...
Home News Kerala ‘ഉദ്യോഗസ്ഥ ക്ഷാമം, എസ്.ഐ.ആർ നിർത്തി വെക്കണം’; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

‘ഉദ്യോഗസ്ഥ ക്ഷാമം, എസ്.ഐ.ആർ നിർത്തി വെക്കണം’; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

ചീഫ് സെക്രട്ടറി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചിരുന്നു, നടപടിയൊന്നും ഉണ്ടായില്ല

235

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് എതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. എസ്.ഐ.ആർ നിർത്തി വെക്കണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പും എസ്.ഐ.ആറും ഒരേ സമയത്താണ് നടക്കുന്നതെന്നും ഇത് ഉദ്യോഗസ്ഥ ക്ഷാമത്തിനും ഭരണ സ്‌തംഭനത്തിനും ഇടയാക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു.

ഇക്കാര്യം കാണിച്ച് ചീഫ് സെക്രട്ടറി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചിരുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടായില്ലെന്നും എസ്.ഐ.ആറിന് അടിയന്തര പ്രാധാന്യമില്ലെന്നും സർക്കാർ വ്യക്തമാക്കി.

അതേസമയം, തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിൽ സഹകരിക്കാൻ കോണ്‍ഗ്രസ്. ഓരോ നിയോജക മണ്ഡലത്തിന്‍റെയും ചുമതല ഓരോ കെപിസിസി ജനറൽ സെക്രട്ടറിമാര്‍ക്ക് നൽകും. പാര്‍ട്ടിയുടെ ബൂത്ത് ലെവൽ ഏജന്‍റുമാരെ വോട്ട് ചേര്‍ക്കാനും പാര്‍ട്ടി അനുകൂല വോട്ട് ഉറപ്പിക്കാൻ സജീവമായി ഇറക്കാനാണ് തീരുമാനം.

ഏജന്‍റുമാര്‍ ഇല്ലാത്തിടത്ത് പത്ത് ദിവസത്തിനകം ആളെ നിയോഗിക്കാനാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാന്തരമായി വോട്ട് ചേര്‍ക്കലും നടത്താനാണ് നിര്‍ദേശം. മാറി നിന്നാൽ തിരിച്ചടി ആകുമെന്നാണ് കെപിസിസി ഭാരവാഹി യോഗത്തിൻ്റെ വിലയിരുത്തൽ.

അതിനിടെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിൻ്റെ ആദ്യഘട്ടം നേരത്തെ തീര്‍ക്കാനാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞു. എന്യൂമറേഷന്‍ ഫോമിലൂടെയുള്ള വിവരശേഖരണം ഈ മാസം 25ന് പൂര്‍ത്തിയാക്കാൻ ആകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

ആദ്യഘട്ടം പൂര്‍ത്തീകരിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിരിക്കുന്ന അവസാന തിയതി ഡിസംബര്‍ നാല് ആണ്. നവംബര്‍ 25-നകം തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നുള്ളതാണ് വിശ്വാസം. ഓണ്‍ലൈന്‍ ഫോം വിദേശത്തുള്ളവരടക്കം ഉപയോഗിക്കാന്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണം കൂടി നടത്തിയിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.

വാർത്തകൾക്ക് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാം

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.