ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റങ്ങൾക്ക് മുന്നിൽ സംസ്ഥാന സർക്കാർ ഒരിക്കലും മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (IFFK) സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര വാർത്താവിനിമയ-പ്രക്ഷേപണ മന്ത്രാലയം മേളയിൽ അസാധാരണമായ പ്രതിസന്ധി സൃഷ്ടിച്ചുവെന്നും, 19 സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചതിലൂടെ മേളയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഗുരുതരമായ ഇടപെടൽ നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
ഭിന്നസ്വരങ്ങളെയും വൈവിധ്യമാർന്ന സർഗ്ഗാവിഷ്കാരങ്ങളെയും അടിച്ചമർത്തുന്ന സംഘപരിവാർ നയങ്ങളുടെ ഒടുവിലത്തെ ഉദാഹരണമായാണ് ഈ നടപടികളെ കാണേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ തീരുമാനങ്ങൾ അങ്ങേയറ്റം അപഹാസ്യമായതാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. ‘ബീഫ്’ എന്ന പേരിലുള്ള സ്പാനിഷ് സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ച നടപടിയും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ബീഫ്’ എന്ന വാക്കിന് അവർക്കൊരു അർത്ഥമേ ഉള്ളൂവെങ്കിലും, ആ സിനിമയ്ക്ക് ബീഫ് എന്ന ഭക്ഷണപദാർത്ഥവുമായി യാതൊരു ബന്ധവുമില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്പാനിഷ് ജനപ്രിയ സംഗീതമായ ഹിപ്ഹോപ്പുമായി ബന്ധപ്പെട്ട സിനിമയായിരുന്നുവെന്നും, ഹിപ്ഹോപ്പ് സംസ്കാരത്തിൽ ‘ബീഫ്’ എന്നത് പോരാട്ടം, കലഹം തുടങ്ങിയ അർത്ഥങ്ങളിലാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
‘ബീഫ്’ എന്ന് കേട്ടയുടൻ അത് ഇവിടെ ഉപയോഗിക്കുന്ന അർത്ഥത്തിൽ കണക്കാക്കി എതിർക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും, ഒടുവിൽ തങ്ങൾ ഉദ്ദേശിച്ച ബീഫല്ല അതെന്ന് മനസിലായപ്പോഴാണ് ആ സിനിമയടക്കം ചില ചിത്രങ്ങൾക്ക് പ്രദർശനാനുമതി നൽകേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.
സിനിമകൾക്ക് അനുമതി നിഷേധിച്ചത് കേന്ദ്ര മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരുടെ അജ്ഞത മൂലമുണ്ടായ സാങ്കേതിക പിഴവല്ലെന്നും, 30 വർഷം പഴക്കമുള്ള ഐഎഫ്എഫ്കെയെ ഞെരിച്ചുകൊല്ലാനുള്ള സ്വേച്ഛാധിപത്യപരമായ ശ്രമങ്ങളാണ് ഇതിനുപിന്നിലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.



