കർണാടക ഹാസൻ ജില്ലയിലെ ഒരു ഗ്രാമത്തിൽ വെള്ളിയാഴ്‌ച രാത്രി ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ഒരു ട്രക്ക് ഇടിച്ചുകയറി ഒമ്പത് പേർ കൊല്ലപ്പെടുകയും 20 -ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ അവസാന ദിവസം രാത്രി 8.45 -ഓടെ മൊസാലെ ഹൊസഹള്ളി ഗ്രാമത്തിലാണ് സംഭവം.
“മരിച്ചവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണ്,” വൃത്തങ്ങൾ പറഞ്ഞു. 20-ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു. അവരെ ചികിത്സക്കായി ഹാസനിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അരകലഗുഡുവിൽ നിന്ന് വരികയായിരുന്ന ട്രക്ക് നിയന്ത്രണം നഷ്‌ടപ്പെട്ട് ഭക്തരുടെ ഇടയിലേക്ക് ഇടിച്ചു കയറിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. “ലോറിയുടെ ചക്രത്തിനടിയിൽ കുടുങ്ങി ഏകദേശം നാല് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു,” -ഗ്രാമവാസികൾ പറഞ്ഞു.
ഔദ്യോഗിക പ്രസ്‌താവനക്കായി കാത്തിരിക്കുന്നു.
“ഹാസൻ താലൂക്കിലെ മൊസാലെ ഹൊസഹള്ളിയിൽ ഗണപതി നിമജ്ജന ഘോഷയാത്രക്കിടെ ഉണ്ടായ ദാരുണമായ അപകടത്തിൻ്റെ വാർത്ത കേട്ട് ഞാൻ വളരെ ഞെട്ടലോടെയാണ് പ്രതികരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും 20-ലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു,” കേന്ദ്ര ഘനവ്യവസായ, ഉരുക്ക് മന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.
പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.



