...
Home News Kerala കെജെ ഷൈനിന് എതിരായ സൈബർ ആക്രമണം; യൂട്യൂബർ കെഎം ഷാജഹാന്‍ അറസ്റ്റില്‍

കെജെ ഷൈനിന് എതിരായ സൈബർ ആക്രമണം; യൂട്യൂബർ കെഎം ഷാജഹാന്‍ അറസ്റ്റില്‍

ഐടി ആക്‌ട്, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

328

സിപിഐഎം നേതാവ് കെജെ ഷൈനിന് എതിരെ അപവാദ പ്രചാരണം നടത്തിയ കേസില്‍ യൂട്യൂബര്‍ കെ.എം ഷാജഹാന്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് ഷാജഹാനെ കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്‌ച ഉച്ചയോടെ കെജെ ഷൈന്‍ എറണാകുളം റൂറല്‍ സൈബര്‍ പൊലീസിന് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും കെഎം ഷാജഹാന്‍ നിയമത്തെ വെല്ലുവിളിക്കുക ആണെന്നുമായിരുന്നു പരാതി. ബുധനാഴ്‌ച പ്രത്യേക അന്വേഷണ സംഘം ഷാജഹാനെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചിരുന്നു. അതിന് പിന്നാലെയാണ് വീട്ടിലെത്തി കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌തത്.

കെഎം ഷാജഹാനെ അര്‍ധരാത്രിയോട് കൂടി കൊച്ചിയിൽ എത്തിക്കും. നിലവില്‍ ഐടി ആക്‌ട്, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെ നിരന്തരമായി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു ഇയാള്‍. പരാതി നല്‍കിയിട്ടും നിയമപരമായ നടപടികളുണ്ടായിട്ടും അധിക്ഷേപം തുടരുക ആയിരുന്നു.

കൂടുതല്‍ വീഡിയോകള്‍ ചാനലിലൂടെ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഇതോടെ ആണ് കെജെ ഷൈന്‍ വീണ്ടും പരാതി നല്‍കിയത്. തുടര്‍ന്നാണ് ഷാജഹാൻ്റെ അറസ്റ്റ് അടക്കമുളള നടപടികളിലേക്ക് പൊലീസ് കടന്നത്.

കഴിഞ്ഞ ദിവസം ആലുവയിലാണ് എറണാകുളം റൂറല്‍ സൈബര്‍ പൊലീസിൻ്റെ ചോദ്യം ചെയ്യല്‍ നടന്നത്. വിവാദ വീഡിയോ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് അന്വേഷണ സംഘം പിടിച്ചെടുത്തു.

ചോദ്യം ചെയ്യലിന് ഹാജരായ ഷാജഹാന് എതിരെ ആലുവ പൊലീസ് സ്റ്റേഷന് മുന്നിൽ സിപിഐഎം പ്രവർത്തകർ പ്രതിഷേധം നടത്തി. ‘പരനാറി’ മുദ്രാവാക്യവും ആയാണ് സിപിഐഎം പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. ഷാജഹാൻ കയറിയ ഓട്ടോറിക്ഷയും പ്രവർത്തകർ തടഞ്ഞിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.