കോണ്‍ഗ്രസിനെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് പി ചിതംബരം. 2008-ലെ മുംബൈ ഭീകര ആക്രമണത്തിന് തിരിച്ചടിക്കാഞ്ഞത് അമേരിക്കയുടെയും മറ്റും സമ്മര്‍ദം കാരണമെന്ന് പി ചിദംബരം. ഇതോടെ ചിദംബരത്തിൻ്റെ തുറന്ന് പറച്ചില് രാഷ്ട്രീയ ആയുധമാക്കി ബിജെപിയും രംഗത്തെത്തി. 175 പേരുടെ മരണത്തിനിടയാക്കിയ ഭീകര ആക്രമണത്തിന് പിന്നാലെയായിരുന്നു പി ചിദംബരം ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റത്.
പ്രതികാരം ചെയ്യണമെന്ന് തനിക്ക് തോന്നിയിരുന്നെന്നും എന്നാല്‍ അമേരിക്കയുടെ ഉള്‍പ്പെടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഒന്നും ചെയ്യാതിരുന്നത് എന്നുമാണ് പി ചിദംബരം 17 വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തിയത്.
ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ഉടന്‍ അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് തന്നെയും പ്രധാനമന്ത്രിയെയും സന്ദര്‍ശിച്ചെന്നും യുദ്ധം തുടങ്ങരുതെന്നും ആവശ്യപ്പെട്ടു. യുദ്ധം തുടങ്ങരുതെന്ന് ആവശ്യപ്പെടാന്‍ ലോകം മുഴുവന്‍ ദില്ലിയിലേക്ക് വന്നെന്നും അന്താരാഷ്ട്ര സമ്മര്‍ദ്ദവും, വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഉപദേശത്താലും ആണ് സര്‍ക്കാര്‍ അത്തരം ഒരു തീരുമാനം എടുത്തതെന്നും ആണ് ചിദംബരം തുറന്നു പറയുന്നത്.
അതേസമയം ചിദംബരത്തിൻ്റെ തുറന്ന് പറച്ചില് ബിജെപി ആയുധമായി ഏറ്റെടുത്തു. വിദേശ ശക്തികളുടെ സമ്മര്‍ദം മൂലമാണ് മുംബൈ ആക്രമണം തെറ്റായി കൈകാര്യം ചെയ്തതെന്ന് രാജ്യത്തിന് മുഴുവന്‍ അറിയാവുന്ന കാര്യം ഇപ്പോള്‍ ചിദംബരം 17 വര്‍ഷം കഴിഞ്ഞു സമ്മതിച്ചിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി ചോദിച്ചു.
അമേരിക്കക്ക് പുറമേ പാക്കിസ്ഥാന് എതിരായ നടപടി തടഞ്ഞത് ആരൊക്കെയന്ന ചോദ്യവും ബിജെപി ഉര്‍ത്തി. അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങ്ങാണോ സോണിയാ ഗാന്ധിയാണോ തടഞ്ഞതെന്നും ചോദിച്ച ബിജെപി അമേരിക്കയുടെ ഉത്തരവുകള്‍ എന്തിനാണ് അനുസരിച്ചതെന്നും ചോദിക്കുന്നു.



