായി സെപ്റ്റംബർ 14ന് ദുബായ് ഇൻ്റെർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും.

“രാഷ്ട്രങ്ങൾ തമ്മിലുള്ള ക്രിക്കറ്റ് ഐക്യവും സൗഹൃദവും പ്രകടിപ്പിക്കാനുള്ളതാണ്. എന്നാൽ ഫഹൽഗാം ഭീകര ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷം, നമ്മുടെ ആളുകൾ മരിക്കുകയും നമ്മുടെ സൈനികർ എല്ലാം പണയപ്പെടുത്തുകയും ചെയ്‌തപ്പോൾ, പാകിസ്ഥാനുമായി കളിക്കുന്നത് വിപരീത സന്ദേശമാണ് നൽകിയത്. നമ്മുടെ സൈനികർ ജീവൻ ബലിയർപ്പിക്കുമ്പോൾ, അതേ രാജ്യം തീവ്രവാദികൾക്ക് അഭയം നൽകിക്കൊണ്ട് നമ്മൾ കായിക വിനോദങ്ങൾ ആഘോഷിക്കുകയാണെന്ന്” -ഹർജിയിൽ പറയുന്നു.

“പാകിസ്ഥാൻ ഭീകരൻ്റെ കൈകളാൽ ജീവൻ നഷ്‌ടപ്പെട്ട ഇരകളുടെ കുടുംബങ്ങളുടെ വികാരങ്ങളെയും ഇത് വ്രണപ്പെടുത്തും. വിനോദത്തേക്കാൾ പ്രധാനം രാജ്യത്തിൻ്റെ അന്തസും പൗരന്മാരുടെ സുരക്ഷയുമാണ്” -എന്ന് ഹർജിക്കാർ കൂട്ടിച്ചേർത്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരം ദേശീയ താൽപ്പര്യങ്ങൾക്ക് ഹാനികരമാണെന്നും സായുധ സേനയുടെയും രാജ്യത്തിൻ്റെ മൊത്തത്തിലുള്ള മനോവീര്യത്തിനും ഹാനികരം ആണെന്നും ഹർജിയിൽ പറയുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.