രണ്ടര കോടി രൂപയുടെ ഹെറോയിനുമായി രണ്ട് പേര്‍ പിടിയില്‍. മേഘാലയയിലെ വെസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലാണ് കാങ്പോക്പി, ചുരാചന്ദ്പൂര്‍ സ്വദേശികളായ ചുചുങ് സെര്‍ട്ടോ, താംഗിന്‍ ടൗതാങ് എന്നിവര്‍ അറസ്റ്റിലായത്.
ഏകദേശം 2.5 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം. ഫ്രാമര്‍ മെര്‍ പോലീസിൻ്റെ ട്രാഫിക് സെല്ലിന് സമീപം വാഹനം പരിശോധിച്ചപ്പോൾ ആയിരുന്നു ഹെറോയിനുമായി ഇവർ പിടിയിലായത്. സംഭവത്തില്‍ എന്‍ഡിപിഎസ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തു.
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വെസ്റ്റ് ജയന്തിയാ ഹില്‍സ് പൊലീസും സംസ്ഥാന മയക്കുമരുന്ന് വിരുദ്ധ ടാസ്‌ക് ഫോഴ്‌സും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഹെറോയിനുമായി രണ്ട് പേര്‍ പിടിയിലായത്.
512.63 ഗ്രാം ഭാരമുള്ള ഹെറോയിന്‍ അടങ്ങിയ 50 സോപ്പ് ബോക്‌സുകള്‍ പിടിച്ചെടുത്തു. 3,000 കൊറിയന്‍ വോണ്‍, 500 കസാക്കിസ്ഥാന്‍ ടെന്‍ഗെ, 10 മ്യാന്‍മര്‍ ക്യാറ്റ് എന്നിവയുള്‍പ്പെടെയുള്ള വിദേശ കറന്‍സികളും കണ്ടെടുത്തു. 6,775 രൂപയുടെ ഇന്ത്യന്‍ കറന്‍സികളും രണ്ട് മൊബൈല്‍ ഫോണുകളും കസ്റ്റഡിയിൽ എടുത്തു.
സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തണമെന്ന് ഡി.എസ്.പി ഗിരി പ്രസാദ് പറഞ്ഞു. സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം പുരോഗമിക്കുക ആണെന്നും കൂടുതല്‍ പ്രതികളുണ്ടെങ്കില്‍ അവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.



