...
Home News Kerala കെജെ ഷൈന് എതിരായ സൈബര്‍ ആക്രമണം; കെഎം ഷാജഹാൻ്റെ വീട്ടില്‍ റെയ്‌ഡ്‌

കെജെ ഷൈന് എതിരായ സൈബര്‍ ആക്രമണം; കെഎം ഷാജഹാൻ്റെ വീട്ടില്‍ റെയ്‌ഡ്‌

ഉള്ളൂരിലെ വീട്ടിലാണ് പരിശോധന. അതേസമയം ഷാജഹാന്‍ വീട്ടിലുണ്ടായിരുന്നു

308

സിപിഐഎം നേതാവ് കെജെ ഷൈനെതിരായ സൈബര്‍ ആക്രമണത്തില്‍ യൂട്യൂബര്‍ കെഎം ഷാജഹാൻ്റെ വീട്ടില്‍ റെയ്‌ഡ്‌. എറണാകുളം റൂറല്‍ സൈബര്‍ ടീമും പറവൂര്‍ പൊലീസും വീട്ടിലെത്തി പരിശോധന നടന്നു. ഉള്ളൂരിലെ വീട്ടിലാണ് പരിശോധന. അതേസമയം ഷാജഹാന്‍ വീട്ടിലുണ്ടായിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകാൻ സംഘം ഷാജഹാന് നോട്ടീസ് നൽകി. ഷാജഹാൻ്റെ ഐഫോൺ സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാത്രി ഒമ്പത് മണിയോടെയാണ് സംഘം വീട്ടിലെത്തിയത്. വിഷയത്തിൽ ബുധനാഴ്‌ച വിശദമായി പ്രതികരിക്കാമെന്നാണ് ഷാജഹാൻ പ്രതികരിച്ചത്. സിസിടിവിയുടെ മൈക്ക് വഴിയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

കേസിൽ പ്രതിചേര്‍ത്ത കൊണ്ടോട്ടി അബുവിൻ്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. മലപ്പുറത്തെ വീട്ടിലാണ് പൊലീസ് പരിശോധന. കേസില്‍ മൂന്നാം പ്രതിയാണ് യൂട്യൂബറായ കൊണ്ടോട്ടി അബു എന്ന യാസര്‍ എടപ്പാള്‍. ഇയാള്‍ വിദേശത്ത് ആണെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് കൈമാറും.

കെജെ ഷൈനിന് എതിരായ സൈബര്‍ ആക്രമണത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രതിയായ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സികെ ഗോപാലകൃഷ്‌ണനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ആലുവ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിര്‍ദ്ദേശം.

ഗോപാലകൃഷ്‌ണൻ്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇടാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. അപവാദ പ്രചാരണം നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ ഇതില്‍ നിന്ന് ശേഖരിക്കുകയാണ് അന്വേഷണ സംഘം. ഒളിവില്‍ തുടരുന്ന ഗോപാലകൃഷ്‌ണന്‍ ഹാജരാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

നാവ് പിഴുതെറിയണം; പോസ്റ്റർ

സൈബർ ആക്രമണത്തിന് പിന്നാലെ യൂട്യൂബര്‍ കെഎം ഷാജഹാന് എതിരെ പോസ്റ്റർ. തിരുവനന്തപുരത്തെ അദ്ദേഹത്തിൻ്റെ വീടിന് സമീപമാണ് പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ യൂട്യൂബിൽ വിറ്റു ജീവിക്കുന്ന വിവാദങ്ങളുടെ വിൽപനക്കാരനാണ് കെഎം ഷാജഹാനെന്നും വിഷം തുപ്പുന്ന അദ്ദേഹത്തിൻ്റെ നാവ് പിഴുതെറിയണം എന്നുമാണ് പോസ്റ്ററിൽ എഴുതിയിട്ടുള്ളത്.

സാമൂഹ്യ വിപത്താണ് ഷാജഹാനെന്നും രൂക്ഷ വിമർശനമുണ്ട്. ചെറുവയ്ക്കൽ ജനകീയ സമിതിയുടെ പേരിലാണ് പോസ്റ്ററുകളും ഫ്ളക്‌സും പതിച്ചിരിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.