...
Home News International ടെന്‍ബ്രിഡ്‌ജ്‌ വെല്‍സില്‍ കുടിവെള്ളം കിട്ടാനില്ല; കനത്ത മഴ, സ്‌കൂളുകള്‍ അവധിയിൽ

ടെന്‍ബ്രിഡ്‌ജ്‌ വെല്‍സില്‍ കുടിവെള്ളം കിട്ടാനില്ല; കനത്ത മഴ, സ്‌കൂളുകള്‍ അവധിയിൽ

ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുമോ എന്ന ഭയവുമുണ്ട്

335

കെന്റിലെ ടെന്‍ബ്രിഡ്‌ജ്‌ വെല്‍സില്‍ ജനങ്ങള്‍ മൂന്നുദിവസമായി കുടിവെള്ളം കിട്ടാതെ വലയുന്നു. ഒരു മുന്നറിയിപ്പില്ലാതെ എത്തിയ കുടിവെള്ള ക്ഷാമം ആയതിനാല്‍ പ്രദേശത്തെ കടകളില്‍ ബോട്ടില്‍ വെള്ളം പോലുമില്ല. ബ്രിട്ടനില്‍ ദിവസങ്ങളായി തോരാ മഴയാണ്.

ടെന്‍ബ്രിഡ്‌ജ്‌ വെല്‍സില്‍ വിതരണം ചെയ്യുന്ന സപ്ലൈ ടാങ്കില്‍ മാലിന്യം കലര്‍ന്ന രാസപദാര്‍ത്ഥം വെള്ളം ശുചീകരിക്കാന്‍ ഉപയോഗിച്ചതിനാലാണ് ഈ പ്രതിസന്ധി ഉടലെടുത്തത്. പ്രശ്‌ന പരിഹാരം വേഗം ഉണ്ടാകുമെന്നാണ് കരുതിയതെങ്കിലും കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാന്‍ സമയം എടുക്കും. ഒമ്പത് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയാണ് കൗണ്‍സില്‍ മുന്‍കരുതല്‍ എടുത്തത്. ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുമോ എന്ന ഭയവുമുണ്ട്.

വെള്ളം കിട്ടാതായതോടെ പ്രദേശത്തെ മലയാളികളും ബുദ്ധിമുട്ട് നേരിടുന്നു. ഇതൊരു താല്‍ക്കാലിക പ്രയാസം മാത്രം ആണെങ്കിലും അത് പരിഹരിക്കാന്‍ ബ്രിട്ടന് സാധിക്കാത്ത സാഹചര്യത്തിലാണ് ദേശീയ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. ഓരോ മണിക്കൂറും പ്രതിസന്ധി സംബന്ധിച്ച ലൈവ് വാര്‍ത്തകളുമായി ബിബിസി രണ്ടുദിവസമായി രംഗത്തുണ്ട്.

പരിഹാരം അറിയാതെയായി കുടിവെള്ള വിതരണ ചുമതയുള്ള കമ്പനി സൗത്ത് ഈസ്റ്റ് വാട്ടർ സംവിധാനം . കമ്പനി ചുമതലക്കാരന്‍ ഡേവിഡ് ഹിൻ്റെന്‍ രാജി വെയ്‌ക്കണമെന്ന് പ്രാദേശിക എംപിമാര്‍ അടക്കം ആവശ്യപ്പെട്ടു. പ്രതിസന്ധിക്ക് പരിഹാരമാകാത്ത സാഹചര്യത്തിലാണ് സ്‌കൂളുകള്‍ക്കും മറ്റും അവധി പ്രഖ്യാപിച്ചത്.

അതിനിടെ ശുദ്ധജല പ്രശ്‌നം ഉടന്‍ പരിഹരിക്കാന്‍ സാധ്യത്തിലെന്ന് വ്യക്തമായതോടെ അനേകം മലയാളികള്‍ ജോലി സ്ഥലത്ത്‌ നിന്നും ലീവെടുത്തു സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും സമീപ പ്രദേശങ്ങളിലേക്കുള്ള വീടുകളിലേക്ക് മാറി. മണിക്കൂറുകള്‍ തണുപ്പത്തും മഴയത്തും വഴിയില്‍ കാറുകളില്‍ ക്യൂ നിന്നിട്ടും ഒരു ബോട്ടില്‍ വെള്ളം പോലും കിട്ടാതായ സാഹചര്യത്തിലാണ് മലയാളികള്‍ പലരും വീട് മാറാന്‍ തീരുമാനിച്ചത്.

സതേണ്‍ കമ്പനി അടക്കമുള്ളവര്‍ അഞ്ചു ലിറ്റര്‍ കുപ്പിവെള്ളം വിതരണം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ആവശ്യത്തിൻ്റെ ഒരു ശതമാനം പോലും ആകുന്നില്ല. പ്രശ്‌നം ഉടന്‍ പരിഹരിക്കാനാകും എന്ന കമ്പനിയുടെ അമിത ആത്മ വിശ്വാസമാണ് ഇപ്പോള്‍ പ്രശ്‌നം സങ്കീര്‍ണമാക്കിയതെന്നും വിമര്‍ശം ഉയരുന്നു. മുന്നറിയിപ്പ് ഇല്ലാതെ വെള്ള വിതരണം സ്‌തംഭിച്ചതിനാല്‍ കുടിവെള്ളം ശേഖരിച്ചു വെക്കാന്‍ കഴിഞ്ഞതും ജനങ്ങളുടെ ബുദ്ധിമുട്ട് ഇരട്ടിയാക്കി.

തിങ്കളാഴ്‌ച മൂന്നാം ദിവസം വെള്ളം കിട്ടാതായതോടെ ജനരോഷം ശക്തമായിരിക്കുകയാണ് എന്ന് ബിബിസി റിപ്പോര്‍ട്ട് അടക്കം വെളിപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് കമ്പനി മേധാവി രാജി വെച്ച് അന്വേഷണം നേരിടണം എന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ടെന്‍ബ്രിഡ്‌ജ് വെല്‍ജിന് ഒപ്പം ഈസ്റ്റ് സസെക്‌സിലെ ഫ്രന്റ് എന്ന സ്ഥലത്ത് കൂടി വെള്ളം മുടങ്ങിയതോടെയാണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കാന്‍ തീരുമാനം ആയത്.

വൃദ്ധ ജനങ്ങള്‍ ഏറെയുള്ള ഈ പ്രദേശത്ത് കുടിവെള്ളം മുടങ്ങിയതോടെ ഏറെ കഷ്‌ടപെടുന്നതായും മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മൈലുകളോളം ദൂരെ നിന്നും മക്കളും ബന്ധുക്കളും ഒക്കെ എത്തിയാണ് വൃദ്ധ ജനങ്ങളില്‍ മിക്കവര്‍ക്കും അല്‍പം കുടിവെള്ളം ശേഖരിച്ചു നല്‍കിയത്. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയവയൊക്കെ തുടര്‍ച്ചയായ ദിവസങ്ങളില്‍ അടച്ചിടേണ്ടി വന്നതോടെയുള്ള വ്യാപാര നഷ്‌ടവും ഭീമമാണ്.

പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ അര്‍ദ്ധ സൈനിക വിഭാഗത്തിൻ്റെ സഹായം തേടേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത് ഹോസ് പൈപ്പ് വിലക്ക് ഏര്‍പ്പെടുത്തിയ കമ്പനി ഈ മഴക്കാലത്തും ആ നിരോധനം പിന്‍വലിച്ചിട്ടില്ല എന്നതാണ് അവരുടെ കാര്യക്ഷമത ഇല്ലായ്‌മക്ക് ജനങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഉദാഹരണം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.