കാമറൂണിന്റെ നിലവിലെ പ്രസിഡന്റ് പോൾ ബിയയെ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ വിജയിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിലൂടെ അദ്ദേഹം വീണ്ടും ഏഴ് വർഷത്തെ പുതിയ കാലാവധി ഉറപ്പാക്കി, ഏകദേശം 100 വയസ്സ് തികയുന്നതുവരെ ഇനി അദ്ദേഹത്തിന് അധികാരത്തിൽ തുടരാനാകും .
ഒക്ടോബർ 12 ന് നടന്ന തിരഞ്ഞെടുപ്പിൽ ബിയ 53.66% വോട്ട് നേടിയതായി ഭരണഘടനാ കൗൺസിൽ തിങ്കളാഴ്ച പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം അദ്ദേഹത്തിന്റെ പ്രധാന എതിരാളിയായ ഇസ്സ ചിറോമ ബക്കാരിക്ക് 35.19% വോട്ട് ലഭിച്ചു. വോട്ടെടുപ്പ് അവസാനിച്ച് രണ്ട് ദിവസത്തിന് ശേഷം ചിറോമ സ്വയം വിജയിയായി പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര കണക്കുകൾ പ്രകാരം ബിയയെക്കാൾ മുന്നിലാണ് താനെന്ന് അദ്ദേഹം പറഞ്ഞു.
മുമ്പ് ഗതാഗത, ആശയവിനിമയ മന്ത്രിയായി സേവനമനുഷ്ഠിച്ച പ്രതിപക്ഷ ഫ്രണ്ട് ഫോർ ദി നാഷണൽ സാൽവേഷൻ ഓഫ് കാമറൂൺ പാർട്ടി നേതാവ് ജൂണിൽ സർക്കാരിൽ നിന്ന് രാജിവച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ്, തീരദേശ നഗരമായ ഡുവാലയിൽ പ്രതിപക്ഷ അനുയായികൾ പ്രതിഷേധ നിരോധനങ്ങൾ ലംഘിച്ച് സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് ഞായറാഴ്ച നാല് പേർ കൊല്ലപ്പെട്ടു. വോട്ടെടുപ്പിൽ അധികാരികൾ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ചായിരുന്നു ഇത്.
തിങ്കളാഴ്ചയും അശാന്തി തുടർന്നു, വടക്കൻ നഗരമായ ഗരോവയിലെ തന്റെ വസതിക്ക് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിന് നേരെ സ്നൈപ്പർമാർ വെടിയുതിർത്തപ്പോൾ രണ്ട് പേർ കൊല്ലപ്പെട്ടതായി ചിറോമ റിപ്പോർട്ട് ചെയ്തു . പ്രതിപക്ഷ നേതാവിന്റെ വീടിന് സമീപം നിരവധി ആളുകൾ വെടിയേറ്റ് മരിച്ചതായി ഒരു പ്രാദേശിക പത്രപ്രവർത്തകൻ ബിബിസിയോട് പറഞ്ഞു.
അതേസമയം, 92 കാരനായ ബിയ 1982 മുതൽ ഭരിച്ചുവരുന്നു, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നേതാവും ഇക്വറ്റോറിയൽ ഗിനിയയിലെ തിയോഡോറോ ഒബിയാങ് നുഗുവേമയ്ക്ക് ശേഷം ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ രാഷ്ട്രത്തലവനുമാണ് അദ്ദേഹം. 1960 ൽ ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിനുശേഷം കാമറൂണിനെ നയിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം. 2008 ൽ അദ്ദേഹം പ്രസിഡന്റ് കാലാവധി പരിധി നീക്കി, തന്റെ തുടർ ഭരണത്തിന് വഴിയൊരുക്കിയിരുന്നു .



