ഓൺലൈൻ ഭക്ഷണ വിതരണ മേഖലയിലെ മുൻനിരയിലുള്ള സ്വിഗ്ഗി മറ്റൊരു പുതിയ പരീക്ഷണം ആരംഭിച്ചു. വിദ്യാർത്ഥികളെയും താഴ്ന്ന വരുമാനക്കാരായ യുവാക്കളെയും ലക്ഷ്യമിട്ട് ‘ടോവിംഗ്’ എന്ന പുതിയ ഡെലിവറി ആപ്പ് അവർ പുറത്തിറക്കി. മഹാരാഷ്ട്രയിലെ പൂനെ നഗരത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്.
ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ഭക്ഷണം നൽകുക എന്നതാണ് ഈ ടോവിംഗ് ആപ്പിന്റെ പ്രധാന ലക്ഷ്യം. വെറും 100 രൂപ മുതൽ 150 രൂപ വരെയുള്ള വില പരിധിയിലാണ് ഭക്ഷണം ലഭ്യമാകുന്നത്. ഏറ്റവും പ്രധാനമായി, തിരക്കേറിയ സമയങ്ങളിൽ ഈടാക്കുന്ന സർജ് ഫീസ് ഈ ആപ്പിൽ പൂർണ്ണമായും ഒഴിവാക്കുന്നുണ്ടെന്ന് സ്വിഗ്ഗി വ്യക്തമാക്കി. പ്രത്യേകിച്ച് ബജറ്റ് അവബോധമുള്ള യുവാക്കളെ ഈ തീരുമാനം ആകർഷിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
സാധാരണയായി, സ്വിഗ്ഗി അതിന്റെ പുതിയ സേവനങ്ങൾ ബെംഗളൂരുവിലാണ് പരീക്ഷിക്കുന്നത്. എന്നാൽ ഇത്തവണ വിദ്യാർത്ഥികളും യുവാക്കളും കൂടുതലുള്ള ഒരു നഗരമായ പൂനെയെ അവർ തിരഞ്ഞെടുത്തിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പിങ്ക്, പച്ച നിറങ്ങളിലുള്ള തീമോടുകൂടിയ ആകർഷകമായ ഒരു ഡിസൈൻ ഈ ആപ്പിനായി പ്രത്യേകം സൃഷ്ടിച്ചിട്ടുണ്ട്.
മുമ്പ് ഒരു ആപ്പിൽ (സൂപ്പർ ആപ്പ്) എല്ലാ സേവനങ്ങളും നൽകാൻ പദ്ധതിയിട്ടിരുന്ന സ്വിഗ്ഗി അതിന്റെ തന്ത്രം മാറ്റുകയായിരുന്നു . ഓരോ സേവനത്തിനും പ്രത്യേക ആപ്പ് (സൂപ്പർ ബ്രാൻഡുകൾ) കൊണ്ടുവരാനുള്ള കമ്പനിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് ‘ടോവിംഗ്’ ആരംഭിച്ചത്. ടോവിംഗ് ഉൾപ്പെടെ, സ്വിഗ്ഗിയുടെ പോർട്ട്ഫോളിയോയിൽ ഇപ്പോൾ ആകെ ഏഴ് ആപ്പുകളുണ്ട്. പൂനെയിലെ പ്രതികരണം കണക്കിലെടുക്കുമ്പോൾ, ഭാവിയിൽ ഈ സേവനങ്ങൾ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് വിപണി വിദഗ്ധർ പ്രവചിക്കുന്നു.



