...
Home News ഇന്‍റർനെറ്റ് മീം ആകാൻ വയ്യ; ‘സാം സങ്’ എന്ന പേര് മാറ്റിയ ‘ആപ്പിൾ’ ജീവനക്കാരൻ

ഇന്‍റർനെറ്റ് മീം ആകാൻ വയ്യ; ‘സാം സങ്’ എന്ന പേര് മാറ്റിയ ‘ആപ്പിൾ’ ജീവനക്കാരൻ

വർഷങ്ങൾക്ക് മുമ്പേ ആപ്പിളിനെ ഇന്‍റർനെറ്റിൽ വൈറൽ മീം ആക്കി മാറ്റിയ മറ്റൊരു സംഭവമുണ്ട്

342

അമേരിക്കൻ ടെക് ഭീമൻ ആപ്പിളും ചിരവൈരികളായ ദക്ഷിണ കൊറിയൻ സ്‌മാർട്ഫോൺ രാജാവ് സാംസങും തമ്മിലുള്ള ബിസിനസ് യുദ്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അടുത്തിടെ പുതിയ ഐ ഫോൺ മോഡലുകൾ ഇറങ്ങുമ്പോൾ ഇന്‍റർനെറ്റിൽ ആപ്പിളിനെ ‘റോസ്റ്റ്’ ചെയ്യുന്ന സാംസങിന്‍റെ ‘i can’t’ എന്ന കാമ്പയിനും വൈറലായിരുന്നു. എന്നാൽ, വർഷങ്ങൾക്ക് മുമ്പേ ആപ്പിളിനെ ഇന്‍റർനെറ്റിൽ വൈറൽ മീം ആക്കി മാറ്റിയ മറ്റൊരു സംഭവമുണ്ട്. അതും സാംസങ് തന്നെയായിരുന്നു.

കൊറിയൻ കമ്പനി സാംസങ് അല്ല, ആപ്പിളിലെ തന്നെ ജീവനക്കാരനായ ‘സാം സങ്ങാ’ണ് ഇന്‍റർനെറ്റ് വിപ്ലവത്തിന്‍റെ തുടക്ക സമയത്ത് ആപ്പിൾ- സാംസങ് പോരിനെ പുതിയ തലത്തിലേക്ക് നയിച്ചത്. അവസാനം സ്വന്തം പേര് തന്നെ മാറ്റേണ്ടിവന്ന സാം ബിസിനസ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ അന്നുണ്ടായ രസകരമായ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്‌തു.

ചെറുപ്പം മുതലേ തന്‍റെ പേരിന്‍റെ പേരിൽ കളിയാക്കലുകൾ കുറെ കേട്ടിട്ടുണ്ടെങ്കിലും ജോലി ചെയ്യുന്ന സമയത്താണ് അത് വമ്പൻ സംഭവമായി മാറിയത്. തൻ്റെ ഇരുപതുകളിൽ കാനഡയിലെ വാൻകൂവറിലെ ഒരു ആപ്പിൾ സ്റ്റോറിൽ ജോലി ചെയ്യുന്നതിനിടയിൽ, ആരോ സാമിന്‍റെ ആപ്പിൾ ബിസിനസ് കാർഡിന്‍റെ ഒരു ഫോട്ടോ റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്‌തു. അത് മണിക്കൂറുകൾക്കുള്ളിൽ വൈറലായി. ആപ്പിൾ പസഫിക് സെൻ്റെറിലെ സ്പെഷ്യലിസ്റ്റ് സാം സങ് എന്നായിരുന്നു കാർഡ്.

ഇതോടെ സാമിന്‍റെ ഫോണിലേക്ക് നിർത്താതെ വിളികളെത്തി. ഇതിൽ പത്രപ്രവർത്തകർ ഉൾപ്പടെ ഉണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ, ആപ്പിൾ സ്റ്റോറിൽ നിന്ന് തന്നെ വിളിയെത്തി. ജോലി സ്ഥലത്തും റിപ്പോർട്ടർമാർ വരാൻ തുടങ്ങിയതോടെ, ആപ്പിൾ അദ്ദേഹത്തെ സ്റ്റോർ ഫ്ലോറിൽ നിന്ന് മാറ്റി. തിരിച്ചറിയാതെ ഇരിക്കാൻ ബിസിനസ് കാർഡ് എടുത്തു മാറ്റുകയും, ഐഡി വാങ്ങി വെക്കുകയും ചെയ്‌തു.

ഇൻ്റെർനെറ്റിൽ ഒരു തമാശയായി ഓർമിക്കപ്പെടുത്തിരിക്കാനാണ് തന്‍റെ പേര് മാറ്റിയതെന്ന് സാം പറയുന്നു. സാം സ്ട്രുവാൻ എന്നാണ് അദ്ദേഹം പേര് മാറ്റിയത്. 2013ൽ അദ്ദേഹം ആപ്പിളിൽ നിന്നും ഇറങ്ങുകയും സ്വന്തമായി ബിസിനസിലേക്ക് തിരിയുകയും ചെയ്‌തു. നിലവിൽ സ്കോട്ട്ലന്‍റിലാണ് സാം ജോലി ചെയ്യുന്നത്.

ഇപ്പോൾ ആലോചിക്കുമ്പോൾ, അതൊക്കെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളായി കാണുന്നുവെന്നും സാം അഭിമുഖത്തിൽ പറഞ്ഞു. ഐഫോൺ 17ൻ്റെ ലോഞ്ച് സമയത്തും സാംസങ് ആപ്പിളിനെ കളിയാക്കി രംഗത്ത് എത്തിയപ്പോഴാണ് പഴയ ‘സാം സങ്’ കഥയും വീണ്ടും ഇൻ്റെർനെറ്റും മാധ്യമ ലോകവും ചർച്ച ചെയ്യാൻ തുടങ്ങിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.