എമ്മെസ് ഷൈജു
കേരളത്തിൻ്റെ സവിശേഷമായ സാമൂഹിക വികസനത്തിന് കാരണമായ കാര്യങ്ങളിൽ രാഷ്ട്രീയമായതും അല്ലാത്തതുമായ നിരവധി ഘടകങ്ങളുണ്ട്. 1957ൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാർ മുതൽ ഇപ്പോൾ അധികാരത്തിലുള്ള പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ വരെയുള്ള വിവിധ ഭരണകൂടങ്ങൾ സ്വീകരിച്ച രാഷ്ട്രീയ തീരുമാനങ്ങളുടെ ഉൽപ്പന്നമാണ് ഇന്നത്തെ കേരളത്തിൻ്റെ വികാസം.
കേരളത്തിൻ്റെ രൂപീകരണ ശേഷം സംഭവിച്ച, സാമൂഹിക മാറ്റത്തിനായുള്ള, ഏറ്റവും ശക്തമായ ഒരു വിത്ത് പാകലായിരുന്നു ഭൂപരിഷ്കരണം. 1957ൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ മുന്നോട്ട് വെച്ച ഭൂപരിഷ്കരണം എന്ന ആശയം പ്രാവർത്തികമായത് 1970ലായിരുന്നു. ഇതിലൂടെ ലക്ഷക്കണക്കിന് കർഷകർക്ക് ഭൂമിയുടെ അവകാശം ലഭിച്ചു. അതൊരു വലിയ വിപ്ലവമായിരുന്നു. കാലങ്ങളായി ജന്മിമാർക്ക് വേണ്ടി വിതക്കാനും കൊയ്യാനും മാത്രം ശീലിച്ചിരുന്ന ഒരു ജനത സ്വന്തം ഭൂമിയിൽ അഭിമാന ബോധത്തോടെ അധ്വാനിക്കാൻ ആരംഭിച്ചു. സാമൂഹിക നീതിക്ക് വേണ്ടിയുള്ള ഈ ശ്രമം കേരളത്തിൻ്റെ പൊതുമണ്ഡലത്തിൽ സാമ്പത്തിക തുല്യത വർദ്ധിപ്പിക്കാൻ കാരണമായി.1970 കൾക്ക് ശേഷം സംഭവിച്ച ഗൾഫ് പ്രവാസം അതിനെ ശക്തിപ്പെടുത്തി.
1957ലെ മന്ത്രിസഭ അടിക്കല്ല് പാകിയ മറ്റൊരു മേഖല കേരളത്തിൻ്റെ പൊതു വിദ്യാഭ്യാസമായിരുന്നു. 57ൽ നാലാം ക്ലാസ് വരെയും, തുടർന്ന് 1967ൽ പത്താം ക്ലാസ് വരെയും പഠനം സൗജന്യമാക്കി നിയമം കൊണ്ടു വന്നു. അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു. എയ്ഡഡ് മേഖലയിലൂടെ പൊതു വിദ്യാഭ്യാസത്തെ വിപുലവും ജനകീയവുമാക്കി മാറ്റി. ഉയർന്ന സാക്ഷരതാ നിരക്കും വിദ്യാഭ്യാസ പുരോഗതിയും കരസ്ഥമാക്കാൻ കേരളമെന്ന ചെറു സംസ്ഥാനത്തിന് സാധിച്ചതിന് പിന്നിലെ ചാലക ശക്തിയായി മാറിയത് പൊതുവിദ്യാഭ്യാസ മേഖലയിൽ വിവിധ സർക്കാരുകൾ കൈക്കൊണ്ട രാഷ്ട്രീയമായ തീരുമാനങ്ങളായിരുന്നു.
മറ്റൊരു സുപ്രധാന മേഖല ആരോഗ്യ രംഗമായിരുന്നു. സർക്കാർ ആശുപത്രികൾ ധാരാളമായി സ്ഥാപിച്ചും വ്യസ്ഥാപിതവും കാര്യക്ഷമവുമായി അവ ചലിപ്പിച്ചും ലോകോത്തര നിലവാരത്തിലുള്ള സാമൂഹിക സൂചികകളിൽ കേരളത്തിനും ഉൾപ്പെടാൻ സാധിച്ചു. ശിശു മരണ നിരക്ക് കുറഞ്ഞ സംസ്ഥാനം, ആയുർദൈർഘ്യം കൂടിയ സംസ്ഥാനം, പൊതുജനാരോഗ്യം കൂടിയ സംസ്ഥാനം തുടങ്ങി അനേകം മേഖലകളിൽ കേരളം കൈവരിച്ച മുന്നേറ്റങ്ങൾ മുഴുവനും ജനങ്ങളെ സംബന്ധിച്ചും അവരുടെ ക്ഷേമത്തെ സംബന്ധിച്ചുമുള്ള ഒരു രാഷ്ട്രീയ കാഴ്ചപ്പാടിൻ്റെ ഉൽപ്പന്നമായിരുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിൽ ഓരോ കാലത്തും കേരളം വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. ബജറ്റ് വരുമാനത്തിന് പുറത്ത് നിന്ന് കിഫ്ബി പോലെയുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തി കോടാനുകോടി രൂപയുടെ വികസനമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. ഇതെല്ലാം വികസനത്തെ സംബന്ധിച്ചുള്ള രാഷ്ട്രീയ തീരുമാനങ്ങളിലൂടെ സംഭവിക്കുന്ന വികാസങ്ങളാണ്.
സമകാലിക ചരിത്രത്തിൽ കേരളം കൈവരിച്ച സാമൂഹികമായ നേട്ടം ജനങ്ങളുടെ വാർദ്ധക്യ കാല ക്ഷേമത്തിൽ സംഭവിച്ച അത്ഭുതകരമായ കുതിപ്പായിരുന്നു. 60 വയസ് കഴിഞ്ഞ ഏതാണ്ട് 62 ലക്ഷം മനുഷ്യർക്കാണ് സാമൂഹിക ക്ഷേമ പെൻഷൻ എന്ന പേരിൽ കോടിക്കണക്കിന് രൂപ ഓരോ മാസവും വിതരണം ചെയ്യുന്നത്. 1980 ൽ ആരംഭിച്ച ഈ പദ്ധതിയെ വികസിപ്പിച്ച് രാജ്യത്തിന് തന്നെ അഭിമാനം നൽകുന്ന ഒരു പദ്ധതിയായി അതിനെ വളർത്തിയെടുത്തത് ഒരു രാഷ്ട്രീയ ആശയത്തിൻ്റെ ക്ഷേമ സങ്കല്പമാണ്. വിവിധങ്ങളായ ക്ഷേമനിധി ബോർഡുകൾ രൂപീകരിച്ച് മുഴുവവൻ മനുഷ്യരെയും ക്ഷേമ പെൻഷനുകളുടെ പരിധികളിൽ കൊണ്ട് വരാനുള്ള വലിയ നീക്കമാണ് നടന്ന് കൊണ്ടിരിക്കുന്നത്. ദാരിദ്ര്യ മുക്തമായ ഒരു നവ ലോകത്തെ സ്വപ്നം കാണുന്ന ഒരു രാഷ്ട്രീയ കാഴ്ചപ്പാടിൻ്റെ സ്വപ്നം കൂടിയാണ് ഈ പദ്ധതികൾ ഓരോന്നും.
രാഷ്ട്രീയ വിരോധം മൂലം കേരളത്തോട് വൈര നിരാതരത്വം കാണിച്ചു കൊണ്ടിരിക്കുന്ന ഒരു കേന്ദ്ര സർക്കാരാണ് രാജ്യം ഭരിക്കുന്നത്. കേരളത്തിന് നൽകൊണ്ട ന്യായമായ വിഹിതങ്ങൾ, ഗ്രാൻ്റ്, പദ്ധതി തുകകൾ എന്നിവ വെട്ടിക്കുറച്ചും, നിർത്തലാക്കിയും, തരാതെ പിടിച്ച് വെച്ചും, മാനദണ്ഡങ്ങൾ സൃഷ്ടിച്ച് പ്രയാസപ്പെടുത്തിയും അവർ കേരളത്തോട് പ്രതികാര ബുദ്ധിക്ക് സമാനമായ നിലപാടാണ് പുലർത്തുന്നത്. ഒരു സംസ്ഥാനത്തിന് രാജ്യം ഭരിക്കുന്ന സർക്കാരിനെതിരെ, ന്യായമായ അവകാശങ്ങൾക്ക് വേണ്ടി, കോടതി വ്യവഹാരം നടത്തേണ്ടി വന്നു. വലിയ സമരങ്ങളാണ് കേരളം ഭരിക്കുന്ന മുന്നണിയും സംസ്ഥാന ഭരണകൂടവും കേന്ദ്രത്തിനെതിരെ നടത്തിയത്.
കേന്ദ്രം ഞെക്കി ഞെരുക്കി തകർത്ത ഒരു സാമ്പത്തികാവസ്ഥയിലാണ് രണ്ടാം പിണറായി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വിപ്ലവകരമായ പദ്ധതികളും തീരുമാനങ്ങളും മുന്നോട്ട് വെച്ചാണ് കേരളത്തിൻ്റെ ധന വകുപ്പ് സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടത്. വ്യവസായ മേഖലയിൽ വൻ കുതിപ്പ് നടത്താൻ ഇതിലൂടെ കേരളത്തിന് സാധിച്ചു. സാധ്യമാകുന്ന എല്ലാ വരുമാന വർദ്ധന മാർഗങ്ങളും ജനങ്ങൾക്ക് അധിക ബാധ്യത വരാതെ സർക്കാർ അന്വേഷിച്ചു. കഴിഞ്ഞ വർഷത്തെ ബജറ്റ് അവതരിപ്പിക്കുമ്പോൾ കേരളം എങ്ങനെ സാമ്പത്തികമായ കടുത്ത ഞെരുക്കങ്ങളെ മറികടന്നു എന്ന് ധനമന്ത്രി വിശദീകരിച്ചത് അത്ഭുതത്തോടെയാണ് കേരളം കേട്ടത്. അതോരൊന്നും ദീർഘ വീക്ഷണത്തോടെയും ഇച്ഛാശക്തിയോടെയും ഒരു സർക്കാർ സ്വീകരിച്ച രാഷ്ട്രീയമായ തീരുമാനങ്ങളുടെ അനന്തര ഫലങ്ങളായിരുന്നു.
മുകളിൽ വിവരിച്ച ഓരോ തീരുമാനങ്ങളും പരിശോധിക്കപ്പെടുമ്പോൾ അതൊക്കെയും ആവിഷ്കരിച്ചിരിക്കുന്നത് കേരളത്തിലെ ഇടത് പക്ഷ രാഷ്ട്രീയ ധാര നേതൃത്വം നൽകിയ സർക്കാരുകളാണ് എന്നത് കേവലമായ ഒരു സാമ്യതയല്ല. ഈ സമൂഹത്തെയും അവിടുത്തെ മനുഷ്യരെയും അവരുടെ ജീവിതങ്ങളെയും സംബന്ധിച്ച് കാഴ്ചപ്പാടും സ്വപ്നങ്ങളുമുള്ള ഒരു രാഷ്ട്രീയ പദ്ധതിയുടെ പേരാണ് ഇടത് പക്ഷം എന്ന വ്യക്തതയാണ് അതിൻ്റെ കാരണം. ആ വ്യക്തതയും കാഴ്ചപ്പാടും രൂപപ്പെടുത്തുന്ന തീരുമാനങ്ങളാണ് രണ്ടാം പിണറായി സർക്കാറിൻ്റെ എല്ലാ ജനകീയ നിലപാടുകൾക്കും പിന്നിലുള്ളത്.
രാഷ്ട്രീയ ശത്രുക്കൾ ഉയർത്തുന്ന എല്ലാ വിമർശനങ്ങളെയും ആക്ഷേപങ്ങളെയും അവഗണിച്ചും നിരാകരിച്ചും ജനപക്ഷത്ത് ഉറച്ച് നിന്നുമാണ് 1957ലെ സർക്കാർ മുതൽ രണ്ടാം പിണറായി സർക്കാർ വരെയുള്ള ഇടത് പക്ഷ സർക്കാരുകൾ മുന്നോട്ട് പോയിട്ടുള്ളത്. ഈ ജൈത്രയാത്ര ഇനിയും മുന്നോട്ട് പോകം. കൂടെ വരുന്നവരെ ചേർത്ത് പിടിച്ചും എതിർത്ത് നിൽക്കുന്നവരെ തട്ടി മാറ്റിയും അത് തുടരുക തന്നെ ചെയ്യും.



